(www.kl14onlinenews.com)
(17-jan-2025)
മുംബൈ :
വീട്ടിലേക്ക് അതിക്രമിച്ചു കയറിയ അക്രമിയാൽ കുത്തേറ്റ സെയ്ഫ് അലിഖാൻ ഇപ്പോൾ മുംബൈയിലെ ലീലാവതി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. സെയ്ഫ് അലി ഖാന്റെ ആരോഗ്യസ്ഥിതി വിശദീകരിച്ച മെഡിക്കൽ ടീം, സെയ്ഫ് ജീവിതത്തിലും ഒരു ഹീറോ ആണെന്ന് വാഴ്ത്തി. സെയ്ഫിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടതായും ഐസിയുവിൽ നിന്ന് പ്രത്യേക മുറിയിലേക്ക് മാറ്റിയതായും ഡോക്ടർമാർ അറിയിച്ചു. സെയ്ഫിന് ഇന്ന് നടക്കാൻ കഴിഞ്ഞെന്നും നിലവിൽ പക്ഷാഘാതത്തിനുള്ള സാധ്യതയില്ലെന്നും ഡോക്ടർമാർ വിശദീകരിച്ചു.
തന്റെ കുടുംബം ആക്രമിക്കപ്പെട്ടപ്പോൾ സെയ്ഫ് ഒരു നായകനെ പോലെ സമചിത്തതയോടെ പ്രവർത്തിച്ചു എന്ന് ലീലാവതി ഹോസ്പിറ്റലിലെ സിഒഒ ഡോ. നിരജ് ഉത്തമനി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. "അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ഐസിയുവിൽ നിന്ന് പ്രത്യേക മുറിയിലേക്ക് മാറ്റുകയാണ്. ഇന്ന്, ഞങ്ങൾ സന്ദർശകരെ നിയന്ത്രിക്കും, കാരണം അദ്ദേഹം വിശ്രമിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു."
സെയ്ഫ് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ഡോക്ടർമാർ പറഞ്ഞു. നട്ടെല്ലിന് കേവലം 2 മില്ലീമീറ്റർ മാത്രം അകലെയായിരുന്നു കത്തിയുടെ പരിക്ക്, കത്തി കൂടുതൽ ആഴത്തിൽ കയറിയിരുന്നെങ്കിൽ സുഷുമ്നാ നാഡിക്ക് കേടുപാടുകൾ സംഭവിക്കുമായിരുന്നു. "അദ്ദേഹം ഭാഗ്യവാനാണ്, അദ്ദേഹം രക്ഷപ്പെട്ടത് 2 മില്ലീമീറ്ററിന്റെ വ്യത്യാസത്തിലാണ്. കത്തി തറച്ചത്, സുഷുമ്‌നാ നാഡിക്ക് കേവലം 2 മില്ലിമീറ്റർ മാത്രം അകലെയായിരുന്നു, പരിക്കേൽക്കാമായിരുന്നു". സെയ്ഫ് "രക്തത്തിൽ പുതഞ്ഞ" രീതിയിലാണ് ഹോസ്പിറ്റലിൽ എത്തിയതെന്നും ഡോക്ടർമാർ പറഞ്ഞു.
“സെയ്ഫിന് ഇപ്പോൾ നന്നായി നടക്കാൻ കഴിയും, കുഴപ്പമൊന്നുമില്ല. വലിയ വേദനയോ മറ്റ് ലക്ഷണങ്ങളോ ഇല്ല. ഐസിയുവിൽ നിന്ന് പ്രത്യേക മുറിയിലേക്ക് മാറ്റുന്നത് ഇപ്പോൾ സുരക്ഷിതമാണ്. ഞങ്ങൾ നിർദ്ദേശിച്ച ഒരേയൊരു കാര്യം, മുതുകിലെ മുറിവുകൾ കാരണം, പ്രത്യേകിച്ച് അണുബാധയ്ക്ക് സാധ്യതയുള്ളതിനാൽ അദ്ദേഹം കുറച്ച് സമയം വിശ്രമിക്കണം എന്നുമാത്രമാണ്. സന്ദർശകരെ കർശനമായി നിയന്ത്രിച്ചിരിക്കുകകയാണ്." വ്യാഴാഴ്ച സെയ്ഫിനെ ഓപ്പറേഷൻ ചെയ്ത ന്യൂറോ സർജൻ ഡോ നിതിൻ ഡാംഗെ പറഞ്ഞു.
വ്യാഴാഴ്ച പുലർച്ചെയാണ് സെയ്ഫ് അലി ഖാനെ വീട്ടിൽ കയറി അജ്ഞാതൻ ആക്രമിച്ചത്. ഭാര്യ കരീന കപൂർ, മക്കളായ തൈമൂർ (8), ജെ (3) എന്നിവരും ആ സമയം വീട്ടിലുണ്ടായിരുന്നു. ആദ്യം ജെഹിൻ്റെ നാനിയാണ് ആദ്യം അക്രമിയെ കണ്ടത്. അക്രമി ജെഹിൻ്റെ കിടക്കയ്ക്ക് അരികിലേക്ക് നടക്കുന്നതു കണ്ട് തടയാൻ ശ്രമിച്ചപ്പോൾ അക്രമി ജെഹിന്റെ നാനി ഏലിയാമ്മയെ അക്രമിക്കുകയും മിണ്ടാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നിരുന്നിലും, സമയോചിതമായി ഏലിയാമ്മ ബഹളം വച്ച് വീട്ടിലെ മറ്റു അംഗങ്ങളെ വിവരമറിയിച്ചു. ശബ്ദം കേട്ട് മുറിയിലേക്ക് ഓടിയെത്തിയ സെയ്ഫിനെ അക്രമി ആറ് തവണ കുത്തി. വീട്ടുകാർ അക്രമിയെ പൂട്ടിയിട്ട് മുറിക്ക് പുറത്തേക്ക് ഓടിയ സമയത്ത് അയാൾ രക്ഷപ്പെടുകയായിരുന്നു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു.
Post a Comment