(www.kl14onlinenews.com)
(08-jan-2025)
നിയമസംവിധാനങ്ങൾക്കും ഒപ്പം നിന്ന എല്ലാവർക്കും നന്ദി; മുഖ്യമന്ത്രിക്കും കേരള പൊലീസിനും നന്ദി പറഞ്ഞ് ഹണി റോസ്
കൊച്ചി: തനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി പറഞ്ഞ് നടി ഹണി റോസ്. ലൈംഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹണി റോസിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹണി നന്ദി അറിയിച്ചത്. മുഖ്യമന്ത്രിക്കും കേരള പൊലീസിനും ഹണി റോസ് നന്ദി പറയുന്നു. ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ വയനാട്ടിൽ നിന്നും കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കൊച്ചി സെൻട്രൽ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് കൊച്ചി ഡിസിപി അറിയിച്ചു. ഏഴ് മണിയോടെ പ്രതിയുമായി പൊലീസ് സംഘം കൊച്ചിയിലെത്തുമെന്നാണ് വിവരം.
ഹണിയുടെ ഫേസ്ബുക്ക് കുറിപ്പ്
ഒരു വ്യക്തിയെ കൊന്നുകളയാൻ കത്തിയും തോക്കും ഒന്നും വേണ്ട ഇക്കാലത്ത്. ഒരുകൂട്ടം സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിന്നുള്ള നീചവും ക്രൂരവുമായ അസഭ്യ അശ്ലീല ദ്വയാർത്ഥ കമന്റുകളും പ്ലാൻഡ് ക്യാംപെയിനും മതി. സാമൂഹ്യ മാധ്യമ ഗുണ്ടായിസത്തിന് നേതാവ് ഉണ്ടെങ്കിൽ മൂർച്ച കൂടും. പ്രതിരോധിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരന്റെ അവകാശവും സംരക്ഷണവും തേടിയുള്ള എന്റെ പോരാട്ടത്തിന് ഒപ്പം നിന്ന് ശക്തമായ ഉറപ്പു നൽകി നടപടി എടുത്ത കേരള സർക്കാരിനെ നയിക്കുന്ന ശ്രീ പിണറായി വിജയൻ അദ്ദേഹത്തിനും കേരള പൊലീസിനും ഞാനും എന്റെ കുടുംബവും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
വേണ്ടെന്ന് പൊലീസ്; ഹണി റോസിനെ അധിക്ഷേപിച്ചതിന് കസ്റ്റഡിയിലായ ബോബി ചെമ്മണ്ണൂരിന് സ്വന്തം വാഹനത്തിൽ യാത്ര ചെയ്യണമെന്ന്
നടി ഹണി റോസ് നൽകിയ അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ. വയനാട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. കൊച്ചിയിലേക്ക് കൊണ്ടു പോയതിന് ശേഷം ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയെന്നാണ് സൂചന. കൊച്ചിയിൽ നിന്നെത്തിയ അന്വേഷണ സംഘമാണ് ബോബിയെ കസ്റ്റഡിയിലെടുത്തത്.
അതിനിടെ കൊച്ചിയിലേക്ക് സ്വന്തം വാഹനത്തിൽ യാത്ര ചെയ്യണമെന്ന ബോബി ചെമ്മണ്ണൂരിന്റെ ആവശ്യം പൊലീസ് നിഷേധിച്ചു. ലൈംഗിക അധിക്ഷേപ കേസിലെ പ്രതിയ്ക്ക് നല്‍കുന്ന പരിഗണന മാത്രമേ നല്‍കൂവെന്ന് പൊലീസ് വ്യക്തമാക്കി. കോയമ്പത്തൂരിൽ ഷോറൂം ഉദ്ഘാടനം കഴിഞ്ഞ് ബംഗളൂരുവിലേക്ക് കടക്കാനാണ് ബോബി ചെമ്മണ്ണൂർ ലക്ഷ്യമിട്ടത്.
ഇതിനിടെ പൊലീസ് എത്തുന്ന വിവരം ബോബി അറിഞ്ഞു. മുൻകൂർ ജാമ്യത്തിനായി അഭിഭാഷകനോടും സംസാരിച്ചിരുന്നു. ഒളിവിൽ നിന്ന് മുൻകൂർ ജാമ്യം നേടുകയായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ ലക്ഷ്യം. ഇതിനിടെയാണ് പൊലീസിന്റെ അപ്രതീക്ഷിത കസ്റ്റഡി. ഐടി വകുപ്പുകള്‍ പ്രകാരമുളള കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിരുന്നു. മൊഴി എടുത്ത ശേഷം അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് പോകാനാണ് പൊലീസിന്‍റെ തീരുമാനം. ഹണി റോസിനെതിരായ സൈബർ ആക്രമണക്കേസ് പ്രത്യേക സംഘമാണ് അന്വേഷിച്ചു വരുന്നത്. എറണാകുളം സെന്‍ട്രല്‍ എസ്എച്ച്ഒക്കാണ് ഇതിന്റെ അന്വേഷണ ചുമതല.
Post a Comment