എൻ്റെ അനുഭവംക്യാൻസർ ഒരു മാറാരോഗമല്ല!

(www.kl14onlinenews.com)
(24-Mar-2025)

എൻ്റെ അനുഭവം
ക്യാൻസർ ഒരു മാറാരോഗമല്ല!
 
✍🏻 സകരിയ 
കുറ്റികോൽ ഉമ്മർ മൗലവി

(ഭാഗം ഒന്ന്)
ഇന്ന് നമ്മുടെ നാട്ടിൽ സാർവത്രികമായി കണ്ടുവരുന്ന രോഗമാണ് ക്യാൻസർ. ആദ്യമൊക്കെ ഞെട്ടലും പരിഭ്രാ ന്തിയുമൊക്കെ തോന്നുമെങ്കിലും പിന്നീടത് പിടിപ്പെട്ടയാളുടെ വിധിക്ക് വിട്ട് അയാളെ മരണത്തിലേക്ക് തള്ളിവിടുന്ന പ്രതീതിയാണ്. ഇപ്പോൾ ഇടവിട്ട വീടുകളിലാണ് രോഗമുള്ളതെങ്കിലും അത് വൈകാതെ തന്നെ നമ്മുടെ ഓരോ വീട്ടിലും എത്തും. അതിന് പ്രധാന കാരണം ഇന്നത്തെ ജീവിത രീതി തന്നെയാണെന്ന് നിസ്സംശയം പറയാം. ഇന്ന് ക്യാൻസർ രോഗസാധ്യത ഉണ്ടെന്നറിഞ്ഞാൽ മുളയിലേ നുള്ളി ക്കളയാനുള്ള എല്ലാവിധ ചികിത്സാസൗകര്യങ്ങളും നമ്മുടെ കേരളത്തിൽ തന്നെ ലഭ്യമാണ്. അത് ആരും തന്നെ അറിയാതെ പോകുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. നമ്മുടെ ശരീരത്തിലെ ഏതെങ്കിലും ഭാഗത്ത് എന്തെങ്കിലും അസ്വഭാവികത ശ്രദ്ധയിൽപെടുമ്പോൽ തന്നെ കൃത്യമായ പരിശോധന കൾക്ക് വിധേയമാകാൻ ശ്രമിക്കണം. അതിന് പറ്റിയ എല്ലാവിധ അത്യാധുനിക രീതിയിലുള്ള ഒരുപാട് ഹോസ്‌പിറ്റലുകൾ നമ്മു ടെ നാട്ടിലുണ്ട്.എന്നിട്ടും ആരും അറിഞ്ഞുപോകരുതെന്ന മട്ടിൽ ഏറ്റവും സാധാരണ ഹോസ്‌പിറ്റലിൽ പോയി വേദനാ സംഹാരികളോ മറ്റു മരുന്നുകളോ വാങ്ങി കഴിക്കും. കൃത്യമായ പരിശോധനകളില്ലാതെ ഡോക്‌ടറുടെ കുറിപ്പടികളില്ലാതെ സ്വയം ചികിത്സിക്കുന്നവരുമുണ്ട്. അല്ലെങ്കിൽ കുറേ മരുന്ന് കഴിച്ചിട്ടും മാറുന്നില്ലെങ്കിൽ പിന്നീട് ചെല്ലുന്നത് ആത്മീയ ചികിത്സാ കേന്ദ്രങ്ങളിലേക്കാണ്.

 ക്യാൻസർ പോലോത്ത മാരകരോഗങ്ങൾക്ക് ആത്മീയ ചികിത്സകൊണ്ടുമാത്രം മുന്നോട്ട് കൊണ്ടുപോകുന്നത് ഏറെ ആശങ്കജനകമാണ്. എന്നുവെച്ച് അതിനെ പാടെ നിരസിക്കുകയോ നിരാകരിക്കുന്നതോ അല്ല. അതൊരു തെറ്റായ രീതി എന്നതാണ്' ഇവിടെ ഉദ്ധേശിച്ചത്. ഹോസ്‌പിറ്റലിൽ ചികിത്സിക്കേണ്ടതിന് ഹോസ്‌പിറ്റലിൽ തന്നെ പോകുന്നതല്ലേ നല്ലത് ..?

