6 മാസത്തിലേറെ പുറത്തു താമസിച്ച യുഎഇ റസിഡൻസി വീസക്കാർക്ക് റീ എൻട്രി പെർമിറ്റിന് അപേക്ഷിക്കാം

(www.kl14onlinenews.com)
(30-Jan-2023)

6 മാസത്തിലേറെ പുറത്തു താമസിച്ച യുഎഇ റസിഡൻസി വീസക്കാർക്ക് റീ എൻട്രി പെർമിറ്റിന് അപേക്ഷിക്കാം
ദുബായ്:ആറു മാസത്തിലേറെ രാജ്യത്തിനു പുറത്ത് താമസിക്കുന്ന യുഎഇ റസിഡൻസി വീസക്കാർക്ക് വീണ്ടും രാജ്യത്തു പ്രവേശിക്കാനുള്ള പെർമിറ്റിന് അപേക്ഷിക്കാമെന്ന് റിപ്പോർട്ട്. എന്നാൽ ഇത്തരക്കാർ ഇത്രയും കാലം രാജ്യത്തിനു പുറത്തു താമസിച്ചതിനു തെളിവ് സഹിതം കാരണം വ്യക്തമാക്കേണ്ടിവരും. ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി ട്രാവൽ, ടൈപ്പിങ് സെന്റർ ഏജന്റുമാർ സ്ഥിരീകരിച്ചു. ചികിത്സയ്ക്കും മറ്റുമായി ഇന്ത്യയിലെത്തി ആറു മാസം പിന്നിട്ട മലയാളികളുൾപ്പെടെ ഒട്ടേറെ റെസിഡൻസി വീസക്കാർക്ക് പുതിയ നിയമം ഗുണകരമാകും.

താമസക്കാർക്ക് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) വെബ്സൈറ്റിൽ സേവനത്തിനായി 'സ്മാർട്ട് സേവനങ്ങൾ' എന്നതിനു കീഴിൽ അപേക്ഷിക്കാം. '6 മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് താമസിക്കുന്നതിനുള്ള പെർമിറ്റ് ഇഷ്യൂ ചെയ്യുക' എന്നാണ് ഈ സേവനത്തിന്റെ പേര്. ഐസിപിയിൽ നിന്ന് ഒരു അംഗീകാര ഇ–മെയിൽ ലഭിച്ചതിന് ശേഷം മാത്രമേ അപേക്ഷകന് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ കഴിയൂ. അംഗീകാര പ്രക്രിയ പൂർത്തിയാകാന്‍ അഞ്ച് ദിവസമെങ്കിലും വേണ്ടിവരും. സേവനം പ്രയോജനപ്പെടുത്തുന്നതിന് അപേക്ഷകർ അവരുടെയും അവരുടെ സ്പോൺസർമാരുടെയും വിശദാംശങ്ങളും പാസ്‌പോർട്ടും താമസവുമായി ബന്ധപ്പെട്ട വിവരങ്ങളും നൽകണം. അപേക്ഷയിലെ നിർബന്ധിത ഫീൽഡ് ആറ് മാസമോ അതിൽ കൂടുതലോ രാജ്യത്തിന് പുറത്ത് താമസിക്കാനുള്ള കാരണം ആവശ്യപ്പെടുന്നു.

താമസക്കാരൻ 180 ദിവസം രാജ്യത്തിന് പുറത്താണെങ്കിൽ സാധാരണഗതിയിൽ സ്വയമേവ റസിഡൻസി റദ്ദാക്കപ്പെടും. എന്നാൽ ഗോൾഡൻ വീസക്കാർക്ക് ഇത് ബാധകമല്ല. അവർക്ക് അവരുടെ താമസ നിലയെ ബാധിക്കാതെ ആവശ്യമുള്ളിടത്തോളം വിദേശത്ത് തുടരാം. അടുത്തിടെ നടപ്പിലാക്കിയ വീസ, റെസിഡൻസി സമ്പ്രദായത്തിൽ വരുത്തിയ മാറ്റങ്ങളുടെ ഏറ്റവും പുതിയതാണ് എൻട്രി പെർമിറ്റ് സംവിധാനം. വീസ, എമിറേറ്റ്‌സ് ഐഡികൾ എന്നിവ ഉൾപ്പെടെയുള്ള ഐസിപി സേവനങ്ങൾ ലഭിക്കുന്നതിനുള്ള ഫീസ് ഈ മാസം ആദ്യം 100 ദിർഹമായി വർധിപ്പിച്ചിരുന്നു.

സന്ദർശക വീസ ഇനി യുഎഇയിൽ നീട്ടാൻ കഴിയില്ല

സന്ദർശക വീസക്കാർക്ക് യുഎഇയിൽ നിന്ന് തന്നെ കാലാവധി നീട്ടാനുള്ള സംവിധാനം അടുത്തിടെ റദ്ദാക്കിയിരുന്നു. സന്ദർശകർ രാജ്യം വിട്ട് പുതിയ വീസയിൽ തിരികെ വരണം. യുഎഇയുടെ അയൽ രാജ്യങ്ങളായ ഒമാൻ, ഇറാൻ, സൗദി തുടങ്ങിയയിടങ്ങളിൽ ചെന്നാണ് ഇപ്പോൾ പലരും പുതിയ സന്ദർശക വീസയിലെത്തുന്നത്. മലയാളികളടക്കം ഇന്ത്യക്കാർ വിമാന നിരക്ക് നോക്കി സ്വന്തം രാജ്യത്ത് ചെന്നും വീസ മാറ്റുന്നു.

പിഴ 50 ദിർഹമായി ഏകീകരിച്ചു

ഐസിപി അടുത്തിടെ രാജ്യത്ത് വീസയിൽ കൂടുതൽ തങ്ങുന്നതിനുള്ള പിഴ 50 ദിർഹമായി ഏകീകരിച്ചു. ടൂറിസ്റ്റ്, സന്ദർശക വീസക്കാർ 100 ദിർഹത്തിന് പകരം 50 ദിർഹം നൽകിയാൽ മതി. എന്നാൽ, റെസിഡൻസി വീസയിൽ താമസിക്കുന്നവർ 25 ദിർഹത്തിന് പകരം 50 ദിർഹം നൽകേണ്ടിവരും.

യുഎഇയിലെ ഏറ്റവും വലിയ എൻട്രി, റെസിഡൻസി വീസ പരിഷ്കാരങ്ങൾ കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രാബല്യത്തിൽ വന്നു. വിപുലീകരിച്ച ഗോൾഡൻ വീസ പദ്ധതി ഉൾപ്പെടെ, റെസിഡൻസിയുടെ എല്ലാ വശങ്ങളും പരിഷ്കാരങ്ങൾ ഉൾക്കൊള്ളുന്നു. പുതിയ അഞ്ച് വർഷത്തെ ഗ്രീൻ റെസിഡൻസി; മൾട്ടിപ്പിൾ എൻട്രി അഞ്ച് വർഷത്തെ ടൂറിസ്റ്റ് വീസ, ജോലി അന്വേഷിക്കാനുള്ള പ്രവേശന പെർമിറ്റുകളും അനുവദിച്ചു.

Post a Comment

Previous Post Next Post