(www.kl14onlinenews.com)
(28-Feb-2025)
ലഹോർ :
ചാംപ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയ സെമി ഫൈനലിൽ. അഫ്ഗാനിസ്ഥാന് എതിരായ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചതിനെ തുടർന്നാണ് ഓസ്ട്രേലിയ സെമി ഫൈനൽ ഉറപ്പിച്ചത്. മഴയെ തുടർന്ന് മത്സരം ഉപേക്ഷിച്ചതോടെ അഫ്ഗാനിസ്ഥാനും ഓസ്ട്രേലിയയ്ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ഇതോടെ ഓസ്ട്രേലിയക്ക് നാല് പോയിന്റായി.
ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചപ്പോഴും ഓസ്ട്രേലിയക്ക് ഒരു പോയിന്റ് ലഭിച്ചിരുന്നു. ഇംഗ്ലണ്ടിനെ ആദ്യ മത്സരത്തിൽ തോൽപ്പിച്ചതിലൂടെ ഓസ്ട്രേലിയക്ക് രണ്ട് പോയിന്റും ലഭിച്ചു. ഇംഗ്ലണ്ടിനെ തോൽപ്പിച്ച അഫ്ഗാനിസ്ഥാന് രണ്ട് പോയിന്റ് ലഭിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരായ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചതോടെ അഫ്ഗാനിസ്ഥാന് മൂന്ന് പോയിന്റായി.
ഗ്രൂപ്പ് ബിയിൽ ദക്ഷിണാഫ്രിക്കയ്ക്കും മൂന്ന് പോയിന്റാണ് ഉള്ളത്. ഇംഗ്ലണ്ടിന് എതിരെയാണ് ദക്ഷിണാഫ്രിക്കയുടെ അടുത്ത മത്സരം. ഇതിന് ശേഷമാവും ഗ്രൂപ്പ് ബിയിലെ ചാംപ്യന്മാർ ആരെന്ന് വ്യക്തമാവുക.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ 274 റൺസ് ആണ് ഓസ്ട്രേലിയക്ക് മുൻപിൽ വിജയ ലക്ഷ്യം വെച്ചത്. സെദിഖുള്ള അടലിന്റെ 85 റൺസ് ഇന്നിങ്സിന്റേയും ഒമർസായിയുടെ 67 റൺസിന്റേയും ബലത്തിലാണ് പൊരുതാവുന്ന സ്കോറിലേക്ക് അഫ്ഗാൻ എത്തിയത്. ഇംഗ്ലണ്ടിനെതിരെ 177 റൺസ് നേടിയ സദ്രാന് സ്കോർ ചെയ്യാനായത് 22 റൺസ് മാത്രം.
274 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 12.5 ഓവറിൽ 109 റൺസിലേക്ക് എത്തി. എന്നാൽ അപ്പോഴേക്കും മഴ വില്ലനായി എത്തി. ഇതോടെ മത്സരഫലം കണ്ടെത്താനാവാതെ കളി ഉപേക്ഷിച്ചു. ഓസ്ട്രേലിയക്കായി ട്രാവിസ് ഹെഡ് 40 പന്തിൽ നിന്ന് ഒൻപത് ഫോറും ഒരു സിക്സും സഹിതം 59 റൺസ് എടുത്തു. സ്മിത്ത് 19 റൺസോടെ പുറത്താവാതെ നിന്നു. 20 റൺസ് എടുത്ത ഓപ്പണർ ഷോർട്ട് ആണ് അസ്മതുള്ളയുടെ പന്തിൽ പുറത്തായത്
Post a Comment