ചിലയാളുകൾ എന്തെങ്കിലും അസുഖം വന്നാൽ ആരോടും ഒന്നും പറയാതെ അത് മൂർച്ഛിക്കും വരേ മൂടിവെക്കും പുറത്ത് അിറയുമ്പോഴേക്കും ആ രോഗത്തിന് മരുന്നുണ്ടാവില്ല. കാരണം മെഡിക്കൽ സ്റ്റേറ്റ്‌മെൻ്റിൽ കാൻസറിൻ്റെ പല സ്റ്റേ ജുകൾ പിന്നിട്ടു കഴിഞ്ഞു എന്നത് തന്നെ. കാൻസറിൻ്റെ സൂചനകൾ കിട്ടുന്നപാടെ രോഗ വിവരം പരസ്‌പരം അറിയി ക്കുകയും തുടക്കത്തിലെ ആവശ്യമായ ട്രീറ്റ്‌മെൻ്റലൂടെ ജീവിത്തതിലേക്ക് തിരിച്ചു കൊണ്ടുവരാൻ പറ്റും. അങ്ങനെ ഒന്നും രണ്ടും പ്രാവശ്യം ക്യാൻസർ പിടിപ്പെട്ട് ശരിയായ രീതിയിൽ ചികിത്സിച്ചു സുഖപ്പെട്ടവർ നമ്മുടെ നാട്ടിൽ ഒത്തിരിപേരുണ്ട്.

 തലശ്ശേരി മലബാർ ക്യാൻസർ സെൻ്ററിൽ ഉണ്ടായിരുന്ന സമയത്ത് ഒരു സ്ത്രീയെ കാണാനിടയാവുകയും മരുന്ന് വാങാൻ ക്യൂ നിൽക്കുമ്പോൾ കാര്യമന്വേഷിച്ചു ' അവരുടെ ജ്യേഷ്‌ഠത്തിയാണ് അഡ്‌മിറ്റ് ആയിരിക്കുന്നത്‌ അവരവിടെ എന്തിനാ വന്നതെന്ന് ചോദിക്കേണ്ട ആവശ്യമില്ലല്ലോ, ഏത് ഭാഗത്താണ് അസുഖമെന്ന് ചോദിച്ചപ്പോൾ അവരുടെ മറുപടികേട്ട് ഞെട്ടിപ്പോയി അവരെല്ലാം പഞ്ചായത്തിൻ്റെ സ്വയം തൊഴിൽ പദ്ധതിയിൽ തൊഴിലെടുത്തു ജീവിക്കുന്ന തൊഴിലാളികളാണ്. അങ്ങനെ ഒരു ദിവസം പതിവുപോലെ തൊഴിലിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് കാലിൽ ചെറുതായി കത്തികൊണ്ട് മുറിഞ്ഞു. അപ്പോൾ സാധാരണ നാട്ടുശീലം പോലെ (പ്രാഥമിക ചികിത്സയെന്നോണം) കമ്യൂണിസ്റ്റ് പച്ചയില അരച്ചുവെച്ചു കെട്ടി തൊഴിൽ തുടർന്നു. അങ്ങനെ ആഴ്ച്‌ചകളും മാസങ്ങളും പിന്നിട്ട് വർഷങ്ങൾ കഴിഞ്ഞു. കാലിൽ ചെറിയ വേദന അനുഭവപ്പെടാൻ തുടങ്ങി. ഒരുപാട് പ്രാവശ്യം ഹോസ്‌പിറ്റലിൽ കാണിച്ചെങ്കിലും ഫലം ക്യാൻസർ എന്ന വില്ലൻ തന്നെയായിരുന്നു. ഒടുവിൽ ആ കാൽ മുറിച്ചു മാറ്റുകയല്ലാതെ വേറെ വഴിയില്ലാതെയായി. തുടക്കത്തിലേ ക്യത്യമായ പരിശോധന നടത്തി ചികിത്സിച്ചിരുന്നുവെങ്കിലോ ?            ( തുടരും)
✍🏻 സകരിയ 
കുറ്റികോൽ ഉമ്മർ മൗലവി.

എന്താണ്  കാൻസർ?; ജീനോമിക്സിന്റെ വളർച്ചയും മാറുന്ന കാൻസർ ചികിത്സാരീതികളും

എന്താണ് കാൻസർ? ശരീരത്തിലെ കോശങ്ങളുടെ അനിയന്ത്രിത വിഘടനം മൂലം ഉണ്ടാകുന്ന മുഴകളോ അല്ലെങ്കിൽ രക്താണുക്കളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവോ ആണ് പൊതുവെ കാൻസർ എന്ന് പറയുന്നത്. കോശങ്ങളിലെ ജീനുകളിൽ വരുന്ന ചില മ്യൂറ്റേഷനുകൾ ആണ് ഈ അനിയന്ത്രിത വിഘടനത്തിനു കാരണം. ഇതിൽ ചില കോശങ്ങൾക്ക് മുഴകളിൽ നിന്ന് വേർപെട്ടു സ്വയം ചലിക്കാനും അതുവഴി അടുത്തോ അകലെയോ ഉള്ള മറ്റു അവയവങ്ങളിലേക്ക് പോയി പുതിയ മുഴകൾ ഉണ്ടാക്കാനും സാധിക്കും. ഇതിനെ ആണ് മെറ്റസ്റ്റാസിസ് എന്ന് പറയുന്നത്.

