അഞ്ച് സ്പിന്നർമാരുമായി പോയതിന് പരിഹാസം; കിരീടം ചൂടി മരണ മാസ് മറുപടി

അഞ്ച് സ്പിന്നർമാരുമായി പോയതിന് പരിഹാസം; കിരീടം ചൂടി മരണ മാസ് മറുപടി  

ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ സ്ക്വാഡിനെ ഇന്ത്യ പ്രഖ്യാപിച്ചപ്പോൾ പല ഇടത്ത് നിന്നായി പരിഹാസങ്ങൾ ഉയർന്നു. അഞ്ച് സ്പിന്നർമാരുമായി ഇന്ത്യ ചാംപ്യൻസ് ട്രോഫിക്കായി പറക്കുന്നു എന്ന് പറഞ്ഞായിരുന്നു പരിഹാസങ്ങൾ. എന്നാൽ ചാംപ്യൻസ് ട്രോഫി കലാശപ്പോരിൽ നാല് സ്പിന്നർമാരെ ഇറക്കി ന്യൂസിലൻഡിനെ വരിഞ്ഞു മുറുക്കി ഒടുവിൽ കിരീടത്തിലും മുത്തമിട്ട് രോഹിത്തിന്റേയും ഗംഭീറിന്റേയും ടീം സെലക്ഷൻ കമ്മറ്റിയുടേയും മാസ് മറുപടി. 

ഗംഭീര ഫോമിൽ നിൽക്കവെയാണ് രചിനും വില്യംസണും എല്ലാം ഫൈനൽ കളിക്കാൻ എത്തിയത്. രചിൻ ന്യൂസിലൻഡിന് മികച്ച തുടക്കം നൽകി ഇന്ത്യൻ ഫാസ്റ്റ് ബോളർമാർക്കെതിരെ ആഞ്ഞടിച്ച് കളിച്ചു. ഇതോടെ ആറാം ഓവറിൽ രോഹിത് പന്ത് തന്റെ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയുടെ കൈകളിലേക്ക് നൽകി. തന്റെ രണ്ടാം ഓവറിൽ ന്യൂസിലൻഡ് ഓപ്പണർ വിൽ യങ്ങിനെ വരുൺ വീഴ്ത്തി. 

തന്റെ ആദ്യ പന്തിൽ തന്നെ രചിനെ മടക്കിയാണ് ഇന്ത്യയുടെ ഇടംകയ്യൻ റിസ്റ്റ് ആം സ്പിന്നർ കുൽദീപ് ക്യാപ്റ്റന്റെ വിശ്വാസം കാത്തത്. തൊട്ടുപിന്നാലെ വില്യംസണിനേയും വീഴ്ത്തി. കഴിഞ്ഞ കളിയിൽ സെഞ്ചുറി നേടിയ രണ്ട് പേരും മടങ്ങിയതോടെ കിവീസ് ബാക്ക്ഫൂട്ടിലായി. 

13 ഓവറോളം ന്യൂസിലൻഡിനെ ബൗണ്ടറി തൊടീക്കാതെ ഇന്ത്യൻ സ്പിന്നർമാർ വരിഞ്ഞു മുറുക്കി. ഇന്ത്യൻ സ്പിന്നർമാരിൽ ഒരാളുടെ ഇക്കണോമി പോലും അഞ്ച് തൊട്ടിട്ടില്ല. രവീന്ദ്ര ജഡേജയുടെ ഇക്കണോമി മൂന്നും. സ്പിന്നർമാരെ നിറച്ച് ചാംപ്യൻസ് ട്രോഫി കളിക്കാൻ പുറപ്പെട്ട ഇന്ത്യയെ പരിഹസിച്ചവർ ഇപ്പോൾ എന്ത് പറയുന്നു. 

നിങ്ങളുടെ കണ്ണിലാണ് അവർ അഞ്ച് സ്പിന്നർമാർ

അഞ്ച് സ്പിന്നർമാർ എന്തിന് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇന്ത്യൻ ക്യാപ്റ്റൻ നൽകുകയും ചെയ്തിരുന്നു. " നിങ്ങളുടെ കണ്ണിലാണ് അഞ്ച് സ്പിന്നർമാരുള്ളത്. രണ്ട് പേർ ഓൾറൗണ്ടർമാരാണ്. പേസ് ബോളിങ് ഓൾറൗണ്ടർമാരെ മറ്റ് ടീമുകൾ ഉൾപ്പെടെ ഇതുപോലെ സ്ക്വാഡിൽ നിറയ്ക്കുമ്പോൾ നിങ്ങൾ ഇതുപോലെ ചോദ്യവുമായി എത്താറുണ്ടോ?" രോഹിത്തിന്റെ നിലപാട് വ്യക്തം. 

ഇനി കണക്ക് നോക്കാം. ചാംപ്യൻസ് ട്രോഫിയിൽ വരുൺ ചക്രവർത്തി വീഴ്ത്തിയത് 9 വിക്കറ്റ്, കുൽദീപ് യാദവ് 7 വിക്കറ്റ്, അക്സർ പട്ടേൽ 5 വിക്കറ്റ്, ജഡേജ 5 വിക്കറ്റ്. ഇന്ത്യൻ സ്പിന്നർമാർ ആധിപത്യം പുലർത്തിയ മത്സരങ്ങൾക്കാണ് ടൂർണമെന്റ് സാക്ഷ്യംവഹിച്ചത്.

Post a Comment

Previous Post Next Post