മൻമോഹൻ സിംഗിന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടന്നു

(www.kl14onlinenews.com)
(28-Dec-2024)

മൻമോഹൻ സിംഗിന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടന്നു

ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് വിട നൽകി രാജ്യം. നിഗംബോധ്ഘാട്ടിൽ പൂർണ സൈനിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. വ്യാഴാഴ്ച രാത്രി ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു മൻമോഹൻ സിങ്. ഉടൻ എയിംസിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി 9.51 ഓടെ മരണം സ്ഥിരീകരിച്ചു.

മൻമോഹൻ സിങ്ങിനോടുള്ള ആദര സൂചകമായി രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്തും ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാരിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കോൺഗ്രസും എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

2004 മേയ് 22-നാണ് മൻമോഹൻ സിങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നത്. പിന്നീട് നീണ്ട പത്തുവർഷം മൻമോഹൻ സിങ് ഇന്ത്യയെ നയിച്ചു. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി (മഹാത്മ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരണ്ടി - എംഎൻആർഇജിഎ) ഉൾപ്പെടെയുള്ള സാമൂഹികക്ഷേമ പദ്ധതികളുടെ തുടക്കവും മൻമോഹൻ സിങ് സർക്കാരിന്റെ കാലത്തായിരുന്നു.

ഇന്തോ - അമേരിക്ക ആണവ കരാർ, വിവരാവകാശ നിയമം, ആധാറിന്റെ ആശയം അവതരിപ്പിച്ചതുമെല്ലാം മൻമോഹൻ സിങ്ങ് സർക്കാരിന്റെ സുപ്രധാന നീക്കങ്ങളിൽ ഉൾപ്പെടുന്നു. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളർച്ച കൈവരിക്കുന്ന രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയത് മൻമോഹൻ സർക്കാരിന്റെ കാലത്താണ്. റിസർവ് ബാങ്ക് ഗവർണ്ണർ, രാജ്യസഭാ പ്രതിപക്ഷ നേതാവ്, ധനമന്ത്രി എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.


നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും അനുഭാവികളും ഘോഷയാത്ര ദേശീയ തലസ്ഥാനത്തിലൂടെ നീങ്ങുമ്പോൾ ഒപ്പം നടന്നു. മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സിംഗിൻ്റെ കുടുംബത്തെ യാത്രയിൽ അനുഗമിച്ചു. അതിനിടെ ബിജെപിയും കോൺഗ്രസും തമ്മിൽ വാക്പോരുണ്ടായതിനെ തുടർന്നാണ് മുൻ പ്രധാനമന്ത്രിയുടെ സ്മാരകത്തിനായി സ്ഥലം അനുവദിക്കാൻ കേന്ദ്രസർക്കാർ തയ്യാറായത്. മൻമോഹൻ സിംഗിൻ്റെ അന്ത്യകർമങ്ങൾ അദ്ദേഹത്തിന് സ്മാരകം നിർമിക്കാൻ കഴിയുന്ന സ്ഥലത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ചിരുന്നു.

Post a Comment

Previous Post Next Post