വയനാട് ദുരന്തം; കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് എൽഡിഎഫും യുഡിഎഫും; ചൊവ്വാഴ്ച ജില്ലയിൽ ഹർത്താൽ

(www.kl14onlinenews.com)
(15-November -2024)

വയനാട് ദുരന്തം; കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് എൽഡിഎഫും യുഡിഎഫും; ചൊവ്വാഴ്ച ജില്ലയിൽ ഹർത്താൽ
വയനാട്: ദുരന്തബാധിതരായ വയനാട്ടിലെ ജനങ്ങളോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ജില്ലയിൽ യുഡിഎഫും എൽഡിഎഫും ഹർത്താൽ‌ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. പുനരധിവാസം വൈകുന്നത് കൈയും കെട്ടി നോക്കിയിരിക്കാനാവില്ലെന്നും, കേന്ദ്രസര്‍ക്കാരിന്റെ സമീപനം നിഷേധാത്മകമാണെന്നും ടി. സിദ്ദിഖ് എംഎംഎല്‍എ പറഞ്ഞു.

വയനാട് ഉരുൾപൊട്ടൽ ദുരന്തം ദേശിയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം വ്യക്തമാക്കിയിരുന്നു. എസ്.ഡി.ആർ.എഫ്, എൻ.ഡി.ആർ.എഫ് മാനദണ്ഡങ്ങൾ പ്രകാരം വയനാട് ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ആണ് അറിയിച്ചത്. കേരള പ്രതിനിധി ​കെ.വി തോമസിന്റെ കത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

ദുരന്തത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്‌റെ ചുമതലയാണെന്നും, കേരളത്തിൽ ആവശ്യത്തിന് സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

അതേസമയം, വയനാട്ടിലെ ദുരന്ത ബാധിതരോടുള്ള കേന്ദ്ര അവഗണന ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പാലക്കാട് വ്യക്തമാക്കിയിരുന്നു. യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കുമെന്നും, മറ്റു സംസ്ഥാനങ്ങൾക്ക് നൽകിയതിനു സമാനമായ പ്രത്യേക സാമ്പത്തിക സഹായമാണ് കേരളത്തിൻ്റെ ആവശ്യമെന്നും സതീശൻ പാലക്കാട് പറഞ്ഞു

ഇക്കാര്യത്തിൽ കെ. സുരേന്ദ്രൻ അഭിപ്രായം പറയാൻ ബിജെപിയോടല്ല കേരളം പണം ആവശ്യപ്പെട്ടതെന്നും കേന്ദ്ര അവഗണനയ്ക്കെതിരെ എൽഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. എൽഡിഎഫും ബിജെപിയും എപ്പോഴാണ് ഒന്നിക്കുകയെന്ന് പറയാനാവില്ലെന്നും അതുകൊണ്ട് ഒറ്റയ്ക്ക് സമരം ചെയ്യാനാണ് തീരുമാനമെന്നും വി.ഡി സതീശൻ പറഞ്ഞു. കേരളം രാജ്യത്തിന്റെ ഭൂപടത്തില്‍ ഇല്ലെന്ന തരത്തിലുള്ള നിലപാടാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി മൂന്നു മാസം കഴിഞ്ഞിട്ടും ധനസഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു. ഇത്രയൊന്നും ദുരന്തമില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ധനസഹായം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പൊതുതാത്പര്യത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു

Post a Comment

Previous Post Next Post