പണപ്പെട്ടി അന്വേഷിക്കേണ്ടത് കോണ്‍ഗ്രസ് നേതാക്കന്മാരുടെ മുറിയിലല്ല, മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ് ഹൗസിൽ: വി.ഡി.സതീശൻ

(www.kl14onlinenews.com)
(06-November -2024)

പണപ്പെട്ടി അന്വേഷിക്കേണ്ടത് കോണ്‍ഗ്രസ് നേതാക്കന്മാരുടെ മുറിയിലല്ല, മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ് ഹൗസിൽ: വി.ഡി.സതീശൻ
പാലക്കാട്: പണപ്പെട്ടി അന്വേഷിക്കേണ്ടത് കോണ്‍ഗ്രസ് നേതാക്കന്മാരുടെ മുറിയിൽ അല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന ക്ലിഫ് ഹൗസിലാണ് അഴിമതിയുടെ പണപ്പെട്ടിയുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊടകര കുഴൽപ്പണ കേസിൽ മുഖം നഷ്ടപ്പെട്ട സിപിഎം ബിജെപി നാടകമാണ് പാലക്കാട്ടെ പാതിരാ റെയ്ഡ്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിത്. മന്ത്രി എം.ബി.രാജേഷും ഭാര്യാസഹോദരനും ചേര്‍ന്നാണ് റെയ്ഡിന്റെ ഗൂഢാലോചന നടത്തിയതെന്ന് സതീശൻ ആരോപിച്ചു.

സിപിഎം- ബിജെപി നേതൃത്വങ്ങളുടെ അറിവോടെയും പിന്തുണയോടെയുമാണ് റെയ്ഡ് നടന്നത്. പോലീസ് ആദ്യം പോയത് ഷാനിമോള്‍ ഉസ്മാന്റെയും പിന്നീട് ബിന്ദുകൃഷ്ണയുടെയും മുറിയിലേക്കാണ്. ഇത് കോണ്‍ഗ്രസ് നേതാക്കന്മാരുടെ മുറികളെ ലക്ഷ്യമാക്കി വനിതാ നേതാക്കളെ അപമാനിക്കാൻകൂടി വേണ്ടിയാണ് ഇത് ചെയ്തത്. കോൺഗ്രസിലെ വനിതാ നേതാക്കളുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തതെന്ന് സതീശൻ പറഞ്ഞു.

കേരള പോലീസിനെ ഏറ്റവും നാണംകെട്ട പോലീസാക്കി മാറ്റി. പോലീസിനെ അടിമക്കൂട്ടമാക്കി. റെയ്ഡ് നടത്താന്‍ പോകുന്ന വിവരം കൈരളി ടിവി എങ്ങനെ അറിഞ്ഞു. അവരെ അറിയിച്ചിട്ടാണോ പോലീസ് റെയ്ഡ് നടത്താന്‍ വന്നത്. പോലീസ് കൈരളിയിൽ അറിയിച്ചാണോ പോകുന്നതെന്നും സതീശൻ ചോദിച്ചു.

പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടൽ മുറികളിലാണ് അർധരാത്രി പോലീസ് പരിശോധന നടന്നത്. ഹോട്ടലിലെ 12 മുറികളാണ് പരിശോധിച്ചത്. എന്നാൽ, തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയാണെന്നാണ് പാലക്കാട് എഎസ്‌പി അശ്വതി ജിജി മാധ്യമങ്ങളോട് പറഞ്ഞത്.

Post a Comment

Previous Post Next Post