വിഐപിയുടെ മകൾ ആയിരുന്നെങ്കിൽ പൊലീസ് ഇങ്ങനെ ചെയ്യുമോ? കാസർകോട് 15കാരി മരിച്ച സംഭവത്തിൽ ഹൈക്കോടതി

(www.kl14onlinenews.com)
(10-Mar-2025)

വിഐപിയുടെ മകൾ ആയിരുന്നെങ്കിൽ പൊലീസ് ഇങ്ങനെ ചെയ്യുമോ? കാസർകോട് 15കാരി മരിച്ച സംഭവത്തിൽ ഹൈക്കോടതി

കൊച്ചി: കാസര്‍കോട് നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഒരു വിഐപിയുടെ മകളെയണ് കാണാതായത് എങ്കിൽ പൊലീസ് ഇങ്ങനെ പ്രവർത്തിക്കുമോ എന്ന് ഹൈക്കോടതി ചോദിച്ചു. 

നിയമത്തിനു മുമ്പിൽ വിവിഐപിയും തെരുവിൽ താമസിക്കുന്നവരും തുല്യരാണെന്നും കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ നാളെ ഹൈക്കോടതിയിൽ കേസ് ഡയറിയുമായി ഹാജരാകാനും കോടതി നിർദേശം നൽകി. പെൺകുട്ടിയുടെ അമ്മ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

15 കാരിയുടെയും അയൽവാസിയായ യുവാവിന്റെയും മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായത്. സാമ്പിളുകൾ കൂടുതല്‍ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. മൃതദേഹങ്ങൾക്ക് 20 ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് കണ്ടെത്തൽ.

അതേസമയം, ആത്മഹത്യയുടെ കാരണം സംബന്ധിച്ച് പൊലീസിന് വ്യക്തത ലഭിച്ചിട്ടില്ലെന്നാണ് വിവരം. പൈവളിഗ സ്വദേശിനിയായ പെണ്‍കുട്ടിയെയും നാൽപ്പത്തിരണ്ടുകാരനെയുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 26 ദിവസം മുൻപാണ് പെണ്‍കുട്ടിയെ കാണാതായത്.  സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ മുതൽ 52 അംഗ പൊലീസ് സംഘവും നാട്ടുകാരുമടക്കം വ്യാപക തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൈവളിഗ മണ്ടെക്കാപ്പ് ഗ്രൗണ്ടിന് സമീപത്തെ തോട്ടത്തിലെ അക്കേഷ്യ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്.


15കാരിയുടേയും യുവാവിന്‍റേയും മരണം; മൃതദേഹങ്ങള്‍ ഉണങ്ങിയ നിലയില്‍, കൂടുതൽ പരിശോധന വേണ്ടിവരും

കാസര്‍കോട്: പൈവളിഗെയിലെ പതിന‍ഞ്ച് വയസുകാരിയുടേയും ഓട്ടോ ഡ്രൈവര്‍ പ്രദീപിന്‍റേയും മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ക്ക് ഇരുപത് ദിവസത്തില്‍ അധികം പഴക്കമുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. മൃതദേഹങ്ങള്‍ ഉണങ്ങിയ നിലയില്‍ (മമ്മിഫൈഡ്)ആയിരുന്നു. കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം നടന്നത്. കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. അതേസമയം, ആത്മഹത്യയ്ക്ക് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇരുവരുടേയും ഫോണുകൾ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.

മകള്‍ക്ക് എന്ത് സംഭവിച്ചെന്ന് കണ്ടുപിടിക്കണം; മരിച്ച പെണ്‍കുട്ടിയുടെ അമ്മ

കാസര്‍ഗോഡ്: പൈവളിഗയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പതിനഞ്ചുകാരിക്ക് എന്ത് സംഭവിച്ചെന്ന് കണ്ടുപിടിക്കണമെന്ന് പെൺകുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. കുടുംബത്തിനെ സഹായിക്കാനെന്ന പേരില്‍ പ്രദീപ് വരാറുണ്ടെന്നും, രണ്ട് വര്‍ഷം മുമ്പ് പ്രദീപിനെതിരെ സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നുവെന്നും അമ്മ പറഞ്ഞു.

പരിയാരം ഗവ മെഡിക്കല്‍ കോളേജിൽ പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ ഇരുവരുടെയും പോസ്റ്റ്‌മോര്‍ട്ടം നടക്കും. മൃതദേഹങ്ങളുടെ കാലപ്പഴക്കവും മരണ കാരണവും പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ കണ്ടെത്താനാകും. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച ഇരുവരുടേയും മൊബൈല്‍ ഫോണുകള്‍ സൈബര്‍ വിഭാഗത്തിന് കൈമാറി.

കാസർഗോഡ് നിന്ന് 26 ദിവസം മുമ്പാണ് യുവാവിനെയും 15 വയസ്സുകാരിയെയും കാണാതായത്. പെണ്‍കുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും മൊബൈൽ ഫോണുകള്‍ സ്വിച്ച് ഓഫായത് ഒരേ സ്ഥലത്ത് നിന്നായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

Post a Comment

Previous Post Next Post