(www.kl14onlinenews.com)
(09-November -2024)
പത്തനംതിട്ട: പിപി ദിവ്യയ്‌ക്കെതിരെ നിർണായക നീക്കവുമായി എഡിഎം നവീൻ ബാബുവിന്റെ കുടുംബം. ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കും. പ്രത്യേക സംഘത്തിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും കോടതിയെ ബോധ്യപ്പെടുത്തുമെന്ന് കുടുംബം വ്യക്തമാക്കി.
ഗൂഡാലോചന ഉൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെടുന്നു. നേരത്തെ നിയമപോരാട്ടം തുടരുമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം മലയാലപ്പുഴ മോഹനനും രംഗത്തെത്തിയിരുന്നു.
അതേസമയം, നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ടെന്നാണ് ജയിൽ മോചിതയായ ശേഷം പിപി ദിവ്യയുടെ വെള്ളിയാഴ്ച പ്രതികരിച്ചത്. സദുദ്ദേശപരമായിരുന്നു ഇടപെടലെന്നും പിപി ദിവ്യ പറഞ്ഞു. 11 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് പിപി ദിവ്യ ജയിൽ മോചിതയായത്. വളരെ ചെറിയ വാക്കുകളിലായിരുന്നു ദിവ്യയുടെ പ്രതികരണം.
സ്ത്രീയെന്ന പ്രത്യേക പരിഗണന നൽകിയാണ് തലശേരി സെഷൻസ് കോടതി ദിവ്യയ്ക്ക് ഉപാധികളോട് ജാമ്യം അനുവദിച്ചത്. ജില്ല വിട്ടുപോകാൻ പാടില്ലെന്നും എല്ലാ തിങ്കളാഴ്ചയും പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. ഇനിയും കസ്റ്റഡിയിൽ വേണമെന്ന് തെളിയിക്കാൻ പ്രോസക്യൂഷന് ആയില്ലെന്നും തലശേരി സെഷൻസ് കോടതിയുടെ വിധിയിൽ പറയുന്നു.
Post a Comment