വൈദ്യ പരിശോധനക്കിടെ രക്ഷപ്പെടാന്‍ പോക്‌സോ കേസിലെ പ്രതിയുടെ ശ്രമം; ഓടിയെത്തി തടഞ്ഞുനിര്‍ത്തി മാധ്യമപ്രവര്‍ത്തകന്‍

(www.kl14onlinenews.com)
(30-Jan-2023)

വൈദ്യ പരിശോധനക്കിടെ രക്ഷപ്പെടാന്‍ പോക്‌സോ കേസിലെ പ്രതിയുടെ ശ്രമം; ഓടിയെത്തി തടഞ്ഞുനിര്‍ത്തി മാധ്യമപ്രവര്‍ത്തകന്‍
കാസർകോട് :പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പോക്‌സോ കേസിലെ പ്രതിയെ മാധ്യമപ്രവര്‍ത്തകന്‍ കീഴ്‌പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ കോട്ടക്കണ്ണി സ്വദേശി അബ്ദുല്‍ കലന്തര്‍ എന്ന കലന്തര്‍ ഷാഫി (27) ആണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് കാസര്‍കോട് ബ്യൂറോയിലെ ക്യാമറാമാന്‍ സുനില്‍ കുമാറാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

നാല് മാസം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. 17 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി രഹസ്യ കേന്ദ്രത്തില്‍ വെച്ച് മാസങ്ങളോളം പീഡിപ്പിച്ചുവെന്നാണ് ഷാഫിക്ക് എതിരെയുള്ള കേസ്. ഗോവ, കര്‍ണാടക എന്നീ സ്ഥലങ്ങളില്‍ കൊണ്ട് പോയായിരുന്നു പീഡനം. ഇയാള്‍ക്കായി പൊലീസ് പലയിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ഷാഫിയുടെ ചിത്രം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പൊലീസ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. അതുകണ്ട് കര്‍ണാടക ബല്‍ത്തങ്ങാടിയിലെ മലയാളി നല്‍കിയ വിവരത്തെ തുടര്‍ന്ന് വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ പി. പ്രമോദും സംഘവുമാണ് ഇരുവരെയും ബല്‍ത്തങ്ങാടിയിലെ വാടക വീട്ടില്‍ വെച്ച് പിടികൂടിയത്.

അറസ്റ്റിലായ ഷാഫി വൈദ്യ പരിശോധനക്കിടെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. വിലങ്ങുമായി ആസ്പത്രിയില്‍നിന്ന് ഇറങ്ങിയോടുന്നത് കണ്ട് സംശയം തോന്നിയ ചാനല്‍ ക്യാമറാമാന്‍ സുനില്‍ കുമാര്‍ പ്രതിയെ കീഴടക്കുകയായിരുന്നു.


Post a Comment

Previous Post Next Post