മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് അന്തരിച്ചു; അന്ത്യം ഡല്‍ഹി എയിംസില്‍

(www.kl14onlinenews.com)
(26-Dec-2024)

മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് അന്തരിച്ചു; അന്ത്യം ഡല്‍ഹി എയിംസില്‍
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങിന് വിട. ഡൽഹി എയിംസ് ആശുപത്രിയിൽ വെച്ച് വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് അദ്ദേഹത്തെ എയിംസ് തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. 92 വയസായിരുന്നു. റിസർവ് ബാങ്ക് ഗവർണ്ണർ, രാജ്യസഭാ പ്രതിപക്ഷ നേതാവ്, ധനമന്ത്രി എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

2004 മേയ് 22-നാണ് മൻമോഹൻ സിങ് ഇന്ത്യയുടെ പ്രധാമന്ത്രിയായി സ്ഥാനമേൽക്കുന്നത്. പിന്നീട് നീണ്ട പത്തുവർഷം മൻമോഹൻ സിങ് ഇന്ത്യയെ നയിച്ചു.മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി (മഹാത്മ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരണ്ടി - എംഎൻആർഇജിഎ) ഉൾപ്പെടെയുള്ള സാമൂഹികക്ഷേമ പദ്ധതികളുടെ തുടക്കവും മൻമോഹൻ സിങ് സർക്കാരിന്റെ കാലത്തായിരുന്നു. കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായുള്ള വിദ്യാഭ്യാസ അവകാശം നൽകുന്ന നിയമം പാർലമെന്റ് പാസാക്കിയത് 2009-ലാണ്.

2010-ലാണ് നിയമം നിലവിൽ വന്നത്. ഇതോടെ വിദ്യാഭ്യാസം കുട്ടികളുടെ മൗലിക അവകാശമായി കണക്കാക്കുന്ന ലോകത്തിലെ 135 രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറി. ഇന്തോ - അമേരിക്ക ആണവ കരാർ, വിവരാവകാശ നിയമം, ആധാറിന്റെ ആശയം അവതരിപ്പിച്ചതുമെല്ലാം മൻമോഹൻ സിങ്ങ് സർക്കാരിന്റെ സുപ്രധാന നീക്കങ്ങളിൽ ഉൾപ്പെടുന്നു.ലോകത്തിൽ ഏറ്റവും വേഗത്തിൽ വളർച്ച കൈവരിക്കുന്ന രണ്ടാമത്തെ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിയത് മൻമോഹൻ സർക്കാരിന്റെ കാലത്താണ്.

തൊണ്ണൂറുകളുടെ തുടക്കത്തിൽ രാഷ്ട്രീയത്തിലേക്ക്

1991ലെ നരസിംഹ റാവു സർക്കാരിൽ ധനകാര്യ മന്ത്രിയായാണ് മൻമോഹൻസിങ്ങിന്റെ രാഷ്ട്രീയ പ്രവേശനം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ)യുടെ ഗവർണറായും പ്ലാനിങ് കമ്മിഷൻ ഡെപ്യൂട്ടി ചെയർമാനായും ജനീവ ആസ്ഥാനമായുള്ള സ്വതന്ത്ര സാമ്പത്തികനയ വിദഗ്ധരുടെ കൂട്ടായ്മയായ സൗത്ത് കമ്മിഷന്റെ സെക്രട്ടറി ജനറലായും മികവ് തെളിയിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന് മന്ത്രിസഭയിലേക്കുള്ള വിളിയെത്തിയത്.

91ൽ ധനകാര്യ മന്ത്രിയായിരിക്കെയാണ് ഇന്ത്യയിലെ സാമ്പത്തിക ഉദാരവത്കരണത്തിന്റെ ശില്പിയെന്ന തലക്കെട്ട് മൻമോഹൻ സിങ്ങിന് ലഭിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച മന്ദഗതിയിലാക്കുകയും അഴിമതിക്ക് വഴിയൊരുക്കുകയും ചെയ്ത ലൈസൻസ് രാജ് റദ്ദാക്കിയതായിരുന്നു സുപ്രധാന നടപടികളിലൊന്ന്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഉദാരമാക്കി.

ലോക്സഭ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു തവണ മാത്രമാണ് മൻമോഹൻ സിങ് മത്സരിച്ചിട്ടുള്ളത്. 1999ൽ സൗത്ത് ഡൽഹി മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പടുകയായിരുന്നു. അന്ന് ബിജെപിയുടെ പ്രൊഫ. വിജയ് കുമാർ മൽഹോത്രയോടായിരുന്നു മൻമോഹൻ സിങ്ങിന്റെ തോൽവി.1991ൽ ധനമന്ത്രിയായി നാല് മാസത്തിനുശേഷമാണ് കോൺഗ്രസ് മൻമോഹൻ സിങ്ങിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. അഞ്ച് തവണയാണ് അസമിനെ പ്രതിനിധീകരിച്ച് മൻമോഹൻ സിങ് രാജ്യസഭയിലെത്തിയത്. 2019-ൽ രാജസ്ഥാനിൽനിന്നാണ് മൻമോഹൻ പാർലമെന്റിലെത്തിയത്.

