(www.kl14onlinenews.com)
(06-jan-2025)
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ ആക്രമിച്ച കേസിൽ റിമാൻഡിലായ നിലമ്പൂർ എംഎൽഎ പിവി അൻവറിനെ തവനൂര്‍ ജയിലിൽ എത്തിച്ചു. രാത്രി വൈകിയാണ് ജയിലിൽ പ്രവേശിപ്പിച്ചത്. തവനൂർ ജയിലിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി അൻവറിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ടാം തവണയും വൈദ്യപരിശോധന നടത്തിയിരുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അന്‍വറിനെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
അതേസമയം പി വി അൻവർ ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. എം എൽ എക്ക് പുറമേ ഡിഎംകെ പ്രവര്‍ത്തകരായ സുധീര്‍ പുന്നപ്പാല, മുസ്തഫ പട്ടാമ്പി, ഷൗക്കത്ത് പനമരം, കുഞ്ഞിമുഹമ്മദ് എന്നവരേയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
നിലമ്പൂരില്‍ കാട്ടനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവാവായ മണി മരിച്ചതുമായി ബന്ധപ്പെട്ടാണ് അന്‍വറിന്‍റെ നേതൃത്വത്തിലുള്ള ഡിഎംകെ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസിൽ പ്രതിഷേധം നടത്തിയിരുന്നത്. ഇതിനിടയിലായിരുന്നു പ്രവർത്തകർ ഓഫീസ് ആക്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് പി വി അന്‍വറിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഭാരതീയ ന്യായ സംഹിതയിലെ 121 (ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്‍പിക്കുക-ജാമ്യമില്ലാക്കുറ്റം), 132 (ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക- ജാമ്യമില്ലാക്കുറ്റം), 189 (2) (അന്യായമായി സംഘം ചേരല്‍-ജാമ്യം ലഭിക്കാവുന്ന കുറ്റം), 190 (പൊതു ഉദ്ദേശത്തിനായി സംഘം ചേരുക), 191 (2) (കലാപം-ജാമ്യം ലഭിക്കാവുന്ന കുറ്റം), 329(3) (അതിക്രമിച്ച് കടക്കുക- ജാമ്യം ലഭിക്കാവുന്ന കുറ്റം), 332 (സി) (കുറ്റകൃത്യത്തിനായി അതിക്രമിച്ച് കടക്കുക-ജാമ്യം ലഭിക്കാവുന്ന കുറ്റം) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചതിന് പിഡിപിപി നിയമത്തിന്റെ 3 (1) വകുപ്പ് അനുസരിച്ച് ജാമ്യമില്ലാക്കുറ്റവും അന്‍വറിനെതിരെ ചുമത്തിയിരുന്നു. അന്‍വറിന് പുറമേ പത്ത് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിരുന്നു.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നടത്തിയ അറസ്റ്റെന്നാണ് പിവി അൻവറിൻ്റെ വാദം. മുഖ്യമന്ത്രിയുടെയും ആഭ്യന്തരവകുപ്പിന്റെയും അറിവോടും നിര്‍ദേശത്തോടെയുമാണ് തീരുമാനം. പി ശശിയും അജിത് കുമാറും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പൊലീസ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
അൻവറിൻ്റെ അറസ്റ്റിൽ പിണറായി സർക്കാരിനെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല, മാത്യു കുഴൽനാടൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.
Post a Comment