(www.kl14onlinenews.com)
(28-Mar-2025)
മൊഗ്രാൽ പുത്തൂർ: മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് അംഗീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഷെമീറ ഫൈസലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻറ് മുജീബ് കമ്പാർ ബജറ്റ് അവതരിപ്പിച്ചു. 26,10,14,829/- രൂപ വരവും 23,65,87,376/- രൂപ ചെലവും 2,44,27,453/- രൂപ നീക്കിബാക്കിയുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
കൃഷി, മാലിന്യ സംസ്കരണം, ഭവനനിർമ്മാണം, കുടിവെള്ള പദ്ധതി, മത്സ്യബന്ധന മേഖല, റോഡുകളുടെ നവീകരണം തുടങ്ങിയ മേഖലകൾക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. വയോജനങ്ങൾക്ക് വിമാനയാത്ര, ആശാ വർക്കർമാർക്ക് പ്രതിമാസം 2000/- രൂപ അധിക ഹോണറേറിയം, മയക്കുമരുന്ന് പ്രതിരോധ പരിപാടികൾ, പ്രവാസി സംരഭങ്ങൾക്ക് ധനസഹായം തുടങ്ങിയ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തി.
കുടുംബശ്രീ വിപണന കേന്ദ്രം, വനിതകൾക്ക് സംരംഭം നടത്തുന്നതിനായി ഇരുചക്രവാഹനം, ഓട്ടോറിക്ഷ, സ്റ്റിച്ചിംഗ് യൂണിറ്റ് എന്നിവക്കുമുള്ള ധനവിന്യാസം ബജറ്റിൽ ഉൾപ്പെടുത്തി. ലൈഫ് ഭവനനിർമ്മാണത്തിന് പട്ടിക ജാതിക്കാർക്ക് 64 ലക്ഷം രൂപ ഉൾപ്പെടെ ആകെ 7 കോടി 44 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രശാന്ത് കുമാർ, വികസന സ്ഥിരംസമിതി ചെയർമാൻമാരായ ഖദീജ അബ്ദുൾ ഖാദർ, നിസാർ കുളങ്കര, പ്രമീള മജൽ, നൗഫൽ പുത്തൂർ, സമ്പത്ത് കുമാർ, ധർമ്മ പാലൻ ദരില്ലത്ത്, അസ്മിന ഷാഫി, ഗിരിഷ്മ മജൽ, സുലോചന, ഷമീമ സാദിഖ്, ജുബൈരിയ്യ, മല്ലിക എന്നിവരും വിവിധ ഇംപ്ലിമെൻ്റിംഗ് ഓഫീസർമാരും ഗ്രാമപഞ്ചായത്ത് അക്കൗണ്ടൻ്റ് ജൂബിനും സംബന്ധിച്ചു.
إرسال تعليق