തെറ്റൊന്നും ചെയ്തിട്ടില്ല; നാളെ ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും: ബോബി ചെമ്മണ്ണൂർ

(www.kl14onlinenews.com)
(09-jan-2025)

തെറ്റൊന്നും ചെയ്തിട്ടില്ല; നാളെ ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും: ബോബി ചെമ്മണ്ണൂർ
താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വീണ്ടും ആവർത്തിച്ച് ബോബി ചെമ്മണ്ണൂർ. 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിനെ തുടർന്ന് കാക്കനാട് ജില്ലാ ജയിലിൽ എത്തിച്ചപ്പോൾ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ബോബി ചെമ്മണ്ണൂർ.

നാളെ എറണാകുളം ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.

ഇതിനിടെ എറണാകുളം ജനറൽ ആശുപത്രിയിൽ ബോബി ചെമ്മണ്ണൂരിനെ വെെദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ ചില നാടകീയ സംഭവങ്ങൾ ഉണ്ടായി.

ബോബിയെ കൃത്യമായി പരിശോധിക്കാൻ പോലീസ് ഡോക്ടറെ അനുവദിച്ചില്ലെന്ന് ആരോപിച്ച് ചിലർ പോലീസ് വാഹനം തടഞ്ഞു. ബോബി ചെമ്മണ്ണൂരിന് ആരോഗ്യപ്രശ്നം ഉണ്ടെന്നും കൃത്യമായി ഇസിജി എടുത്തില്ലെന്നും ആരോപിച്ചാണ് ആശുപത്രിയിൽ നിന്നും കാക്കനാട് ജില്ലാ ജയിലിലേക്ക് പോവുകയായിരുന്ന പോലീസ് വാഹനം ഇവർ തടഞ്ഞത്.

ഇത് ബോബിയുടെ ആരാധകർ ആണോ ബൗൺ‍സമാർ ആണോ എന്ന് വ്യക്തമല്ല.

ലെെംഗികമായി അധിക്ഷേപിച്ചെന്ന് നടി ഹണീ റോസിൻ്റെ പരാതിയിൽ എടുത്ത കേസിലാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ബോബി ചെമ്മണ്ണൂരിനെ കോടതി 14 ദിവസം റിമാൻഡ് ചെയ്തത്.

കോടതി ജാമ്യം നിഷേധിച്ച ഉടൻ തന്നെ തനിക്ക് ദേഹാസ്വസ്ഥം അനുഭവപ്പെടുന്നു എന്ന് കോടതിയെ അറിയിച്ചതിനാൽ ബോബി ചെമ്മണ്ണൂരിനോട് കോടതിയിൽ വിശ്രമിച്ചുകൊള്ളാൻ അനുവദിച്ചു. തനിക്ക് അൾസർ ഉണ്ടെന്ന് ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു. തുടർന്നാണ് ബോബിയെ സമീപത്തുള്ള ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അഭിരാമിയാണ് ശിക്ഷ വിധിച്ചത്. പ്രശസ്ത അഡ്വക്കേറ്റ് രാമപിള്ളയാണ് ബോബി ചെമ്മണ്ണൂരിന് വേണ്ടി ഹാജരായത്.

സംഭവം നടന്ന് ഏറെനാൾക്ക് ശേഷം പരാതിയുമായി എത്തുന്നതിൽ സംശയം ഉണ്ടെന്നാണ് പ്രതിഭാഗം വാദിച്ചത്. അടുത്ത ദിവസം ഇറങ്ങുന്ന സിനിമയുടെ മാർക്കറ്റിങ്ങിൻ്റെ ഭാഗമാണ് ഈ കേസെന്നും പ്രതിഭാഗം വാദിച്ചു.

എന്നാൽ കേസിൻ്റെ മെറിറ്റിലേക്ക് ഇപ്പോൾ പോകുന്നില്ലെന്ന് കോടതി അറിയിച്ചു. ജാമ്യം ഇപ്പോൾ നൽകേണ്ടതുണ്ടോയെന്നാണ് പരിശോധിക്കുന്നതെന്നും കോടതി അറിയിച്ചു. അതുകൊണ്ട് തന്നെ പ്രതിഭാഗം ഹാജരാക്കിയ വീഡിയോകൾ കാണാൻ പോലും കോടതി തയാറായില്ല.

Post a Comment

Previous Post Next Post