കാൻസർ എന്ന അസുഖം ഇന്നും മനുഷ്യന്റെ ഒരു പേടിസ്വപ്നം തന്നെ ആണ്. എന്നാൽ പല കാൻസറുകളും നേരത്തെ തിരിച്ചറിഞ്ഞാൽ ഭേദപ്പെടാവുന്നവയോ അതല്ലെങ്കിൽ നിയന്ത്രിച്ചു കൊണ്ടുപോകാവുന്നവയോ ആണ്. കാൻസർ ചികിത്സാ രീതികൾക്ക് അഭൂതപൂർവമായ മാറ്റങ്ങളാണ് ഇന്ന് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്നുനാല് പതിറ്റാണ്ടുകളായി, മോളിക്യൂലർ ബയോളജി എന്ന ശാസ്ത്രശാഖയുടെ വളർച്ചയാണ് ഇതിനു പ്രധാന കാരണം.

സാധാരണയായി സർജറി, റേഡിയോതെറാപ്പി, കീമോതെറാപ്പി എന്നിവയാണ് പ്രധാന ചികിത്സാരീതികൾ. ഒന്ന് പുറകോട്ടു സഞ്ചരിച്ചാൽ 1880കളിൽ തന്നെ റാഡിക്കൽ മാസ്റ്റക്ടമി (ബ്രെസ്റ്റ് സർജറി-Removal of entire Breast) യും 1900ത്തിന്റെ തുടക്കത്തിൽ റേഡിയേഷൻ തെറാപ്പിയും ഉപയോഗിക്കാൻ തുടങ്ങി എന്ന് കാണാൻ കഴിയും. 1946-1947 ൽ ആദ്യമായി കുട്ടികളിലെ രക്താർബുദം അമിനൊപ്റ്ററിൻ (Aminopterin) ഉപയോഗിച്ച് വിജയകരമായി ചികിത്സിച്ചു. 1949ൽ ആദ്യത്തെ കീമോതെറാപ്പി മരുന്ന് മേക്ലോറേതമിനെ (Mechlorethamine) അമേരിക്കയുടെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (F.D.A) അംഗീകരിച്ചു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കാൻസറിന് കാരണമായ ചില കെമിക്കലുകളേക്കുറിച്ചും ടുബാക്കോ റേഡിയേഷൻ എന്നിവ കാൻസറിന് കരണമായേക്കാമെന്നും മനസ്സിലാക്കിയിരുന്നു. അപ്പോഴും എങ്ങനെയാണു കാൻസർ ഉണ്ടാകുന്നെതെന്നു മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ കോശങ്ങളിൽ കെമിക്കലുകളും റേഡിയേഷനും വരുത്തുന്ന ചില ആഘാതങ്ങൾ ആണ് കാൻസറിന് കാരണം എന്ന് മനസ്സിലാക്കിയിരുന്നു. 1953ൽ, യു എസ് എ, യു കെ, ഫ്രാൻസ്, നോർവേ എന്നീ രാജ്യങ്ങളിലെ കാൻസർ രോഗികളുടെ ഡാറ്റാ പരിശോധിച്ച് ഫിന്നിഷ് ആർക്കിടെക്ട് ആയിരുന്ന സി ഓ നോർഡ്ലിംഗ് (C. O. Nordling ), ആറോ ഏഴോ ആഘാതങ്ങൾ വന്നാൽ കാൻസറിന് കാരണമാകാം എന്ന ഒരു സിദ്ധാന്തം അവതരിപ്പിച്ചു. ഡി ജെ ആഷ്ലി (D.J. Ashley) 1969ൽ ഇത് 3-7 വരെ ആഘാതങ്ങൾ ആകാമെന്ന് സമർഥിച്ചു.

