ഹരിത കർമ്മ സേനയ്ക്ക് നിരക്ക് ഉയർത്താൻ അനുമതി

(www.kl14onlinenews.com)
(15-November -2024)

ഹരിത കർമ്മ സേനയ്ക്ക് നിരക്ക് ഉയർത്താൻ അനുമതി
തിരുവനന്തപുരം: ഓരോ സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യത്തിന് ഹരിത കർമ്മസേന വാങ്ങുന്ന യൂസർ ഫീ ഉയർത്താൻ അനുമതി. ഇത് സംബന്ധിച്ച് ഉള്ള മാര്‍ഗരേഖ തദ്ദേശ വകുപ്പ് പുതുക്കി. അതേസമയം വീടുകളിൽനിന്നുള്ള മാലിന്യ ശേഖരണ നിരക്കില്‍ മാറ്റമില്ല.

നിലവില്‍ 100 രൂപയാണ് ചാക്കിന് ഈടാക്കുന്നത്. മാലിന്യത്തിന് ആനുപാതികമായും പ്രദേശത്തിന്റെ പ്രത്യേകതകള്‍ക്ക് അനുസരിച്ചും നിരക്ക് ഉയര്‍ത്താനാണ് അനുമതി. ഒരുമാസം ആദ്യ അഞ്ച് ചാക്കിന് 100 രൂപയും തുടര്‍ന്നുള്ള അധിക ചാക്ക് ഒന്നിന് പരമാവധി 100 രൂപ വരെയും വാങ്ങാം. എത്ര രൂപ ഈടാക്കണമെന്ന് അതാത് തദ്ദേശ ഭരണ സമിതിക്ക് തീരുമാനിക്കാം.

വീടുകളിൽ നിന്ന് അജൈവ മാലിന്യം ശേഖരിക്കാൻ പഞ്ചായത്തുകളിൽ കുറഞ്ഞത് 50 രൂപയും നഗരസഭകളിൽ കുറഞ്ഞത് 70 രൂപയും തുടരാമെന്നും മാർഗരേഖയിൽ പറയുന്നു. നിശ്ചയിക്കുന്ന നിരക്ക് തദ്ദേശ സ്ഥാപന ഭരണസമിതി തീരുമാനമെടുത്തു പ്രസിദ്ധീകരിക്കണം. രസീത് ഏകീകൃത രൂപത്തിലാകണമെന്നും രസീത് തദ്ദേശ സ്ഥാപനം അച്ചടിച്ച് ഹരിതകർമസേന ഭാരവാഹികൾക്ക് നൽകണമെന്നും നിർദേശമുണ്ട്.

Post a Comment

Previous Post Next Post