മണ്ഡല പുനർ നിർണയം വ്യത്യസ്ത ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ബിജെപി ശ്രമം: പിണറായി വിജയൻ

(www.kl14onlinenews.com)
(22-Mar-2025)

മണ്ഡല പുനർ നിർണയം വ്യത്യസ്ത ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ബിജെപി ശ്രമം: പിണറായി വിജയൻ

ചെന്നെ: മണ്ഡല പുനർനിർണയ നീക്കം ബിജെപിക്ക് വേണ്ടിയാണെന്നും വ്യത്യസ്ത ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വടക്കേ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് അറിയാവുന്നതു കൊണ്ടാണ് ബിജെപി മണ്ഡല പുനർനിർണയവുമായി മുന്നോട്ട് പോകുന്നത്. കൊളോണിയൽ കാലത്തെ ഓർമിപ്പിക്കുന്ന നീക്കമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മണ്ഡല പുനർ നിർണയം നമ്മുടെ തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന വാളാണ്. ഇടുങ്ങിയ രാഷ്ട്രീയ മനോഭാവത്തോടെയാണ് ബിജെപി മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നത്. സെൻസസ് നടപ്പാക്കാതെ എന്തിനാണ് ഇത്രയും ധൃതിപിടിച്ച് മണ്ഡല പുനർനിർണയം നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കാനായാണ് ഈ പോരാട്ടമെന്നും അതുകൊണ്ടാണ് ഒന്നിച്ചു എതിര്‍ക്കുന്നതെന്നും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു. ജനസംഖ്യാടിസ്ഥാനത്തില്‍ മണ്ഡലം പുനര്‍നിര്‍ണയിക്കുന്നത് നീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ കൂടാതെ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

മുസ്ലിം ലീഗ് നേതാവ് പി.എം.എ.സലാം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആർ.എസ്.പി. നേതാവ് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി., കേരള കോൺഗ്രസ് നേതാക്കളായ ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി എന്നിവരും യോഗത്തിനെത്തിയിട്ടുണ്ട്.

Post a Comment

أحدث أقدم