(www.kl14onlinenews.com)
(06-November -2024)
പാലക്കാട്: അർധരാത്രി ഹോട്ടൽ മുറിയിൽ എത്തിയ കേരള പോലീസിന്റെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. സ്ത്രീ എന്ന നിലയില്‍ അഭിമാനത്തെ ചോദ്യംചെയ്യുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പൊതുപ്രവര്‍ത്തക എന്ന നിലയില്‍ തന്റെ അന്തസിന് ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടിന് രാഷ്ട്രീയ നേതൃത്വത്തെക്കൊണ്ട് മറുപടി പറയിക്കുമെന്ന് അവർ പറഞ്ഞു.
രാത്രി 12 മണിക്ക് ശേഷം മുറിയുടെ വാതിലിൽ മുട്ടിയ പോലീസ് സംഘം വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചു. ഐഡന്‍റിറ്റി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടിട്ട് തയ്യാറായില്ല. അസമയത്ത് വന്ന് മുറിയുടെ കോളിങ് ബെല്ലടിച്ചാല്‍ തുറക്കേണ്ട കാര്യമില്ല. അത്യാവശ്യമുണ്ടെങ്കില്‍ റിസപ്ഷനില്‍ നിന്ന് ഫോണില്‍ വിളിക്കാം. അതല്ല പോലീസ് ചെയ്തത്. വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് വനിതാ പൊലീസുമായി എത്തുകയും മുറി പരിശോധിക്കുകയും ചെയ്തു. ദേഹപരിശോധന നടത്തി. വസ്ത്രങ്ങൾ അടക്കം വാരി വലിച്ച് പുറത്തേക്കിട്ടെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
തോന്നുമ്പോള്‍ കയറിവന്ന് പരിശോധിക്കാനും ഇറങ്ങിപ്പോകാനും ഞാൻ താമസിക്കുന്ന മുറി മാര്‍ക്കറ്റൊന്നുമല്ല. സ്ത്രീയെന്ന തന്റെ സ്വത്വത്തെ ചോദ്യം ചെയ്യുന്ന നടപടിയാണിത്. പരാക്രമം സ്ത്രീകളോടല്ല വേണ്ടത്. ഇതേ ഹോട്ടലിൽ തൊട്ടടുത്ത മുറിയിൽ ശ്രീമതി ടീച്ചറാണ് താമസിക്കുന്നത്. അവർ ഇതിന് മറുപടി പറയണമെന്നും ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടു.
പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടൽ മുറികളിലാണ് അർധരാത്രി പോലീസ് പരിശോധന നടന്നത്. ഹോട്ടലിലെ 12 മുറികളാണ് പരിശോധിച്ചത്. എന്നാൽ, തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയാണെന്ന് പാലക്കാട് എഎസ്‌പി അശ്വതി ജിജി പറഞ്ഞു. കോൺഗ്രസ് കള്ളപ്പണം എത്തിച്ചെന്ന ആരോപണവുമായി ഹോട്ടലിന് പുറത്ത് ബിജെപി, സിപിഎം പ്രവർത്തകർ തടിച്ചുകൂടിയതോടെ സംഘർഷം ഉണ്ടായി. ഹോട്ടലിന് അകത്തും പുറത്തും വച്ച് സിപിഎം, ബിജെപി പ്രവർത്തകർ ഒരു വശത്തും കോൺഗ്രസ് മറുവശത്തുമായി കയ്യേറ്റമുണ്ടായി.
Post a Comment