പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ മുറിയിൽ അർദ്ധരാത്രി പോലീസ് പരിശോധന, പ്രതിഷേധം

(www.kl14onlinenews.com)
(06-November -2024)

(പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ മുറിയിൽ അർദ്ധരാത്രി പോലീസ് പരിശോധന, പ്രതിഷേധം
പാലക്കാട്: പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടൽ മുറികളിൽ അർധരാത്രി പോലീസ് പരിശോധന. ഹോട്ടലിലെ 12 മുറികളാണ് പരിശോധിച്ചത്. വനിതാ പോലീസ് ഇല്ലാതെയാണ് മുറികളിൽ കടന്നുകയറാൻ ശ്രമിച്ചതെന്ന് ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും ആരോപിച്ചു. എന്നാൽ, തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയാണെന്ന് പാലക്കാട് എഎസ്‌പി അശ്വതി ജിജി പറഞ്ഞു.

ആരുടെയും പരാതിയുടെ അടിസ്ഥാനത്തിലല്ല പരിശോധന നടന്നത്. 12 മുറികൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. എല്ലാ ആഴ്ചയും തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന പതിവ് പരിശോധനയാണ് നടന്നത്. പല ഹോട്ടലിലും കഴിഞ്ഞ ആഴ്ചകളിലടക്കം പരിശോധന നടത്തിയിട്ടുണ്ട്. കള്ളപ്പണം ഉണ്ടെന്ന വിവരമൊന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്നും എഎസ്‌പി അശ്വനി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കോൺഗ്രസ് കള്ളപ്പണം എത്തിച്ചെന്ന ആരോപണവുമായി ഹോട്ടലിന് പുറത്ത് ബിജെപി, സിപിഎം പ്രവർത്തകർ തടിച്ചുകൂടിയതോടെ സംഘർഷം ഉണ്ടായി. ഹോട്ടലിന് അകത്തും പുറത്തും വച്ച് സിപിഎം, ബിജെപി പ്രവർത്തകർ ഒരു വശത്തും കോൺഗ്രസ് മറുവശത്തുമായി കയ്യേറ്റമുണ്ടായി. പോലീസിന്‍റെ സഹായത്തോടെ സിപിഎം നടത്തുന്ന നാടകമാണ് ഹോട്ടലിലെ പരിശോധനയെന്ന് വി.കെ.ശ്രീകണ്ഠൻ എംപിയും ഷാഫി പറമ്പിൽ എംഎൽഎയും ആരോപിച്ചു. സിപിഎമ്മിന്‍റെ നാടകം ജനം കാണുന്നുണ്ട്. സിപിഎം, ബിജെപി നേതാക്കളുടെ മുറിയിൽ പരിശോധന നടത്തിയില്ല. ഈ തിരക്കഥയൊക്കെ എന്തിനാണെന്ന് ജനത്തിന് മനസിലാകുന്നുണ്ടെന്ന് ഷാഫി പറഞ്ഞു.

തങ്ങളുടെ മുറിയിൽ കയറി പരിശോധിച്ചിട്ട് എന്ത് കിട്ടിയെന്ന് പോലീസ് എഴുതി നൽണമെന്ന് ബിന്ദുകൃഷ്ണയും ഷാനിമോൾ ഉസ്മാനും ആവശ്യപ്പെട്ടു. പരിശോധനയ്ക്ക് എത്തിയ സംഘത്തിൽ ഒരു വനിതാ പൊലീസുകാർ പോലും ഉണ്ടായിരുന്നില്ലെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. പൊലീസ് രാത്രി ആദ്യം വന്നപ്പോൾ താൻ തടഞ്ഞുവെന്നും തൻ്റെ സ്ത്രീയെന്ന സ്വത്വ ബോധം ചോദ്യം ചെയ്യപ്പെട്ടുവെന്നും അവർ പറഞ്ഞു.

Post a Comment

Previous Post Next Post