ബോച്ചെ അറസ്റ്റിൽ, ഒറ്റ ദിവസം കൊണ്ട് കമന്റ് ബോക്സ് ക്ലീൻ; ഹണി റോസിന്റെ യുദ്ധം ഫലം കാണുമ്പോൾ

(www.kl14onlinenews.com)
(08-jan-2025)

ബോച്ചെ അറസ്റ്റിൽ, ഒറ്റ ദിവസം കൊണ്ട് കമന്റ് ബോക്സ് ക്ലീൻ; ഹണി റോസിന്റെ യുദ്ധം ഫലം കാണുമ്പോൾ
കൊച്ചി :
സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നിയമപോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ് ഹണി റോസ്.ചൊവ്വാഴ്ച ബോബി ചെമ്മണ്ണൂരിനെതിരെ നടി എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അതിനു പിന്നാലെ, നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബോബിയെ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ് പൊലീസ്. ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്.

ഹണിയുടെ പരാതി കൊണ്ടുള്ള റിസൽറ്റ് നടിയുടെ സോഷ്യൽ മീഡിയ പേജുകളിലും ഇപ്പോൾ വ്യക്തമായി കാണാം. ക്ലീനായ കമന്റ് ബോക്സ് തന്നെയാണ് അതിനുദാഹരണം. നിരന്തരം കമന്റ് ബോക്സിൽ ബോഡി ഷേമിംഗ് കമന്റുകൾ ഇടുന്നവരൊക്കെ ഞൊടിയിടയിൽ അപ്രത്യക്ഷമായിരിക്കുകയാണ്. ഹണിറോസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൊലീസിന്റെ മോണിറ്ററിംഗിൽ ആണ് എന്നതും സൈബർ ബുള്ളിയിങ് ചെയ്യുന്നവരിൽ ഭീതി പടർത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച, ബോബി ചെമ്മണ്ണൂരിനെതിരെ കേസ് നൽകിയ ശേഷം ബോബിയെ അതിസംബോധന ചെയ്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ, 'താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും,' എന്ന് ഹണി എടുത്തു പറഞ്ഞിരുന്നു. എന്തായാലും, ഹണിയുടെ ആ തുറന്ന കത്തിന്റെ റിസൽറ്റ് ആ കമന്റ് ബോക്സിൽ കാണാം.ബോബി ചെമ്മണ്ണൂരിനു പോലുംg പിടി വീഴുന്നു എന്ന അവസ്ഥയിൽ പലരും കമന്റിൽ മിതത്വം പാലിച്ചു തുടങ്ങിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അസഭ്യ അശ്ലീല പരാമർശങ്ങൾ നടത്തുന്നവരോട് താൻ യുദ്ധം പ്രഖ്യാപിക്കുകയാണെന്ന് മുൻപു പങ്കുവച്ച പോസ്റ്റിലും ഹണി വ്യക്തമാക്കിയിരുന്നു.

"ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാൻ പൊതുവേദിയിൽ എത്തിയിട്ടില്ല. നിങ്ങൾ ഓരോരുത്തരും അവരവരുടെ ചിന്തകൾ അനുസരിച്ച് സ്വയം നിയമസംഹിതകൾ സൃഷ്ടിക്കുന്നതിൽ ഞാൻ ഉത്തരവാദി അല്ല.

ഒരു അഭിനേത്രി എന്ന നിലയിൽ എന്നെ വിളിക്കുന്ന ചടങ്ങുകൾക്ക് പോകുന്നത് എന്റെ ജോലിയുടെ ഭാഗമാണ്.

എന്റെ വസ്ത്രധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായോ സർഗാത്മകമായോ വിമർശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല, പരാതി ഇല്ല. പക്ഷേ അത്തരം പരാമർശങ്ങൾക്ക്, ആംഗ്യങ്ങൾക്ക് ഒരു Reasonable Restriction വരണം എന്നു ഞാൻ വിശ്വസിക്കുന്നു. ആയതിനാൽ എന്റെ നേരെ ഉള്ള വിമർശനങ്ങളിൽ അസഭ്യ അശ്ലീല പരാമർശങ്ങൾ ഉണ്ടെങ്കിൽ ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് ഞാൻ നിങ്ങളുടെ നേരെ വരും.

ഒരിക്കൽ കൂടി പറയുന്നു സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരേ നിങ്ങളോട് ഇതേ അവസ്ഥയിൽ കടന്നുപോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഹണി റോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു," എന്നായിരുന്നു ഹണി കുറിച്ചത്.

ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണ് ബോബിയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഓഗസ്റ്റ് 7ന് ബോബി ചെമ്മണ്ണൂരിന്റെ കണ്ണൂർ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോൾ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനു ശേഷവും പല വേദികളിലും താൻ നേരിട്ട ബുദ്ധിമുട്ടുകളും നടി പരാതിയിൽ എടുത്തുപറഞ്ഞിട്ടുണ്ട്.

എഡിജിപി മനോജ് ഏബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ എന്നിവരെ നടി നേരിട്ടു കണ്ടിരുന്നു. ഇവരുടെ നിർദേശപ്രകാരമാണു പരാതി നൽകാൻ തീരുമാനിച്ചത്.

അതേസമയം 
വയനാട്ടിലെ തൻ്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ബോബി ചെമ്മണ്ണൂരിൻ്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു.തുടർന്ന് കൊച്ചി പൊലീസ് വയനാട് പൊലീസിന് വിവരം കൈമാറുകയായിരുന്നു. ബോബി ചെമ്മണ്ണൂർ ഒളിവിൽ പോകാനായിരുന്നു നീക്കം. മുൻ കൂർജാമ്യ ഹർജി നൽകാനും നീക്കമുണ്ടായിരുന്നു. ഇതെല്ലാം പൊളിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊച്ചിയിൽ നിന്നെത്തിയ പൊലീസ് സം​ഘവും എത്തിയാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്.

മാസങ്ങൾക്കുമുൻപ്‌ രണ്ട് ഷോപ്പുകളുടെ ഉദ്ഘാടനങ്ങൾക്ക് നടി വന്നിരുന്നുവെന്ന് ബോബി ചെമ്മണൂർ പറഞ്ഞു. ആഭരണങ്ങൾ ധരിച്ച് മോഡലിങ്ങൊക്കെ ചെയ്ത് അവർ നൃത്തം ചെയ്തിരുന്നു. പോസിറ്റീവായി ഞാനൊരു പരാമർശം നടത്തി. കുറേപ്പേർ അത് ദ്വയാർഥത്തിൽ ഉപയോഗിച്ചു. അവർക്കത് ഡാമേജായി, വിഷമമായി. അതിൽ എനിക്കും വിഷമമുണ്ട്. ഞാൻ മനപ്പൂർവം ഒരാളോടും ഇങ്ങനെയൊന്നും ചെയ്യില്ല. തമാശയ്ക്ക് എന്തെങ്കിലുമൊക്കെ പറയും. മാർക്കറ്റിങ്ങിന്റെ ഭാഗമായിട്ടായിരുന്നു അതെല്ലാമെന്നും ബോബി പറഞ്ഞിരുന്നു.

പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം.

Post a Comment

Previous Post Next Post