ആവശ്യക്കാർക്ക് നീതി ഉറപ്പാക്കുമ്പോൾ ലഭിക്കുന്ന നിറവോളം വലുതായൊന്നുമില്ല ഒരു ജഡ്ജിന്: വിരമിക്കൽ ദിവസം ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ്


(www.kl14onlinenews.com)
(08-November -2024)

ആവശ്യക്കാർക്ക് നീതി ഉറപ്പാക്കുമ്പോൾ ലഭിക്കുന്ന നിറവോളം വലുതായൊന്നുമില്ല ഒരു ജഡ്ജിന്: വിരമിക്കൽ ദിവസം ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ്
ഡൽഹി: ഒരു ന്യായാധിപനെ സംബന്ധിച്ച് ആവശ്യക്കാർക്ക് നീതി ഉറപ്പാക്കുമ്പോൾ ലഭിക്കുന്ന നിറവോളം വലുതായൊന്നുമില്ലെന്ന്, സുപ്രീം കോടതിയിൽ നിന്നു സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. വെള്ളിയാഴ്ച സുപ്രീം കോടതിയിലെ കോർട്ട് ഹാളിൽ അഭിഭാഷകരോടും മറ്റു ജീവനക്കാരോടും വിടവാങ്ങൽ പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവംബർ 10ന് പദവിയിൽനിന്നു വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിൻ്റെ അവസാന പ്രവൃത്തി ദിനമായിരുന്നു വെള്ളിയാഴ്ച. സുപ്രീം കോടതിയിൽ ഇരിക്കാൻ കഴിഞ്ഞത് വലിയ ബഹുമതി ആയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'ചെറുപ്പത്തിൽ താൻ ഈ കോടതിയുടെ അവസാന നിരയുടെ അറ്റത്ത് വന്നിരിക്കും. വാദങ്ങൾ കാണും. എങ്ങനെ വാദിക്കണം, കോടതിയിൽ എങ്ങനെ പെരുമാറണം, നിയമത്തെ കുറിച്ചുള്ള അറിവ് എങ്ങനെ പ്രയോഗിക്കണം എന്നിങ്ങനെ പലതും പഠിക്കും.'

കോടതിയിലെത്തിയ ഓരോരുത്തിരിൽ നിന്നും പലതും പഠിക്കാനായെന്ന്, എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു. 'നിങ്ങൾ ഓരോരുത്തരും എന്നെ പലതും പഠിപ്പിച്ചു. എനിക്ക് നിയമത്തെക്കുറിച്ച് അറിയില്ലായിരുന്നു. അതിലും പ്രധാനമായി, എനിക്ക് ജീവിതത്തെക്കുറിച്ച് അറിയില്ലായിരുന്നു. നിങ്ങൾ എന്നോട് കോടതിയിൽ പറഞ്ഞ കാര്യങ്ങളിൽനിന്ന് ജീവിതത്തെക്കുറിച്ച് ഞാൻ വളരെയധികം പഠിച്ചു.'

കോടതിയുടെ നിലപാടിനെക്കുറിച്ചും വിശാലമായ സാമൂഹിക രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും ബോധമുള്ള ഒരാളാണ് തിങ്കളാഴ്ച മുതൽ തന്റെ സ്ഥാനത്തേക്ക് എത്തുന്നതെന്നും ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞു. അതുകൊണ്ടുതന്നെ വളരെ സന്തോഷത്തോടെയാണ് താൻ കോടതിവിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു തരണമെന്നും ചന്ദ്രചൂഢ് വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു.

Post a Comment

Previous Post Next Post