വോട്ടർമാർ 9.54 കോടി, വോട്ടു ചെയ്തവർ 9.7 കോടി; മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ആരോപണവുമായി രാഹുൽ

(www.kl14onlinenews.com)
(07-Feb-2025)

വോട്ടർമാർ 9.54 കോടി, വോട്ടു ചെയ്തവർ 9.7 കോടി; മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ആരോപണവുമായി രാഹുൽ

ഡൽഹി: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്ക പ്രകടിപ്പിച്ച് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആകെ 9.54 കോടി വോട്ടർമരുള്ള മഹാരാഷ്ട്രയിൽ എങ്ങനെ 9.7 കോടി ആളുകൾ വോട്ടു രേഖപ്പെടുത്തിയെന്ന് രാഹുൽ ചോദിച്ചു. എൻസിപി എംപി സുപ്രിയ സുലെ, ശിവസേന നേതാവ് സഞ്ജയ് റൗത്ത് എന്നിവർക്കൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലായിരുന്നു രാഹുലിന്റെ ആരോപണം.

ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ അല്ലെന്നും, അന്തിമ വോട്ടർ പട്ടികയാണ് തങ്ങൾക്ക് വേണ്ടതെന്നും രാഹുൽ പറഞ്ഞു. 'സുതാര്യത ഉറപ്പാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. സർക്കാർ കണക്കുകൾ പ്രകാരം, മഹാരാഷ്ട്രയിൽ വോട്ടുചെയ്യാൻ അർഹതയുള്ളവരുടെ എണ്ണം 9.54 കോടിയാണ്. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ 9.7 കോടി ആളുകൾ വോട്ടവകാശം വിനിയോഗിച്ചു. അത് എങ്ങനെ സാധ്യമാകും?' രാഹുൽ ഗാന്ധി ചോദിച്ചു.

'2019ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും ഇടയിൽ 32 ലക്ഷം വോട്ടർമാർ കൂടി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും അതേ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനും ഇടയിൽ 39 ലക്ഷം വോട്ടർമാർ കൂടി. വെറും അഞ്ച് മാസത്തിനുള്ളിലാണ് ഈ വർധന. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഇതിനെക്കുറിച്ച് പാർലമെന്റിൽ സംസാരിച്ചിരുന്നു. പ്രതികരിക്കാൻ ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായിട്ടില്ല,' രാഹുൽ കൂട്ടിച്ചേർത്തു.

അതേസമയം, രാഹുൽ ആവശ്യപ്പെട്ട എല്ലാ രേഖകളും നൽകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു. ​'രാഷ്ട്രീയ പാർട്ടികളുടെ കാഴ്ചപ്പാടുകളും നിർദ്ദേശങ്ങളും ചോദ്യങ്ങളും വിലമതിക്കുന്നു. രാജ്യമെമ്പാടും ഏകീകൃതമായി അംഗീകരിച്ച രീതിയിൽ കമ്മീഷൻ രേഖാമൂലം മറുപടി നൽകും,' സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഇടയിലുള്ള അഞ്ചു മാസ കാലയളവിൽ മഹാരാഷ്ട്രയിലെ വോട്ടർ പട്ടികയിൽ 70 ലക്ഷം വോട്ടർമാരുടെ വർധന ഉണ്ടായെന്ന്, അടുത്തിടെ രാഹുൽ ഗാന്ധി പാർലമെന്റിൽ ആരോപണം ഉന്നയിച്ചിരുന്നു. ഒരു കെട്ടിടത്തിന്റെ വിലാസത്തിൽ നിന്ന് മാത്രം 7,000 പുതിയ വോട്ടർമാർ രജിസ്റ്റർ ചെയ്യപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Post a Comment

Previous Post Next Post