വയനാട് ടൗൺഷിപ്പ് യാഥാർത്ഥ്യമാകുന്നു; തറക്കല്ലിടൽ മാർച്ച് 27നെന്ന് മന്ത്രി

വയനാട് ടൗൺഷിപ്പ് യാഥാർത്ഥ്യമാകുന്നു; തറക്കല്ലിടൽ മാർച്ച് 27നെന്ന് മന്ത്രി

വയനാട് ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിന് തറക്കല്ലിടല്‍ ഈ മാസം നടക്കും. മാര്‍ച്ച് 27ന് തറക്കല്ലിടുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ ചൊവ്വാഴ്ച നിയമസഭയിൽ അറിയിച്ചു. അഭിമാനകരമായ ദുരന്ത ദിവാരണ പ്രക്രിയയിലാണ് സർക്കാറെന്നും മന്ത്രി പറഞ്ഞു. കൃത്യം മാനദണ്ഡങ്ങൾ പാലിച്ചാണ് പുനരധിവാസ പട്ടിക തയ്യാറാക്കിയത്. 120 കോടി രൂപ ഉപയോഗിച്ച് റോഡുകൾ പുനർനിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.

വയനാടിനായി രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുമെന്നും എല്ലാവരും ഒരുമിച്ച് തന്നെ ഇക്കാര്യത്തിനായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ടോപ്പോഗ്രാഫിക്കല്‍ സര്‍വേയും ജിയോളജിക്കല്‍ സര്‍വേയും ഹൈഡ്രോളജിക്കല്‍ സര്‍വേയും സോയില്‍ ടെസ്റ്റിങ്ങും കഴിഞ്ഞ് ബോണ്ട് അനുസരിച്ച് ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. കടങ്ങള്‍ എഴുതി തള്ളുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നുവെന്നും കേന്ദ്രത്തിന്റെ നിലപാട് വിമര്‍ശനാത്മകമാണെന്നും ചൂരല്‍മലയില്‍ നിങ്ങള്‍ ഞങ്ങള്‍ എന്നൊന്നുമില്ലെന്നും പ്രതിപക്ഷത്തോടൊപ്പം ഒരുമിച്ച് കൂട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദുരന്ത ബാധിതരായ 1112 കുടുംബങ്ങളുടെ പുനരധിവാസത്തിനായി മൈക്രോ പ്ലാനുള്‍പ്പെടെ നടത്തിയിട്ടുണ്ടെന്നും തുടര്‍ ചികിത്സയ്ക്ക് പണം കൊടുക്കുന്നതിനായി സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാണെന്നും അഞ്ച് ലക്ഷം രൂപയുടെ ബാധ്യതയൊന്നുമില്ലെന്നും ചികിത്സയ്ക്കായി പൂര്‍ണ ചെലവും കേരള സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ നിർദ്ദിഷ്‌ട ടൗൺഷിപ്പിൽ ഒരു വീട് നിർമ്മിക്കാനുള്ള സ്പോൺസർഷിപ്പ് തുക 20 ലക്ഷം രൂപയായി സർക്കാർ നിശ്ചയിച്ചിരുന്നു. നേരത്തെ ഒരു വീടിന് 25 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ് കണക്കാക്കിയിരുന്നത്. ഇതിലാണ് ഇപ്പോൾ മാറ്റം. ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ടൗൺഷിപ്പിനായി എൽസ്റ്റൺ എസ്റ്റേറ്റ് മാത്രം ഏറ്റെടുക്കാനും ഒരു കുടുംബത്തിന് ഏഴ് സെൻ്റ് ഭൂമിയിൽ വീട് നിർമ്മിക്കാനും തീരുമാനിച്ച സർക്കാർ, റസിഡൻഷ്യൽ യൂണിറ്റായി ലഭിച്ച ഭൂമിയും വീടും 12 വർഷത്തേയ്ക്ക് അന്യാധീനപ്പെടുത്താൻ പാടില്ലെന്ന നിബന്ധനയുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്

Post a Comment

Previous Post Next Post