1860 കളിൽ സ്വിസ് കെമിസ്റ്റ് ആയ ഫ്രിഡ്റിച് മീഷേർ (Friedrich Miescher) ഡി. എൻ. എ കണ്ടുപിടിച്ചിരുന്നു. എന്നാൽ1953ൽ ജെയിംസ് വാട്സണും ഫ്രാൻസിസ് ക്രിക്കും ചേർന്ന് ഡി. എൻ. എ യുടെ ഘടന കണ്ടുപിടിച്ചത് ഒരു പുതിയ കാലത്തേക്കുള്ള തുടക്കമായിരുന്നു. 1960-ൽ ആണ് ഫിലാഡൽഫിയ ക്രോമോസോമിന് രക്താർബുദമായുള്ള ബന്ധം കണ്ടുപിടിച്ചത്. 1960കളിൽ തന്നെ ഡി. എൻ. എ എങ്ങനെ ജനിതക വിവരം വഹിക്കുന്നുവെന്നും അതെങ്ങനെ പ്രോട്ടീനുകളിലേക്കു വിവർത്തനം ചെയ്യുമെന്നതും മനസ്സിലാക്കിയിരുന്നു. എല്ലാ കോശങ്ങളുടെയും ജനിതകവിവരങ്ങൾ സൂക്ഷിച്ചു വച്ചിരിക്കുന്നത് അതിന്റെ ഡി. എൻ. എയിൽ ആണ്. ഡി. എൻ. എ യ്ക്ക് ഒരു ചുറ്റിക്കോണിയുടെ രൂപമാണ്. അതിലെ ഓരോ ചവിട്ടുപടിയും ഒരു ജോഡി നൈട്രോജീനസ് ബേസുകളാണ്. അഡീനിൻ (A) (Adenine) ഗ്വാനിൻ(G) (Guanine) തൈമിൻ (T) (Thymine) സൈറ്റോസിൻ (C) (Cytosine) എന്നിവയാണ് നൈട്രോജീനസ് ബേസുകൾ. അതിൽ അഡീനൻ തൈമിനുമായും, ഗ്വാനിൻ സൈറ്റോസിനുമായും കൂടി യോജിച്ചു ജോഡികൾ ആകുന്നു ആകുന്നു. ഇങ്ങനെ 3 ബില്യൺ നൈട്രോജീനസ് ബേസ് ജോഡികൾ ഒരു കോശത്തിലെ ഡി. എൻ. എ യിൽ ഉണ്ടാകും. പല കാൻസറിന്റെയും മ്യൂറ്റേഷനലുകൾ അതിന്റെ ഡി. എൻ. എ ൽ ആണ് ഉണ്ടാകുക.

1970ൽ ഡൊ. ജി സ്റ്റീവ് മാർട്ടിൻ, ആദ്യമായി കാൻസറിന് കാരണമായ ഒരു ജീൻ , എസ്. ആർ.സീ ചിക്കൻ റിട്രോവൈറസിൽ കണ്ടുപിടിച്ചു. 1970ൽ തന്നെ സർ ഡേവിഡ് ലെൻ കോശങ്ങൾ കാൻസറായി മാറുന്നതിനെ പ്രതിരോധിക്കുന്ന p53 എന്ന പ്രോട്ടീൻ കണ്ടുപിടിച്ചത് കാൻസറിന്റെ യഥാർഥ കാരണത്തിലേക്കു വെളിച്ചം വീശുന്ന ഒരു മുന്നേറ്റമായി. ഇന്ന് കാണുന്ന കാൻസറുകളിൽ പകുതിയിലധികവും p53 മ്യൂറ്റേഷൻ (Inactivation mutation) ഉള്ളതാണ്. p53 മ്യൂറ്റേഷൻ കാൻസർ ആയി മാറുന്നതിനെ പ്രതിരോധിക്കാനുള്ള കഴിവ് ഇല്ലാതാക്കുന്നു. ഡൊ. റോബർട്ട് വെയ്ൻബെർഗ് ആണ് 1982ൽ ആദ്യമായി ഒരു മനുഷ്യ ഓൺകോ ജീൻ (കാൻസറിന് കാരണമായ ജീൻ) ആയ റാസ്(RAS) കണ്ടുപിടിക്കുന്നത്. 1982ൽ തന്നെ ചന്നിങ് ദേർ ആദ്യമായി റാസ് എന്ന ജീനിൽ വരുന്ന മ്യൂട്ടേഷനും കണ്ടു പിടിച്ചത് കാൻസറിനെപ്പറ്റിയുള്ള മുൻധാരണകളിൽ വൻ മാറ്റങ്ങൾ വരുത്തി.

പിന്നീട് റാസ്(RAS) പോലെ ഒരുപാടു ജീനുകൾക്കു മ്യൂറ്റേഷനുകൾ വരാമെന്നും ഇതിൽ പലതും കാൻസറിന് കരണമാകാമെന്നും മനസ്സിലായി. ഉദാഹരണം - p53, PTEN, SMAD4, BRAF, Jak2, BCR-ABL fusion, EGFR, BRCA, PIK3CA etc. ഇത്തരം വ്യതിയാനം സംഭവിച്ച ജീനുകളെ മനസ്സിലാക്കി അതിനെതിരെയുള്ള മരുന്നുകൾ വികസിപ്പിച്ചു ഉപയോഗിക്കുന്ന ടാർഗെറ്റഡ് തെറാപ്പി എന്ന പുതിയ ഒരു ചികിത്സാരീതി ഉരുത്തിരിഞ്ഞു വരാൻ തുടങ്ങി.

