(www.kl14onlinenews.com)
(05-jan-2025)
മലപ്പുറം: കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. മലപ്പുറം കരുളായി നെടുങ്കയത്ത് പൂച്ചപ്പാറ നഗർ കോളനയിലെ മണി (37)യാണ് കൊല്ലപ്പെട്ടത്. വനപ്രദേശമായ മാഞ്ചീരി വട്ടികല്ല് വെച്ചാണ് ആക്രമണം ഉണ്ടായത്. ഒപ്പം ഉണ്ടായിരുന്ന ആളുകൾ ഓടി രക്ഷപ്പെട്ടു.
പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്ക്കാർ വിഭാഗത്തിൽ പെട്ടയാളാണ് മണി. ക്രിസ്മസ് അവധി കഴിഞ്ഞ് മകൾ മീനയെ പട്ടികവർഗ വികസന വകുപ്പിന്റെ പാലേമാട് ഹോസ്റ്റലിലാക്കി കാട്ടിലെ അളയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. കാർത്തിക്, കുട്ടിവീരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
മാഞ്ചീരി കന്നിക്കൈ വരെ ഇവർ ജീപ്പിലെത്തി. പൂച്ചപ്പാറയിലെ അള ലക്ഷ്യമാക്കി നടക്കുന്നതിനിടെ രാത്രി 7 മണിക്കാണ് ആക്രമണം ഉണ്ടായത്. 9.30ന് ആണ് വനപാലകർക്ക് സംഭവത്തിന്‍റെ വിവരം ലഭിച്ചത്. മണിയുടെ തലയ്ക്ക് ഗുരുതര പരിക്കുണ്ടായിരുന്നു. രക്തം വാർന്ന നിലയിലാണ് ജീപ്പിൽ ചെറുപുഴയിൽ എത്തിച്ചത്. അവിടെനിന്ന് ആംബുലൻസിൽ കയറ്റി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ഗവണ്മെന്റ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
Post a Comment