(www.kl14onlinenews.com)
(28-Mar-2025)
ഐപിഎല്ലിൽ ഇന്ന് ആരാധകർ കാത്തിരുന്ന പോരാട്ടം. ധോണിയും കോഹ്ലിയും ഇന്ന് ചെപ്പോക്കിൽ നേർക്കുനേർ വരും. ചെന്നൈ സൂപ്പർ കിങ്സിന്റെ സീസണിലെ രണ്ടാമത്തെ ഹോം മത്സരം ആണ് ഇത്. ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ചെപ്പോക്കിൽ നാല് വിക്കറ്റിന് തോൽപ്പിക്കാൻ ചെന്നൈ സൂപ്പർ കിങ്സിന് സാധിച്ചിരുന്നു. ആർസിബിയാവട്ടെ നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ അവരുടെ തട്ടകത്തിൽ തകർപ്പൻ ചെയ്സിങ്ങിലൂടെ തോൽപ്പിച്ചാണ് എത്തുന്നത്.
ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ആദ്യ മത്സരം ജയിച്ച് എത്തുമ്പോൾ ഇന്ന് ചെപ്പോക്കിൽ ആര് ജയം നേടും എന്നതിലേക്ക് ആകാംക്ഷയോടെയാണ് ആരാധകർ നോക്കുന്നത്. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് എതിരെ മിന്നും ഫോമിലാണ് വിരാട് കോഹ്ലിയും ഓപ്പണർ ഫിൽ സോൾട്ടും ബാറ്റ് ചെയ്തത്. കാമിയോയുമായി ക്യാപ്റ്റൻ രജത് പാടിദാറും എത്തിയതോടെ ഈഡൻ ഗാർഡൻസിലെ തുടരെ നാല് തോൽവികൾ എന്ന നിലയിലെ പോക്കിന് തടയിടാൻ ആർസിബിക്കായി.
ചെപ്പോക്കിൽ ആർസിബി അവസാനം ജയിച്ചത് 2008ൽ
2008 സീസണിൽ ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ചതിന് ശേഷം പിന്നെ ഇവിടെ ജയം പിടിക്കാൻ ആർസിബിക്ക് സാധിച്ചിട്ടില്ല. നൂർ അഹ്മദ്, രവീന്ദ്ര ജഡേജ, ആർ അശ്വിൻ എന്നിവരുടെ സ്പിൻ കരുത്തിലാണ് ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്സ് ആർസിബിയെ നേരിടാൻ ഒരുങ്ങുന്നത്. ബാറ്റിങ്ങിൽ കരുത്ത് നിറച്ച് ആണ് ആർസിബി എത്തുന്നത്.
ചെന്നൈ സൂപ്പർ കിങ്സ് സാധ്യത ഇലവൻ: രചിൻ രവീന്ദ്ര, ഋതുരാജ് ഗയ്ക്വാദ്, രാഹുൽ ത്രിപാഠി, ദീപക് ഹൂഡ, ശിവം ദുബെ, സാം കറാൻ, രവീന്ദ്ര ജഡേജ, എം.എസ് ധോണി, ആർ അശ്വിൻ, നഥാൻ എല്ലിസ്, നൂർ അഹ്മദ്, ഖലീൽ അഹ്മദ്
ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്നാണ് ഭുവനേശ്വർ കുമാറിന് ആർസിബിയുടെ സീസണിലെ ആദ്യ മത്സരം നഷ്ടമായത്. ചെന്നൈക്കെതിരെ ഫിറ്റ്നസ് വീണ്ടെടുത്താൽ ഭുവനേശ്വർ കുമാർ പ്ലേയിങ് ഇലവനിൽ ഇടംപിടിക്കാനാണ് സാധ്യത. സ്പിന്നിനെ കൂടുതൽ തുണയ്ക്കുന്ന പിച്ച് ആണ് ചെപ്പോക്കിലേത് എങ്കിൽ ലെഗ് സ്പിന്നിങ് ഓൾറൗണ്ടർ മോഹിത് ആർസിബി ഇലവനിൽ ഇടം നേടാനും സാധ്യതയുണ്ട്. അതല്ലെങ്കിൽ ഇടംകയ്യൻ സ്പിന്നർ സ്വപ്നിൽ സിങ്ങിനെ ആർസിബി കളിപ്പിച്ചേക്കും.
ആർസിബി പ്ലേയിങ് ഇലവൻ: വിരാട് കോഹ്ലി, ഫിൽ സോൾട്ട്, രജത് പാടിദാർ, ദേവ്ദത്ത് പടിക്കൽ, ലിവിങ്സ്റ്റൺ, ജിതേഷ് ശർമ, ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, രാസിഖ് സലാം, ജോഷ് ഹെയ്സൽവുഡ്, യഷ് ദയാൽ, സുയാഷ് ശർമ.
ചെന്നൈ സൂപ്പർ കിങ്സ്-റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സറ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്.
പിച്ച് റിപ്പോർട്ട്
ചെപ്പോക്കിൽ ആർസിബിക്കെതിരെ ബാറ്റർമാരെ കുഴയ്ക്കുന്ന വേഗം കുറഞ്ഞ സ്പിന്നർമാർക്ക് ടേൺ കണ്ടെത്താനാവുന്ന പിച്ച് ആണ് ഒരുങ്ങുക എന്നാണ് വിലയിരുത്തപ്പെടുന്നത്. മുംബൈക്ക് എതിരെ ഇങ്ങനെ പിച്ച് ഒരുക്കി സിഎസ്കെ തങ്ങളുടെ സ്പിന്നർമാരെ ഉപയോഗിച്ച് കളി പിടിക്കുന്നതിൽ വിജയിച്ചിരുന്നു. ചെന്നൈയുടെ ഇടംകയ്യൻ റിസ്റ്റ് സ്പിന്നർ നൂർ അഹമ്മദിന്റെ പ്രകടനമാണ് മുംബൈക്കെതിരെ നിർണായകമായത്. ക്രുനാൽ പാണ്ഡ്യയും സുയാഷ് ശർമയുമാണ് ആർസിബിയുടെ പ്രധാന ബോളിങ് താരങ്ങൾ
إرسال تعليق