കീമോതെറാപ്പി മരുന്നുകൾ വേഗത്തിൽ വിഭജിക്കുന്ന കോശങ്ങളെ ആണ് നശിപ്പിക്കുന്നത്. കാൻസർ കോശങ്ങൾ വേഗത്തിൽ വിഭജിക്കുന്നത് കൊണ്ട് ഒരുപരിധിവരെ അവയെ നശിപ്പിക്കാൻ കീമോതെറാപ്പി മരുന്നുകൾ കൊണ്ട് സാധിക്കും. എന്നാൽ പല പാർശ്വഫലങ്ങളും ഉണ്ടാക്കാം. കാൻസർ വീണ്ടും വരാനുള്ള സാധ്യതയും ഒഴിവാക്കാനാവില്ല. കാൻസറിനെ ആഴത്തിൽ മനസ്സിലാക്കി, വ്യതിയാനം സംഭവിച്ച ജീനുകൾക്കെതിരെ മരുന്ന് ഉപയോഗിക്കുന്ന രീതിയാണ് ടാർഗെറ്റഡ് തെറാപ്പി. ഇത് പലപ്പോഴും കീമോതെറാപ്പിയെക്കാളും കൂടുതൽ ഗുണം ചെയ്യുന്നതും കുറവ് മാത്രം പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നതുമാണ്. 1970ൽ FDA അംഗീകരിച്ച, ഈസ്ട്രജൻ റിസെപ്റ്ററിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന, ടാമോക്സിഫെൻ ആണ് ആദ്യത്തെ ടാർഗെറ്റഡ് തെറാപ്പി മരുന്ന്. ബ്രെസ്റ് കാൻസറിന് എതിരെ ടാമോക്സിഫെൻ ഇപ്പോഴും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പക്ഷെ, ടാർഗെറ്റഡ് തെറാപ്പി മരുന്നുകൾ ഉപയോഗിക്കണമെങ്കിൽ കാൻസറിന്റെ മ്യൂറ്റേഷനുകൾ കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ കഴിഞ്ഞ കാലങ്ങളിൽ ഈ മ്യൂറ്റേഷനുകൾ മനസ്സിലാക്കാനുള്ള ബുദ്ധിമുട്ടും, മനസ്സിലാക്കിയാൽ തന്നെ മ്യൂട്ടേഷനുകൾക്കു പറ്റിയ മരുന്നുകൾ ഇല്ലാത്തതും മൂലം ഇത്തരം കണ്ടു പിടുത്തങ്ങളുടെ പ്രയോജനം കാൻസർ രോഗികൾക്കു അധികം കിട്ടിയിരുന്നില്ല.

1960 കളിൽ, ഇന്ത്യൻ അമേരിക്കൻ ശാസ്ത്രജ്ഞൻ ആയ ഹർഗോബിന്ദ് ഖൊറാന, ലബോറട്ടറിയിൽ ഡി. എൻ. എ നിർമ്മിക്കുകയും, പിന്നീട് 1985ൽ കാരി മുല്ലിസ് ഇന്ന് കാണുന്ന തരത്തിലുള്ള പോളിമറേസ് ചെയിൻ റിയാക്ഷൻ (PCR) അവതരിപ്പിക്കുകയും ചെയ്തത് മോളിക്യൂലർ ബയോളജിയിൽ വൻ മുന്നേറ്റത്തിന് കാരണമാകുകയും അടുത്ത 30-40 വർഷങ്ങളിൽ കാൻസർ ഡിറ്റെക്ഷനിലും ട്രീട്മെന്റിലും വലിയ മാറ്റങ്ങൾ കൊണ്ട് വരികയും ചെയ്തു. ജനിതക വ്യതിയാനങ്ങൾ കണ്ടുപിടിക്കാൻ ഇപ്പോൾ സാധാരണ ആയി ഉപയോഗിക്കുന്ന ടെക്നിക്കളാണ് Real Time PCR, FISH, Sequencing എന്നിവ. Real Time PCR വഴി പല കാൻസർ മ്യൂറ്റേഷൻസും കണ്ടെത്താൻ കഴിയും. വളരെസാധരണയായി കാണപ്പെടുന്ന ചില ജനിതക വ്യതിയാനങ്ങൾ കണ്ടു പിടിക്കാൻ ഈ ടെക്നോളജി വളരെ ഫലപ്രദമാണ്.

അമേരിക്കൻ ബയോളജിസ്റ്റുകൾ ആയ മേരി-ലൂ പാർഡോ , ജോസഫ് ഗാല്ലുമായി ചേർന്ന് നിർമ്മിച്ചെടുത്ത ഹൈബ്രഡിസിഷന്റെ ഒരു വികസിത രൂപമാണ് ഫ്ലൂറസെൻസ് ഇൻ സീറ്റു ഹൈബ്രിഡിസഷൻ (Fluorescence in situ hybridization-FISH) എന്ന ടെസ്റ്റ്. ഡി എൻ എൽ വന്ന മ്യൂട്ടേഷനുകൾ, ഒരു പ്രോബ് ഉപയോഗിച്ചു കണ്ടുപിടിക്കാനും അതിന്റെ ചിത്രം ഒരു ഫ്ലൂറസെന്റ് മൈക്രോസ്കോപ്പി ഉപയോഗിച്ച് എടുക്കാനും ഉതകുന്ന സംവിധാനമാണ് FISH ടെസ്റ്റ്. കാൻസറിന് ഉണ്ടാകാവുന്ന ചില ജനിതക വ്യതിയാനങ്ങൾ FISH വഴി കണ്ടെത്താനാകും.

