(www.kl14onlinenews.com)
(09-Dec-2024)
അമിത് ഷാ തെറ്റിദ്ധരിപ്പിക്കുന്നു; പ്രത്യേക സഹായമായി ഒരു രൂപ പോലും കേരളത്തിനു ലഭിച്ചിട്ടില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ദുരന്തം വിവാദ വിഷയമാക്കി സ്വന്തം ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിവേദനം നൽകാൻ സംസ്ഥാന വൈകിയെന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നും ഇതിൽ സംസ്ഥാനം പ്രതിഷേധം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി ആദ്യമായല്ല വയനാട് വിഷയത്തില്‍ പാര്‍ലമെന്‍റിനെയും പൊതു സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. "ഇല്ലാത്ത കാലാവസ്ഥാ റിപ്പോര്‍ട്ട് വ്യാജമായി ഉദ്ധരിച്ച് പാര്‍ലമെന്‍റിനെ തെറ്റിദ്ധരിപ്പിക്കാന്‍ മുമ്പ് ശ്രമിച്ചു. കേന്ദ്രം ഉരുള്‍ പൊട്ടലിനെ പറ്റി കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നു, എന്നിട്ട് കേരളം എന്താണ് ചെയ്തത് എന്ന ചോദ്യമാണ് അന്ന് പാര്‍ലമെന്‍റില്‍ ഉന്നയിച്ചത്. അങ്ങനെയൊരു മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല എന്ന് അപ്പോള്‍ തന്നെ തെളിവ് സഹിതം വ്യക്തമാക്കപ്പെട്ടു, അന്നത്തേതിന്‍റെ ആവര്‍ത്തനമായി വേണം ഇക്കഴിഞ്ഞ ദിവസത്തെ പാര്‍ലമെന്‍റിലെ പ്രസ്താവനയെയും കാണാന്‍," മുഖ്യമന്ത്രി പറഞ്ഞു.
"ആഗസ്റ്റ് 10 നാണ് പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. കേന്ദ്ര സംഘത്തിനു മുമ്പാകെയും പ്രധാനമന്ത്രിയുടെ മുമ്പാകെയും ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലെ കേരളത്തിന്‍റെ ആവശ്യങ്ങള്‍ ആ ഘട്ടത്തില്‍ തന്നെ കൃത്യമായി അവതരിപ്പിച്ചിരുന്നു. ഒട്ടും വൈകാതെ ആഗസ്റ്റ് 17ന് ദുരന്തത്തില്‍ ഉണ്ടായ നഷ്ടവും ദേശീയ ദുരന്ത പ്രതികരണനിധിയുടെ (എന്‍ ഡി ആര്‍ എഫ്) മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി കേരളത്തിന് ആവശ്യപ്പെടാവുന്ന തുകയും ഇനം തിരിച്ച് തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നിവേദനം നല്‍കി.
പ്രതീക്ഷിക്കുന്ന ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളുമടക്കം ഉള്‍പ്പെടുത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1,202 കോടി രൂപയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷം നൂറു ദിവസത്തിലധികമായി. മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ട് മൂന്ന് മാസത്തിലധികമായി. കേന്ദ്ര സംഘം വന്നുപോയിട്ടും മാസങ്ങളായി. ഇതിനിടയില്‍ മറ്റ് പല സംസ്ഥാനങ്ങള്‍ക്കും രേഖാമൂലം ആവശ്യപ്പെടാതെ തന്നെ സഹായം നല്‍കിയിട്ടുണ്ട്. എന്നിട്ടും പ്രത്യേക ധനസഹായമായി ഒരു രൂപ പോലും കേരളത്തിന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന്," മുഖ്യമന്ത്രി പറഞ്ഞു
Post a Comment