(www.kl14onlinenews.com)
(12-Mar-2025)
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മരുമകനെന്ന നിലയിൽ പാർട്ടിയിൽ പരിഗണന കിട്ടിയെന്നത് ഒരു ചെറുവിഭാഗം ഉയർത്തുന്ന ആരോപണം മാത്രമാണെന്ന് സംസ്ഥാന പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ഐഇ മലയാളം പോഡ്കാസ്റ്റ് വർത്തമാനത്തിലാണ് റിയാസ് ഇക്കാര്യം വ്യക്തമാക്കിയത്.
നമ്മൾ പ്രവർത്തിക്കുമ്പോൾ ഒറ്റയ്ക്കല്ല. കൂടെ പ്രവർത്തിക്കുന്ന ഒരുപാട് പേരുണ്ട്. നമ്മൾ എപ്പോൾ പ്രവർത്തനം തുടങ്ങി, എന്ന് പ്രവർത്തനം തുടങ്ങിയെന്നത് കൂടെ പ്രവർത്തിച്ചവർക്കറിയാം. ഇത് പത്രത്തിൽ പരസ്യം കൊടുക്കേണ്ട കാര്യമില്ല. കേരളത്തിന്റെ മുക്കിലും മൂലയിലും സംഘടനാ പ്രവർത്തനം നടത്തിയിട്ടുണ്ട്. എനിക്കൊപ്പം പ്രവർത്തിച്ചവർ തന്നെ ഇത്തരം ആരോപണം പ്രതിരോധിക്കുമെന്ന് റിയാസ് പറഞ്ഞു. സംഘടനെയന്നത് വ്യക്തിയല്ലെന്നും അതൊരു കൂട്ടം ആളുകളാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കേരളീയ സമൂഹം വ്യക്തിഹത്യ അംഗീകരിക്കില്ലെന്നും റിയാസ് പറഞ്ഞു. രാഷ്ട്രീയത്തിൽ വ്യക്തിഹത്യ നല്ലതല്ല. ആരുമായിക്കോട്ടെ രാഷ്ട്രീയമായി പറയേണ്ടവയെ രാഷ്ട്രീയമായി പറയണം. അതിന് പകരം വ്യക്തിഹത്യ നടത്തുന്നത് രാഷ്ട്രീയത്തിൽ നല്ലതല്ല.ഇത്തരം കാര്യങ്ങൾ കേരളീയ സമൂഹം അംഗീകരിക്കില്ല- റിയാസ് പറഞ്ഞു.
Post a Comment