ഏകദിന ക്രിക്കറ്റിൽ നിന്ന് ഉടൻ വിരമിക്കില്ല; നയം വ്യക്തമാക്കി രോഹിത് ശർമ

(www.kl14onlinenews.com)
(10-Mar-2025)

ഏകദിന ക്രിക്കറ്റിൽ നിന്ന് ഉടൻ വിരമിക്കില്ല; നയം വ്യക്തമാക്കി രോഹിത് ശർമ

ദുബായ് :
ചാംപ്യൻസ് ട്രോഫിക്ക് പിന്നാലെ ഏകദിനത്തിൽ നിന്ന് രോഹിത് ശർമ വിരമിക്കും എന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ താൻ ഇപ്പോൾ വിരമിക്കൽ പ്രഖ്യാപിക്കാൻ ഉദ്ധേശിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ. ചാംപ്യൻസ് ട്രോഫി കിരീട നേട്ടത്തിന് പിന്നാലെയാണ് രോഹിത് ശർമയുടെ വാക്കുകൾ. 

"ഭാവി പദ്ധതികൾ ഒന്നുമില്ല. ഇപ്പോൾ എങ്ങനെയാണോ പോകുന്നത് അതുപോലെ തന്നെ കാര്യങ്ങൾ ഇനിയും മുൻപോട്ട് പോകും. ഈ ഫോർമാറ്റിൽ നിന്ന് ഞാൻ വിരമിക്കുന്നില്ല. ഇനി ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിപ്പിക്കേണ്ടതില്ല," വിജയത്തിന് പിന്നാലെ രോഹിത് ശർമ പറഞ്ഞു. 

ബോർഡർ ഗാവസ്കർ ട്രോഫിയിൽ രോഹിത്തിന് ഫോമിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. ഇതിന് ശേഷം ചാംപ്യൻസ് ട്രോഫിയിലേക്ക് വന്നപ്പോൾ മികച്ച തുടക്കം പലപ്പോഴും ലഭിച്ചെങ്കിലും സ്കോർ ഉയർത്താൻ രോഹിത്തിന് സാധിച്ചില്ല. എന്നാൽ രോഹിത് നൽകുന്ന ഈ നല്ല തുടക്കം ടീമിനെ ഏറെ സഹായിക്കുന്നുണ്ട് എന്ന് പറഞ്ഞ് രോഹിത്തിനെ പ്രതിരോധിച്ചാണ് പരിശീലകൻ ഗംഭീർ രംഗത്തെത്തിയത്. 

ഫൈനലിലെ മാച്ച് വിന്നിങ് ഇന്നിങ്സോടെ വിമർശകരുടെ വായടപ്പിക്കാൻ രോഹിത്തിനായി. അടുത്ത ഏകദിന ലോകകപ്പിന് ഇനി രണ്ട് വർഷം കൂടിയുണ്ട്. അതുവരെ രോഹിത്തിന് ടീമിൽ തുടരാനാവുമോ എന്ന് വ്യക്തമല്ല. എന്നാൽ ഇനിയും തന്നിൽ ക്രിക്കറ്റ് ബാക്കിയുണ്ട്, ടീമിനായി സംഭാവന നൽകാനാവും എന്ന ഉറച്ച വിശ്വാസത്തിലാണ് രോഹിത്. 

ചാംപ്യൻസ് ട്രോഫിക്ക് ശേഷം രോഹിത്തുമായി ചീഫ് സെലക്ടർ അജിത് അഗാർക്കും സംസാരിക്കും എന്നും റിപ്പോർട്ടുകളുണ്ട്. ഏകദിനത്തിൽ നിന്നുള്ള വിരമിക്കലും ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്നുള്ള മാറ്റവും ഒരുപക്ഷെ ഇവരുടെ ചർച്ചയിൽ കടന്നു വന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ.

Post a Comment

Previous Post Next Post