ആറു മാസം മുൻപ് ലോകകപ്പ് നേടിയ നായകൻ; രോഹിതിന് സ്വയം തെളിയിക്കേണ്ട ആവശ്യമില്ലെന്ന് കപിൽ ദേവ്

(www.kl14onlinenews.com)
(09-Dec-2024)

ആറു മാസം മുൻപ് ലോകകപ്പ് നേടിയ നായകൻ; രോഹിതിന് സ്വയം തെളിയിക്കേണ്ട ആവശ്യമില്ലെന്ന് കപിൽ ദേവ്
ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ പരാജയത്തിനു പിന്നാലെ രോഹിത് ശർമയ്ക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. രോഹിതിന് തന്റെ കരിയറിന്റെ ഈ ഘട്ടത്തിൽ ആർക്കുമുന്നിലും ഒന്നും തെളിയിക്കേണ്ടതില്ലെന്ന് കപിൽ ദേവ് പറഞ്ഞു.

പല തവണ കഴിവുതെളിയിച്ചിട്ടുള്ള താരമാണ് രോഹിത്​ ശർമയെന്നും അദ്ദേഹത്തിന് ഒന്നും തെളിയിച്ച് ബോധിപ്പിക്കേണ്ട ആവശ്യമില്ലെന്നും കപിൽ ദേവ് പറഞ്ഞു. 'രോഹിതിന്റെ കഴിവുകളിൽ എനിക്ക് സംശയമില്ല. അദ്ദേഹം ഫോം വീണ്ടെടുക്കുക തന്നെ ചെയ്യും. അതാണ് പ്രധാനം, കപിൽ ദേവ് പറഞ്ഞു.

'ഒന്നോ രണ്ടോ മത്സരങ്ങളിലൂടെ ഒരാളുടെ ക്യാപ്റ്റൻസിയെ ചോദ്യം ചെയ്യാനാകില്ല. ആറു മാസം മുൻപാണ് രോഹിത് ടി20 ലോകകപ്പ് നേടിയത്. അദ്ദേഹത്തിന്റെ കഴിവും പ്രതിഭയും മനസിലാക്കൂ. രോഹിത് ശക്തമായ തിരിച്ചുവരവ് നടത്തും,' അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ പൂർണ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ രോഹിത് ശർമയുടെ ക്യാപ്റ്റൻസിയെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയയിലടക്കം വിമർശനം ഉയർന്നിരുന്നു. ഓസ്ട്രേലിയയിൽ നടക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ നേരിട്ട കനത്ത തോൽവിയും താരത്തിനു തിരിച്ചടിയായി.

രോഹിതിനെക്കാൾ മികച്ച ടെസ്റ്റ് ക്യാപ്റ്റൻ ജസ്പ്രിത് ബുമ്രയാണോ എന്ന ചോദ്യത്തിന്, ഇതേ കുറിച്ചുള്ള ചോദ്യം വളരെ നേരത്തെയാണെന്ന് കപിൽ ദേവ് പറഞ്ഞു. ഒരു മികച്ച പ്രകടനം കൊണ്ട് ബുമ്ര മികച്ച നായകനാണെന്നോ, ഒരു മോശം പ്രകടനം കൊണ്ട് അതിന് അർഹനല്ലെന്നോ പറയാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു നായകനെന്ന നിലയിലും അല്ലാതെയും അദ്ദേഹം ഒരുപാട് മത്സരങ്ങൾ കളിക്കട്ടെ. ഉയർച്ച താഴ്ചകൾ ഉണ്ടാകുമ്പോൾ അതിനെ എങ്ങനെ നേരിട്ടു എന്നത് വിലയിരുത്തുക, കപിൽ ദേവ് പറഞ്ഞു

Post a Comment

Previous Post Next Post