(www.kl14onlinenews.com)
(17-jan-2025)
കൊച്ചി: തനിക്ക് ലഭ്യമാക്കിയ മികച്ച ചികിത്സക്ക് മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞ് തൃക്കാക്കര എംഎൽഎ ഉമാ തോമസ്. ഉമയെ ചികിത്സയിൽ കഴിയുന്ന റെനൈ മെഡിസിറ്റിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചിരുന്നു. ഏതാനും മിനിറ്റുകൾ അദ്ദേഹം ഉമയോട് സംസാരിക്കുകയും ചെയ്തു.
കഴിഞ്ഞമാസം കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെ ഉദ്ഘാടനത്തിനിടെ വേദിയില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ ഉമ തോമസ് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പരിപാടിയിൽ പങ്കെടുത്തത് പോലും ഇപ്പോൾ തനിക്ക് ഓർമയില്ലെന്നാണ് ഉമാ തോമസ് മുഖ്യമന്ത്രിയോട് പറഞ്ഞത്. ഡോക്ടർ കാണിച്ച വീഡിയോ കണ്ട് ഭയം തോന്നിയെന്നും അവർ പറഞ്ഞു.
വീഴ്ചയുടെ വിഡിയോ കണ്ടതായി മുഖ്യമന്ത്രിയും പറഞ്ഞു. നാടാകെ ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
നിയമസഭയില്‍ പോകണമെന്ന് പറഞ്ഞിരിക്കുകയാണ് എംഎല്‍എയെന്ന് ഡോക്ടര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. ‘ഇപ്പോള്‍ ഇവര്‍ പറഞ്ഞതനുസരിക്കൂ, ബാക്കി ഇത് കഴിഞ്ഞിട്ട് നോക്കാം’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഡോക്ടർമാരോടും കുടുംബാംഗങ്ങളോടും മുഖ്യമന്ത്രി എംഎൽഎയുടെ ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചറിയുകയും ചെയ്തു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ, സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ തുടങ്ങിയവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഇതിനിടെ, ആശുപത്രിക്കകത്ത് ഡോക്ടറുടെ കൈ പിടിച്ച് ഉമ തോമസ് നടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗനാദമെന്ന പേരില്‍ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എക്ക് ഗുരുതര പരിക്കേറ്റത്
Post a Comment