മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു; മോദിയ്‌ക്കെതിരായ ബിബിസി ഡോക്യുമെന്ററിയിൽ പ്രതികരിച്ച് യുഎസ്

(www.kl14onlinenews.com)
(26-Jan-2023)

മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു; മോദിയ്‌ക്കെതിരായ ബിബിസി ഡോക്യുമെന്ററിയിൽ പ്രതികരിച്ച് യുഎസ്
വാഷിങ്ടൺ :
ആവിഷ്‌കാര, അഭിപ്രായ സ്വാതന്ത്ര്യം പോലെയുള്ള ജനാധിപത്യ മൂല്യങ്ങൾ ഇന്ത്യയുൾപ്പെടെയുള്ള എല്ലാ രാഷ്ട്രങ്ങളും പിന്തുടരണണെന്ന് യുഎസ് വക്താവ് നെഡ് പ്രെസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിവാദം മാദ്ധ്യമ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന കാര്യമാണെന്നും നെഡ് പ്രെസ് പറഞ്ഞു. വാഷിംഗ്ടൺ പത്രസ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുന്നുവെന്നും നെഡ് പ്രെസ് കൂട്ടിച്ചേർത്തു.

ലോകമെമ്പാടുമുള്ള സ്വതന്ത്ര മാധ്യമങ്ങളെ വാഷിംഗ്ടൺ പിന്തുണയ്ക്കുന്നുവെന്നും അഭിപ്രായ സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ തത്ത്വങ്ങൾ ഉയർത്തിക്കാട്ടേണ്ടത് വളരെ പ്രാധാന്യമുള്ള കാര്യമാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ബുധനാഴ്ച മാദ്ധ്യമങ്ങളോട് പറഞ്ഞു. മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് ഞങ്ങൾ മനസിലാ്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം തുടങ്ങിയ മാനുഷിക മൂല്യങ്ങളാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതെന്ന് ബിബിസിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി നെഡ് പ്രെസ്സ് പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം ഡോക്യുമെന്ററിയെ കുറിച്ചറിയില്ലെന്നും എന്നാൽ, ഊർജ്ജസ്വലമായ രണ്ടു ജനാധിപത്യ രാജ്യങ്ങളെന്ന നിലയിൽ ഇന്ത്യയും യു.എസും പങ്കിടുന്ന മൂല്യങ്ങളെ കുറിച്ച് തനിക്കറിയാമെന്നും നെഡ് പ്രെസ് പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച്ച യുകെ പ്രധാനമന്ത്രി ഋഷി സുനക്കും ബിബിസി ഡോക്യുമെന്ററിയെ കുറിച്ച് പ്രതികരിക്കുന്നതിൽ നിന്നും അകലം പാലിച്ചിരുന്നു.

2002ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന കലാപത്തെ കുറിച്ച് രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയാണ് ബിബിസി പുറത്തുവിട്ടത്. ഡോക്യുമെന്ററി വലിയ വിവാദത്തിന് കാരണമായതിനാൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് കേന്ദ്രസർക്കാർ നീക്കം ചെയ്തിരുന്നു. തികച്ചും പക്ഷപാതപരമാണെന്ന് അവകാശപ്പെട്ടാണ് ബിബിസി വാർത്തയോട് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്


Post a Comment

Previous Post Next Post