1977ൽ ഫ്രെഡറിക് സാങ്ങർ വികസിപ്പിച്ച സാങ്ങർ സീക്വൻസിങ് കൂടുതൽ ജനിതകവ്യതിയാനങ്ങൾ ഒരുമിച്ചു കണ്ടുപിക്കാൻ സഹായിച്ചു. 1990ൽ തുടങ്ങി 2. 7 ബില്യൺ ഡോളർ ചിലവാക്കി 2003ൽ അവസാനിച്ച ഹ്യൂമൻ ജീനോം പ്രൊജക്റ്റ് സത്യത്തിൽ ഒരു പുതിയ യുഗത്തിന്റെ പിറവിയിലേക്കാണ് കാരണമായത്. ഹ്യൂമൻ ജീനോം പ്രോജക്ടിന് സാങ്ങർ സീക്വൻസിങ് ആണ് ഉപയോഗിച്ചത്.

2000-ത്തിന്റെ തുടക്കത്തിൽ നിക്ക് മക്കൂക് നെക്സ്റ്റ് ജനറേഷൻ സീക്വൻസിങ് എന്ന ഒരു പുതിയ ടെക്നോളജി അവതരിപ്പിച്ചു. സാങ്ങർ സീക്വൻസിങ് വഴി മുഴുവൻ മനുഷ്യ ജീനോമും സീക്വൻസ് ചെയ്യാൻ 2.7 ബില്ല്യൺ
ഡോളറും 13 വർഷവും എടുത്തെങ്കിൽ നെക്സ്റ്റ് ജനറേഷൻ സീക്വൻസിങ് എന്ന പുതിയ ടെക്നോളജി അത് ഇന്ന് 200 ഡോളറും ഒരു ദിവസവും എന്നതിലേക്ക് കുറച്ചു. RT-PCR വഴിയും FISH, സാങ്ങർ സീക്വൻസിങ് എന്നീവ ചില ജനിതക വ്യതിയാനങ്ങൾ കണ്ടെത്താൻ ഉപകരിക്കുമെങ്കിലും, അസുഖത്തെപ്പറ്റി വ്യക്തമായ ഒരു ചിത്രം കിട്ടണമെങ്കിൽ നെക്സ്റ്റ് ജനറേഷൻ സീക്വൻസിങ് തന്നെയാണ് പ്രയോജനപ്പെടുക. 2008ൽ എൻ ജി എസ് ഉപയോഗിച്ചുള്ള ആദ്യത്തെ ഗവേഷണ പ്രബന്ധം പുറത്തുവന്നു.

2014ൽ, സിംഗപ്പൂരിലെ ഇല്ലുമിന ആണ് ചെലവുകുറഞ്ഞ എൻജിഎസ് ഉപകരണമായ ആയ HiSeqX സീക്വൻസർ അവതരിപ്പിച്ചത്. കാൻസർ ബാധിച്ച കോശങ്ങളുടെ ഡിഎൻഎ- യിൽ ഏതുഭാഗത്താണ് മ്യൂറ്റേഷൻ വന്നതെന്ന് അറിയാൻ കോശങ്ങളുടെ മുഴുവൻ ഡി. എൻ. എ യും വേർതിരിച്ചു എടുത്തു അതിന്റെ മ്യൂറ്റേഷൻ ചെക്ക് ചെയ്യുന്നതിനെ "Whole Genome Sequencing" എന്ന് പറയുന്നു. എന്നാൽ ഇതിൽ കുറച്ചു ഭാഗം മാത്രമേ യഥാർത്ഥത്തിൽ ജനിതകവിവരങ്ങൾ സൂക്ഷിക്കുന്നുള്ളൂ. ഇതിനെ ഏക്സോം എന്ന് പറയുന്നു. ഇങ്ങനെ ഏക്സോമിനെ മാത്രം സീക്വൻസ് ചെയ്യാവുന്നതാണ്. ഇതിൽ പല ജീനുകളും പ്രവർത്തിക്കാത്തവ ആയിരിക്കും. ആക്റ്റീവ് ആയിട്ടുള്ള ജീനുകളിൽ നിന്ന് മെസ്സഞ്ചർ ആർ എൻ എ (messenger RNA-mRNA) വഴി ജനിതകവിവരങ്ങൾ പ്രോട്ടീനുകളായി പുറത്തു വരുന്നു.