ജനനം അവിഭക്ത ഇന്ത്യയിൽ

അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിൽ പെട്ട ഒരു ഗ്രാമത്തിൽ 1932 സെപ്റ്റംബർ 26നാണ് ഡോ. മൻമോഹൻ സിംങ്ങിന്റെ ജനനം. 1948ൽ പഞ്ചാബ് സർവകലാശാലയിൽനിന്ന് മെട്രിക്കുലേഷൻ പരീക്ഷ പാസ്സായി. തുടർന്ന് 1957ൽ ബ്രിട്ടനിലെ കേംബ്രിജ് സർവകലാശാലയിൽ പഠിച്ച് സാമ്പത്തികശാസ്ത്രത്തിൽ ഒന്നാം ക്ലാസ് ഓണേഴ്സ് ബിരുദം നേടി. ഓക്സ്ഫഡ് സർവകലാശാലയിലെ നഫിൽഡ് കോളജിൽ ചേർന്ന് 1962ൽ സാമ്പത്തിക ശാസ്ത്രത്തിൽ ഡി.ഫിൽ പൂർത്തിയാക്കി

പഞ്ചാബ് സർവകലാശാലയിലും പ്രമുഖ ഉന്നതപഠന കേന്ദ്രമായ ഡെൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്സിലും അധ്യാപകനായി പ്രവർത്തിച്ചപ്പോഴുള്ള മെച്ചപ്പെട്ട പ്രകടനം അദ്ദേഹത്തെ അക്കാദമിക് രംഗത്തു ശ്രദ്ധേയനാക്കി. ഈ കാലഘട്ടത്തിൽ കുറച്ചു കാലം യു.എൻ.സി.ടി.എ.ഡി. സെക്രട്ടേറിയറ്റിലും പ്രവർത്തിച്ചു. ഇത് 1987നും 1990നും ഇടയിൽ ജനീവയിലെ സൗത്ത് കമ്മീഷന്റെ സെക്രട്ടറി ജനറൽ പദവിയിലെത്താനുള്ള വഴിയൊരുക്കി

1971ൽ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽ സാമ്പത്തികശാസ്ത്ര ഉപദേഷ്ടാവായി ചേർന്നു. അടുത്ത വർഷം ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായി. പല പ്രധാന പദവികളും ഡോ. സിംങ്ങിനെ തേടിയെത്തി. ധനകാര്യമന്ത്രാലയം സെക്രട്ടറി, പ്ലാനിംഗ് കമ്മീഷൻ ഡെപ്യൂട്ടി ചെയർമാൻ, റിസർവ് ബാങ്ക് ഗവർണർ, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്, യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ചെയർമാൻ തുടങ്ങിയ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

എണ്ണിയാലൊടുങ്ങാത്ത അംഗീകാരങ്ങൾ

ഒട്ടേറെ അവാർഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള ഡോ. സിംങ്ങിനെ തേടിയെത്തിയ ഏറ്റവും പ്രമുഖ പുരസ്‌കാരം 1987ൽ ലഭിച്ച ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷൺ ആണ്. 1995ൽ ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിന്റെ ജവഹർലാൽ നെഹ്രു ജൻമശതാബ്ദി അവാർഡും 1993ലും 94ലും മികച്ച ധനകാര്യമന്ത്രിക്കുള്ള ഏഷ്യാ മണി അവാർഡും ലഭിച്ചു.

1993ൽ മികച്ച ധനകാര്യമന്ത്രിക്കുള്ള യൂറോ മണി അവാർഡും 1956ൽ കേംബ്രിജ് സർവകലാശാലയുടെ ആഡം സ്മിത്ത് സമ്മാനവും 1955ൽ കേംബ്രിജിലെ സെന്റ് ജോൺസ് കോളജിലെ മികച്ച പ്രകടനത്തിന് റൈറ്റ്സ് പ്രൈസുമാണ് അദ്ദേഹത്തിനു ലഭിച്ച മറ്റ് അംഗീകാരങ്ങളിൽ പ്രധാനം. ഇതിനു പുറമെ, പല പ്രമുഖ ദേശ-വിദേശ സംഘടനകളും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കേംബ്രിജ്, ഓക്സ്ഫഡ് സർവകലാശാലകൾ ഡോ. സിങ്ങിന് ഓണററി ബിരുദങ്ങൾ നൽകാൻ തയ്യാറായി.

പല രാജ്യാന്തര സംഘടനകളിലും സമ്മേളനങ്ങളിലും ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്തിട്ടു്. 1993ൽ സൈപ്രസിൽ നടന്ന കോമൺവെൽത്ത് രാഷ്ട്രത്തലവൻമാരുടെ യോഗത്തിലേക്കും വിയന്നയിൽ നടന്ന ലോക മനുഷ്യാവകാശ സമ്മേളനത്തിലേക്കുമുള്ള ഇന്ത്യൻ സംഘത്തെ നയിച്ചു.ഭാര്യ: ഗുർശരൺ കൗർ. മക്കൾ: ഉപിന്ദർ സിങ്, ദമൻ സിങ്, അമൃത് സിങ്.

Post a Comment

Previous Post Next Post