(www.kl14onlinenews.com)
(16-Dec-2024)
ന്യൂഡൽഹി: സോണിയ ഗാന്ധി സൂക്ഷിച്ചിരിക്കുന്ന ജവഹർലാൽ നെഹ്‌റുവിൻറെ കത്തുകൾ തിരിച്ചേൽപിക്കാൻ രാഹുൽ ഗാന്ധി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നെഹ്‌റു മെമോറിയൽ ലൈബ്രറി രാഹുലിന് കത്ത് അയച്ചു. ലൈബ്രറി ഭരണസമിതി അംഗവും ചരിത്രകാരനുമായ റിസ്വാൻ കാദ്രിയാണ് രാഹുലിന് കത്തയച്ചത്.
കഴിഞ്ഞ സെപ്റ്റംബറിൽ സോണിയ ഗാന്ധിയോട് സമാനമായ അഭ്യർത്ഥന നടത്തിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയോടുള്ള ഏറ്റവും പുതിയ അഭ്യർത്ഥന. കത്തുകൾ യഥാർത്ഥ രൂപത്തിൽ വീണ്ടെടുക്കാനോ ഡിജിറ്റൽ പകർപ്പുകളോ ഫോട്ടോ കോപ്പികളോ നൽകാനോ ആണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.നെഹ്‌റു മെമോറിയൽ ലൈബ്രറിക്ക് കൈമാറിയിരുന്ന രേഖകളിൽനിന്നും 2008ൽ സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരം കത്തുകൾ തിരിച്ചെടുത്തിരുന്നു. ഡിസംബർ 10-നാണ് കത്തുകൾ തിരിച്ചേൽപിക്കാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് കത്ത് അയച്ചത്.
51 പെട്ടികളിലാക്കിയാണ് സോണിയാ ഗാന്ധിക്ക് കത്തുകൾ കൈമാറിയത്. അക്കാലത്തെ പ്രമുഖ വ്യക്തികൾ തമ്മിലുള്ള കത്തിടപാടുകൾ ഉൾപ്പെടുന്നതിനാൽ ഈ കത്തുകൾക്ക് ചരിത്രപരമായ പ്രാധാന്യമുണ്ട്. എന്നാൽ ഈ സംഭവത്തെ പരിഹസിച്ച് ബിജെപി എംപി സംബിത് പത്ര രംഗത്ത് വന്നു.
ചരിത്രപ്രാധാന്യമുള്ള കത്തുകൾ
ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതായി കരുതപ്പെടുന്ന കത്തുകൾ 1971-ലാണ് ആദ്യം ലൈബ്രറിയെ ഏൽപ്പിച്ചത്. നെഹ്റു എഡ്വിന മൗണ്ട് ബാറ്റൻ, ആൽബർട്ട് ഐൻസ്റ്റീൻ, ജയപ്രകാശ് നാരായൺ അരുണ ആസഫ് അലി, വിജയ ലക്ഷ്മി പണ്ഡിറ്റ്, ബാബു ജഗ്ജീവൻ റാം, ഗോവിന്ദ് ബല്ലഭ് തുടങ്ങിയവർക്കയച്ച കത്തുകളാണ് ലൈബ്രറി ആവശ്യപ്പെട്ടിരിക്കുന്നത്
Post a Comment