പെരിയ ഇരട്ടക്കൊലപാതകം; 14 പ്രതികൾ കുറ്റക്കാരാണെന്ന് സിബിഐ കോടതി, 10 പേരെ വെറുതെവിട്ടു

(www.kl14onlinenews.com)
(28-Dec-2024)

പെരിയ ഇരട്ടക്കൊലപാതകം;
14 പ്രതികൾ കുറ്റക്കാരാണെന്ന് സിബിഐ കോടതി, 10 പേരെ വെറുതെവിട്ടു

കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് സിബിഐ കോടതി. 10 പ്രതികളെ വെറുതെ വിട്ടു. ഒന്നു മുതൽ 8 വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞു. എറണാകുളം സിബിഐ കോടതി ജഡ്‌ജ് എൻ. ശേഷാദ്രിനാഥനാണ് വിധി പ്രസ്താവിച്ചത്.

കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകൻ സിപിഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ.പീതാംബരൻ, കൊലപാതകം കൃത്യം നടത്തിയ സജി സി.ജോര്‍ജ് (സജി), കെ.എം.സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി) എന്നിവർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ടി. രഞ്ജിത്ത്, കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്), എ. സുരേന്ദ്രന്‍ (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമന്‍ (ഉദുമ മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്കരൻ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവർ.

കാസര്‍ഗോഡ് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്‌ലാല്‍ (24) എന്നിവർ 2019 ഫെബ്രുവരി 17നു രാത്രി 7.45നാണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ അക്രമി സംഘം കൃപേഷിനെയും ശരത് ലാലിനെയും ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം, ഗൂഢാലോചന, സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ, ആയുധ നിരോധന നിയമം തുടങ്ങി വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആയുധ നിരോധന നിയമം, പ്രതികള്‍ക്കു സംരക്ഷണം നല്‍കല്‍ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

ആദ്യം ലോക്കൽ പൊലീസിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പിന്നീട്, ശരത്‌ ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദു ചെയ്യുകയും സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു.

കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുബം വിധി കേൾക്കാൻ കൊച്ചിയിൽ എത്തിയിരുന്നു. വിധിയുടെ പശ്ചാത്തലത്തിൽ കല്യോട്ട് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

Post a Comment

Previous Post Next Post