കിവീകളുടെ ചിറകരിഞ്ഞു; ചാംപ്യൻസ് ട്രോഫി കിരീടം ഇന്ത്യക്ക്

(www.kl14onlinenews.com)
(09-Mar-2025)

കിവീകളുടെ ചിറകരിഞ്ഞു; ചാംപ്യൻസ് ട്രോഫി കിരീടം ഇന്ത്യക്ക്

ദുബായ് :
ചാംപ്യൻസ് ട്രോഫി കിരീട നേട്ടത്തിന് പിന്നാലെ ഐസിസി ടൂർണമെന്റുകളിൽ കാലിടറി വീഴുന്ന ഇന്ത്യയെയാണ് കണ്ടിരുന്നത്. എന്നാൽ 2024ൽ ട്വന്റി20 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച് രോഹിത് ഈ പതിവ് തെറ്റിച്ചു. ഇപ്പോൾ ഇതാ മൂന്നാം വട്ടം ചാംപ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. ന്യൂസിലൻഡ് മുൻപിൽ വെച്ച 252 റൺസ് വിജയ ലക്ഷ്യം ഇന്ത്യ ആറ്  വിക്കറ്റ് നഷ്ടത്തിൽ  ആറ് പന്തുകൾ ശേഷിക്കെ മറികടന്നു. 

രോഹിത് ശർമ നൽകിയ മിന്നും തുടക്കമാണ് ചെയ്സിങ്ങിൽ ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ടത്. ഇന്ത്യൻ ഓപ്പണിങ് സഖ്യത്തെ ന്യൂസിലൻഡിന് പിരിക്കാനായത് 105 റൺസിലേക്ക് എത്തിയപ്പോൾ. എന്നാൽ ഗില്ലിനെ പുറത്താക്കിയതിന് പിന്നാലെ കോഹ്ലിയും രണ്ടക്കം കടക്കാതെ പുറത്തായി. പിന്നാലെ  മികച്ച ഫോമിൽ കളിച്ച ക്യാപ്റ്റനേയും നഷ്ടമായതോടെ ഇന്ത്യ സമ്മർദത്തിലേക്ക് വീണു.

 എന്നാൽ അക്ഷറും ശ്രേയസും ചേർന്ന് അർധ ശതക കൂട്ടുകെട്ട് കണ്ടെത്തി. പക്ഷേ 48 റൺസിൽ നിൽക്കെ ശ്രേയസിനെ മടക്കി ന്യൂസിലൻഡ് ക്യാപ്റ്റൻ സാന്ത്നറുടെ പ്രഹരം. ശ്രേയസ് മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ 183. ബ്രേസ് വെൽ അക്ഷർ പട്ടേലിനേയും മടക്കിയതോടെ അഞ്ച് വിക്കറ്റ് നഷ്ടത്തിലേക്ക് ഇന്ത്യ വീണു. 

അക്ഷറിന്റെ വിക്കറ്റ് വീഴുമ്പോൾ ഇന്ത്യക്ക് ഏഴ് ഓവറിൽ നിന്ന് ജയിക്കാൻ 46 റൺസ് കൂടി വേണം എന്ന അവസ്ഥയിലായിരുന്നു. എന്നാൽ ഹർദിക് പാണ്ഡ്യയും രാഹുലും സമ്മർദത്തെ അതിജീവിച്ച് അവസരത്തിനൊത്ത് ഉയർന്ന് കളിച്ചു. എന്നാൽ ജയത്തിന് അരികിൽ നിൽക്കെ ഹർദിക് മടങ്ങി. പക്ഷേ 48ാം ഓവറിലെ അവസാന പന്ത് ബൗണ്ടറി കടത്തി ജഡേജ ഇന്ത്യക്കായി വിജയ റൺ കുറിച്ചു.

ടൂർണമെന്റിൽ സ്കോർ ഉയർത്താൻ പ്രയാസപ്പെട്ടിരുന്ന രോഹിത് 83 പന്തിൽ നിന്നാണ് 76 റൺസ് എടുത്തത്. ഏഴ് ഫോറും മൂന്ന് സിക്സും രോഹിത്തിന്റെ ബാറ്റിൽ നിന്ന് വന്നു. 50 പന്തിൽ നിന്നാണ് ഗിൽ 31 റൺസ് എടുത്തത്. 33 റൺസ് എടുത്ത് രാഹുൽ പുറത്താവാതെ നിന്നു. ഹർദിക് പാണ്ഡ്യ 18 റൺസ് എടുത്ത് പുറത്തായി

Post a Comment

Previous Post Next Post