ഒളിമ്പിക്സ് ആതിഥേയത്വം; ഔദ്യോഗിക ശ്രമങ്ങളുമായി ഇന്ത്യ; കത്തു നൽകി

(www.kl14onlinenews.com)
(05-November -2024)

ഒളിമ്പിക്സ് ആതിഥേയത്വം; ഔദ്യോഗിക ശ്രമങ്ങളുമായി ഇന്ത്യ; കത്തു നൽകി
ഡൽഹി: ഒളിമ്പിക്സ് ആതിഥേയത്വത്തിനായി ഔദ്യോഗിക ശ്രമം നടത്തി ഇന്ത്യ. 2036ലെ ഒളിമ്പിക്‌സ്, പാരാലിമ്പിക് ഗെയിംസ് നടത്തുന്നതിനുള്ള താൽപ്പര്യം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഔദ്യോഗികമായി പ്രകടിപ്പിച്ചു. സന്നദ്ധത അറിയിച്ചുള്ള കത്ത് അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിക്ക് കൈമാറി.

'ഈ മഹത്തായ അവസരം രാജ്യത്തിന്റെ സാമ്പത്തിക വളർച്ച, സാമൂഹിക പുരോഗതി, യുവജന ശാക്തീകരണം എന്നിവ പ്രോത്സാഹിപ്പിക്കുമെന്ന്,' വൃത്തങ്ങൾ പറഞ്ഞു. 2036 ഒളിമ്പിക്സിനായി ഇന്ത്യ ശ്രമം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനായി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് സെപ്റ്റംബറിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മൾട്ടി-സ്‌പോർട്‌സ് ഇനങ്ങളിൽ വലിയ ചുവടുവെപ്പാണ് ഇന്ത്യ നടത്തുന്നത്. കഴിഞ്ഞ വർഷം ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിലും പാരാ ഏഷ്യൻ ഗെയിംസിലും ഇന്ത്യ ആദ്യമായി 100 മെഡൽ കടന്ന് യഥാക്രമം 107, 111 മെഡലുകൾ നേടിയിരുന്നു. 2022ൽ ബർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യ 61 മെഡലുകളോടെ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഈ വർഷം നടന്ന പാരീസ് ഒളിമ്പിക്‌സ് മെഡൽ പട്ടികയിൽ ഇന്ത്യ 71-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

അതേസമയം, 2028-ല്‍ ലോസ് ആഞ്ജലസാണ് ഒളിമ്പിക്സ് വേദിയാകുക. 2032 ഒളിമ്പിക്സ് ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനിൽ നടക്കും. ഇന്ത്യക്കു പുറമെ മറ്റു നിരവധി രാജ്യങ്ങളും ഒളിമ്പിക്സ് ആതിഥേയത്വം നേടുന്നതിനായി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post