നീലേശ്വരം വെടിക്കെട്ടപകടം; ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു, മരണം അഞ്ചായി

(www.kl14onlinenews.com)
(09-November -2024)

നീലേശ്വരം വെടിക്കെട്ടപകടം; ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു, മരണം അഞ്ചായി
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണം അഞ്ചായി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത്(28) ആണ് മരിച്ചത്. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38), ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) എന്നിവരാണ് അപകടത്തിൽ പൊള്ളലേറ്റ് മരിച്ച മറ്റ് നാല് പേർ.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ പൊള്ളലേറ്റ നൂറോളം പേർ ഇപ്പോഴും ചികിത്സയിലാണ്. 30 ഓളം പേര്‍ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാ​ഗ​ത്തിൽ ചികിത്സയിൽ തുടരുകയാണ്. ആകെ 154 പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. സംഭവത്തില്‍ എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ്, ബിഎന്‍എസ് എന്നിവയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

അതേ സമയം വെടിക്കെട്ട് അപകടക്കേസിൽ എട്ട് ക്ഷേത്രഭാരവാഹികൾക്കെതിരെയും കൊലപാതക കുറ്റം ചുമത്തി പൊലീസ്. ഇതുമായി ബന്ധപ്പെട്ട പ്രഥമ വിവര റിപ്പോർട്ട് അന്വേഷണ സംഘം കോടതിയ്ക്ക് കൈമാറി. ജാമ്യം ലഭിച്ച പ്രതികൾക്കെതിരെ കഴിഞ്ഞ ദിവസം കോടതി അറസ്റ്റ് വാറൻ്റ് പുറപ്പെടുവിപ്പിച്ചിരുന്നു. മജിസ്ട്രേറ്റ് കോടതിയാണ് പ്രതികൾക്കെതിരെ വാറന്റ് പുറപ്പെടുവിക്കാൻ നിർദേശം നൽകിയത്

അറസ്റ്റിലായ പ്രതികളില്‍ മൂന്നുപേര്‍ക്കെതിരെ ജില്ലാ കോടതി സ്വമേധയാ കേസെടുത്ത് ജാമ്യ വിധി റദ്ദാക്കിയിരുന്നു. ഹൊസ്ദുർഗ് കോടതിയുടെ വിധി റദ്ദാക്കിയായിരുന്നു ജില്ലാ സെഷന്‍സ് കോടതിയുടെ സ്റ്റേ. പ്രതികളുടെ ജാമ്യം റദ്ദാക്കുകയും ചെയ്തു. ജില്ലാ സെഷന്‍സ് ജഡ്ജ് സാനു എസ്.പണിക്കരാണ് വിധി പുറപ്പെടുവിപ്പിച്ചത്. സ്വമേധയാ കേസെടുത്താണ് ജില്ലാ കോടതിയുടെ അപൂര്‍വമായി നടപടി. എന്നാൽ ഇതിന് മുമ്പേ ജാമ്യത്തിലിറങ്ങിയ ക്ഷേത്രം ഭാ​രവാഹികൾക്ക് കോടതിയിൽ ഹാജരാകാൻ നോട്ടീസ് അയച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച സെഷൻസ് കോടതി കേസ് പരി​ഗണിച്ചപ്പോൾ പ്രതികൾ ഹാജരായില്ല. തുടർന്നാണ് വാറൻ്റ് പുറപ്പെടുവിപ്പിക്കാൻ കീഴ്ക്കോടതിയ്ക്ക് നിർദേശം നൽകിയത്. ജാമ്യം ലഭിച്ച പ്രതികൾ പൊലീസിൽ കീഴടങ്ങാതെ ഹൈക്കോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചുകഴിഞ്ഞു.

കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചായിരുന്നു ഒക്ടോബര്‍ 28ന്ചൊവ്വാഴ്ച പുലര്‍ച്ചെ വലിയ അപകടമുണ്ടായത്. പുലര്‍ച്ചെ 12.15-ഓടെയായിരുന്നു അപകടം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്രമതിലിനോട് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ തെയ്യം കാണാന്‍ കൂടിനിന്നിരുന്നു. ഇവരുള്‍പ്പെടെ അപകടത്തില്‍ 150-ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.

Post a Comment

Previous Post Next Post