(www.kl14onlinenews.com)
(14-Dec-2024)
കൊച്ചി: ഒരോ റോഡ് അപകടങ്ങളിലും നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെയാണെന്നും അതിനെ വെറും കണക്കിലൊതുക്കാനാകില്ലെന്നും ഹൈക്കോടതി. അപകടങ്ങള്‍ സ്വാഭാവികമായി സംഭവിക്കുന്നതല്ല, അത് സൃഷ്ടിക്കുന്നതാണ്. റോഡിലെ സുരക്ഷ എല്ലാവരുടേയും ഉത്തരവാദിത്തമാണ്. വാഹനങ്ങള്‍ സുരക്ഷിതമായി ഡ്രൈവ് ചെയ്യുകയും സഹജീവികളുടെ ജീവന്‍ സംരക്ഷിക്കുകയും വേണമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
തൃശ്ശൂര്‍ നാട്ടികയില്‍ റോഡില്‍ ഉറങ്ങിക്കിടന്ന അഞ്ചുപേര്‍ തടി ലോറി കയറി മരിച്ച സംഭവത്തില്‍ അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഉത്തരവിട്ട വിധിന്യായത്തിലാണ് ഈ നിരീക്ഷണം. കേസില്‍ രണ്ടാം പ്രതിയായ ലോറി ഡ്രൈവര്‍ കണ്ണൂര്‍ സ്വദേശി സി.ജെ.ജോസിന്റെ ജാമ്യ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. ഇത്തരമൊരു സംഭവത്തില്‍ പ്രതികള്‍ കസ്റ്റഡിയില്‍ വിചാരണ നേരിടേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.
വലപ്പാട് സ്റ്റേഷന്‍ ഹൗസ് ഓഫീസറോടാണ് ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. മജിസ്ട്രേറ്റ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കി മൂന്നാഴ്ചയ്ക്കുള്ളില്‍ ബന്ധപ്പെട്ട കോടതിയിലേയ്ക്ക് കേസ് കൈമാറണം. അതിനുശേഷം മൂന്ന് മാസത്തിനുള്ളില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണം. ആ സമയക്രമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ഉറപ്പാക്കണം- കോടതി നിര്‍ദേശിച്ചു.
ഇത്തരമൊരു കേസില്‍ കോടതിയുടെ ഉത്തരവ് സമൂഹത്തിനൊരു സന്ദേശമായി മാറേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിനാല്‍ അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവമാണ്. പോലീസ് ബ്ലോക്ക് ചെയ്തിരുന്ന റോഡിലേക്കാണ് ലോറി ഓടിച്ചുകയറ്റി അവിടെ ഉറങ്ങിക്കിടന്നിരുന്ന നിഷ്‌കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയത്.
നാട്ടികയില്‍ നടന്ന അപകടം എല്ലാവരുടെയും മനസ്സിനെയും ഉലച്ച സംഭവമാണ്. മദ്യപിച്ച് ലക്കുകെട്ട ഹര്‍ജിക്കാരന്‍ വാഹനം ഓടിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. അതിനാല്‍ കേസില്‍ രണ്ടാം പ്രതിയാണ്. അപകടമായിരുന്നുവെന്നും അതിനാല്‍ നരഹത്യയുള്‍പ്പടെയുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിച്ചില്ല.
Post a Comment