(www.kl14onlinenews.com)
(14-Dec-2024)
കോട്ടയം: കോട്ടയത്ത് ലുലു മാളിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ഇന്നു വൈകിട്ട് 4 മുതൽ പൊതുജനങ്ങൾക്ക് മാളിലേക്ക് പ്രവേശനം നൽകും. ഹൈപ്പർമാർക്കറ്റിനു പ്രധാന്യം നൽകിയുള്ള ലുലു മിനി മാളാണു മണിപ്പുഴയിൽ എംസി റോഡരികിൽ ആരംഭിക്കുന്നത്. 2.5 ലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ രണ്ടുനില കെട്ടിടത്തിൽ താഴത്തെ നില ഹൈപ്പർമാർക്കറ്റാണ്. രാവിലെ 9 മുതൽ രാത്രി 11 വരെയാണു പ്രവർത്തന സമയം.
ക്രിസ്മസ്, പുതുവർഷ സമ്മാനമായാണ് കോട്ടയത്തിനു ലുലു സമർപ്പിക്കുന്നത്. അക്ഷരങ്ങളുടെ, റബറിന്റെയൊക്കെ നാടായ കോട്ടയത്തിനു നല്ല സേവനങ്ങൾ സ്വീകരിച്ചും ഏറ്റുവാങ്ങിയുമുള്ള അനുഭവപരിചയമുണ്ട്. രാജ്യാന്തര നിലവാരമുള്ള സൗകര്യങ്ങൾ അതേ നിലവാരമുള്ള ഷോപ്പിങ് അനുഭവം നൽകാനാണു ലുലു ശ്രമിക്കുന്നത്.
2000ൽ ആണ് ലുലു ഹൈപ്പർമാർക്കറ്റിന്റെ ആരംഭം. ദുബായ്-ഷാർജ അതിർത്തിയായ ഖിസൈസിൽ. മരുഭൂമിയിൽ ഹൈപ്പർമാർക്കറ്റ് തുടങ്ങിയപ്പോൾ പലരും മൂക്കത്തു വിരൽവച്ചെങ്കിലും അതിനു ചുറ്റും ആ നഗരം വികസിക്കുന്നതാണു പിന്നീടു കണ്ടത്. തുടർന്നു നഗരത്തിനു പുറത്തേക്കും ഇവ വ്യാപിച്ചു.
വിദേശ മാതൃകകൾ തന്റേതായ രീതിയിൽ നടപ്പാക്കാൻ തുടങ്ങിയതു വളർച്ച വേഗത്തിലാക്കി. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടു സാധനങ്ങൾ ഇറക്കുകയും വിവിധ രാജ്യങ്ങളിൽ സംഭരണകേന്ദ്രം തുറക്കുകയും ചെയ്തു. ഇതുവഴി ഉൽപന്നങ്ങളുടെ നിരന്തര ലഭ്യത, ഗുണമേന്മ, വിലനിയന്ത്രണം എന്നിവ വരുതിയിലായതോടെ ലുലു ജൈത്രയാത്ര തുടങ്ങി.
Post a Comment