(www.kl14onlinenews.com)
(06-November -2024)
പോലീസിന്‍റേത് ആണത്തമില്ലാത്ത തെമ്മാടിത്തമെന്ന് കെ.സുധാകരൻ, പാലക്കാട്ടെ ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന് ഷാഫി പറമ്പിൽ
പാലക്കാട്: കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടൽ മുറിയിലെ പോലീസ് പരിശോധന മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമെന്ന് ഷാഫി പറമ്പിൽ. നടന്നത് വൃത്തികെട്ട ഗൂഢാലോചനയാണ്. സിപിഎം നിർദേശപ്രകാരമാണ് പോലീസ് എത്തിയത്. കോൺഗ്രസ് നേതാക്കളുടെ മുറികൾ മാത്രമാണ് പോലീസ് പരിശോധിച്ചത്. പാലക്കാട്ടെ ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നും ഷാഫി പറഞ്ഞു.
ടി.വി.രാജേഷിന്റെയും വിജിൻ എംഎൽഎയുടെയും മുറികളിൽ പോലീസ് പരിശോധന നടത്തിയെന്നാണ് പറയുന്നത്. എങ്കിൽ അത് വാർത്തയാകാത്തത് എന്താണ്. എ.എ.റഹീം കള്ളം പറയുന്നത് കൊള്ളാം, പക്ഷേ അതൊരു അലങ്കാരമായി കൊണ്ടുനടക്കരുത്. ഒരു സ്ത്രീയുടെ മുറിയിൽ രാത്രി 12 മണിക്കുശേഷം യൂണിഫോമിൽ അല്ലാത്തവർ വന്ന് മുട്ടിയാൽ ഷാനിമോള്‍ വാതില്‍ തുറന്നുകൊടുക്കണമെന്ന് എന്ത് അര്‍ഥത്തിലാണ് എ.എ.റഹീം പറയുന്നതെന്നും ഷാഫി ചോദിച്ചു. സിപിഎമ്മിന് വേണ്ടി കേരള പോലീസ് ചെയ്യുന്നത് കള്ളന്‍മാരേക്കാള്‍ മോശമായ പണിയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
പോലീസ് നടപടിയിലൂടെ പ്രകടമായത് സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തമെന്ന് പാക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ അഭിപ്രായപ്പെട്ടു. സംഘടനാ പ്രവര്‍ത്തനത്തിന്റെ പാരമ്പര്യമുണ്ടെന്ന് പറഞ്ഞ് പാതിരാത്രിയാവുമ്പോള്‍ അന്യ പുരുഷന്മാര്‍ക്ക് വാതില്‍ തുറന്നുകൊടുക്കാന്‍ പറ്റുമോ?. പരിശോധനയ്ക്കു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു
പൊലീസിന്‍റേത് ആണത്തമില്ലാത്ത തെമ്മാടിത്തമാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. പാതിരാത്രി വനിതാ നേതാക്കളുടെ മുറിയിൽ പരിശോധന നടത്തിയതിന് എന്ത് ന്യായീകരണമാണുള്ളത്?. എന്നിട്ട് കള്ളപ്പണം രണ്ട് ചാക്ക് കൊണ്ടുപോയോ?. കള്ളപ്പണം ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും പിണറായി വിജയന്‍റെ പാർട്ടിയും കെ.സുരേന്ദ്രന്‍റെ ബിജെപിയുമാണെന്ന് സുധാകരൻ പറഞ്ഞു. വനിതാ പ്രവർത്തകരെ കരുതിക്കൂട്ടി അപമാനിക്കാൻ ശ്രമിച്ചു. പോലീസുകാരെ കയറൂരി വിടുന്ന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് കെ സുധാകരൻ വ്യക്തമാക്കി
Post a Comment