ഇങ്ങനെ പുറത്തു വന്ന മെസ്സഞ്ചർ ആർ എൻ എ യെ സീക്വൻസ് ചെയ്യുന്നതിനെ "transcriptome sequencing" എന്ന് പറയുന്നു. കാൻസർ ഡയഗ്നോസിസിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് exome analysis ആണ്. പ്രോട്ടീനുകളെ കോഡ് ചെയ്യുന്ന സാധാരണയായി കാൻസറിന് കാരണമായ മ്യൂറ്റേഷൻസ് ഉണ്ടാവാറുളള 300 ഓളം ജീനുകളെ പഠിക്കാൻ പറ്റുന്ന സീക്വൻസിങ് പാനലുകൾ വിവിധ സീക്വൻസിങ് കമ്പനികൾ പുറത്തിറക്കിയിട്ടുണ്ട്. അത് വഴി ക്യാൻസറിന്റെ യഥാർഥകാരണം ആയ ജനിതക വ്യതിയാനങ്ങൾ കണ്ടുപിടിക്കാനും അതിനെതിരെ ഉള്ള ടാർഗെറ്റഡ് തെറാപ്പി തുടങ്ങാനും സാധിക്കും. Whole genome, exome സീക്വൻസിങ് ഇപ്പോൾ വളരെ ചിലവേറിയതാണെങ്കിലും സമീപഭാവിയിൽ കൂടുതൽ കൂടുതൽ പ്രചാരത്തിലേക്കെത്തുകയും ചെലവ് ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. രോഗിയുടെ രക്തത്തിൽ നിന്ന് കാൻസറിന്റെ ഡി. എൻ. എ എടുത്തു സീക്വൻസിങ് ചെയ്യുന്ന സിർക്യൂലേറ്റിങ് ട്യൂമർ സെൽ (Circulating Tumour Cell)ഡി. എൻ. എ സീക്വൻസിങ്ങും കോശങ്ങളിൽ നിന്ന് പുറത്തു വന്ന സെൽ ഫ്രീ ഡി. എൻ. എ/ ആർ എൻ എ (Cell Free DNA/RNA) സീക്വൻസിങ്ങും ഇന്ന് ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

ഇത് കാൻസറിനെ നേരത്തെ തന്നെ കൃത്യമായി ഡിറ്റക്ട് ചെയ്യാനും, അത് വഴി നേരത്തെ തന്നെ ചികിത്സ തുടങ്ങാനും സഹായിക്കും. ഇത്തരം പുതിയ സങ്കേതങ്ങൾ ഭാവിയിൽ ഒന്നുകൂടി കൃത്യത കൈവരിക്കുന്നതോടൊപ്പം, ചെലവ് കുറയാനും സാധാരണക്കാർക്ക് പ്രാപ്ത്യമാകാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ ഇല്യൂമിന ആണ് ഗ്ലോബൽ ലീഡ് എങ്കിലും, അയോൺ torrent, PacBio, MGI, Oxford nanopore, Roche തുടങ്ങിയ കമ്പനികളും പുതിയ ടെക്നോളോജികളുമായി രംഗത്ത് വരുന്നുണ്ട്.

ഇപ്പോൾ മിക്കവാറും കാൻസർ ലാബുകളും ഇങ്ങനെയുള്ള ടാർഗെറ്റഡ് തെറാപ്പികൾ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. അതത്ര എളുപ്പമുള്ളതല്ലതാനും. ഓരോ ഓൺകോ പ്രോട്ടീന്റെയും പൂർണമായ ജോലിയും അതിന്റെ മ്യൂറ്റേഷൻ ഉണ്ടാക്കുന്ന വ്യത്യാസവും എല്ലാം കണ്ടെത്തി ആയിരമോ ലക്ഷമോ പുതിയ മരുന്നുകൾ അല്ലെങ്കിൽ തന്മാത്രകളിൽ നിന്ന് ഒന്നോ രണ്ടോ മരുന്നുകൾ മാത്രമേ പലപ്പോഴും കണ്ടെത്താൻ കഴിയുകയുള്ളൂ. 1982ൽ കണ്ടുപിടിച്ച റാസ്(RAS) പ്രോട്ടീനിന്റെ ഒരേ ഒരു ടാർഗറ്റ് മരുന്ന് കണ്ടെത്താൻ 41 വർഷങ്ങൾ വേണ്ടി വന്നു എന്നതും തന്നെ ഒരു ഉദാഹരണമാണ്. റാസ് കോശവിഭജന്റിനുള്ള ഒരു മോളിക്യൂലർ സ്വിച്ച് ആയി പ്രവർത്തിക്കുന്ന പ്രോട്ടീൻ ആണ്. റാസ് ജീനിന്റെ 34മത്തെ നൈട്രോജീനസ് ബേസ് ആയ ഗുവാനിനു (Guanine) പകരം തൈമിൻ (Thymine) വരുകയും അതുമൂലം റാസ് ജീൻ കോഡ് ചെയ്യുന്ന റാസ് പ്രോട്ടീനിൽ അമിനോ ആസിഡ് ആയ ഗ്ലൈസിനെന്നു (Glycine) പകരം സിസ്റ്റെയ്ന (Cysteine)വരുകയും അത് റാസ് എന്ന സ്വിച്ച് ഓഫ് ആക്കാൻ പറ്റാതാക്കുകയും ചെയ്യും.

അതോടെ കോശങ്ങൾ വിഭജനം നിർത്താതെ ആവുകയും, കാൻസർ ആയി മാറുകയും ചെയ്യാം. ഇങ്ങനെ സിസ്റ്റെയ്ന (Cysteine) (G12C) ആയി മാറിയ റാസ് ഉള്ള കാൻസറുകൾക്കെതിരെ 41 വർഷങ്ങൾക്കു ശേഷം 2021ൽ ആണ് സോടോറസിബ് (Sotorasib) എന്ന ടാർഗറ്റ് മരുന്ന് പുറത്തു വന്നത്. ഗുവാനിനു (Guanine) പകരം വാലിൻ (D12V), അലാനിൻ (alanine)(G12A) അല്ലെങ്കിൽ അസ്പർട്ടിക് ആസിഡ് (Aspartic Acid)(G12D) ആണ് വരുന്നതെങ്കിൽ ഇപ്പോഴും ടാർഗറ്റ് മരുന്ന് ഇല്ല. കാൻസർ കോശങ്ങളുടെ, കോശവിഭജനവും കാൻസറിന് കാരണമായേക്കാവുന്ന പ്രവർത്തനങ്ങളും അത് പോലെ ഡി എൻ എ മ്യൂറ്റേഷനുകളെയും തകരാറുകളെയും പരിഹരിക്കാൻ സഹായിക്കുന്ന P53 എന്ന പ്രോട്ടീനിനെ ഇപ്പോഴും ടാർഗറ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.

ഇങ്ങനെ മോഡേൺ സയൻസിൽ വരുന്ന മാറ്റങ്ങൾ ക്യാൻസറിന്റെ ഡിറ്റെക്ഷനെയും ചികിത്സയെയും മാറ്റിക്കൊണ്ടേയിരിക്കുന്നു. പുതിയ കമ്പൂട്ടഷണൽ സ്ക്രീനിംഗ് സോഫ്റ്റ്വെയറുകളും, റോബോട്ടിക് എക്സ്പെരിമെന്റൽ തെറാപ്പ്യൂടിക് ടെക്നോളജികളും ഈ പ്രോസസ്സ് വേഗത്തിൽ ആക്കാൻ ഇപ്പോൾ സഹായിക്കുന്നുണ്ട്. ക്യമെറിക് ആന്റിജൻ റിസെപ്റ്റർ T- സെൽ (chimeric antigen receptor T-cell ;CAR-T) പോലെയുള്ള രോഗിയുടെ തന്നെ ഇമ്മ്യൂൺ കോശങ്ങളെ എഞ്ചിനീയർ ചെയ്ത ശേഷം ഉപയോഗിക്കുന്ന തരം ചികിത്സാ രീതികളും ഇന്ന് നിലവിലുണ്ട്. ഭാവിയിൽ എല്ലാ കാൻസർ പ്രോട്ടീനുകളെയും ഉന്നംവെക്കുന്ന (target ചെയ്യാവുന്ന) പുതിയ മരുന്നുകൾ പുറത്തിറങ്ങുകയും എൻ ജി എസ് (NGS) ടെസ്റ്റിന്റെ ചെലവ് കുറയുകയും ചെയ്താൽ കൂടുതൽ കൃത്യതയോടെ ഉള്ള ഡയഗ്നോസിസും ചികിത്സയും സാധാരണക്കാർക്കും പര്യാപ്തമായ രീതിയിൽ കിട്ടിയേക്കാം. ലോകം മുഴുവനും ആയിരക്കണക്കിന് ലബോറട്ടറിയിൽ നടക്കുന്ന വിവിധ പരീക്ഷണങ്ങൾ സമീപഭാവിയിൽ തന്നെ കാൻസറിനെ ഒരു പരിധി വരെ നിയന്ത്രിക്കാവുന്ന നിലയിലേക്ക് എത്തിക്കുമെന്നു പ്രതീക്ഷിക്കാം. 2022 ലെ യു എസ് നാഷണൽ കാൻസർ ഇൻസ്റ്റിറ്റിയൂട്ടിന്റെ (NCI) വാർഷിക റിപ്പോർട്ടിൽ കാൻസർ രോഗികളുടെ മരണ നിരക്കിലെ കുറവ് ഒരു നല്ല ദിശാസൂചകമായി തന്നെ കണക്കാക്കാം.


Post a Comment

أحدث أقدم