ബിജെപിയിൽ ചവിട്ടി മെതിക്കപ്പെട്ടു; സന്ദീപ് വാര്യര്‍ ഇനി കോൺഗ്രസിൽ

(www.kl14onlinenews.com)
(16-November -2024)

ബിജെപിയിൽ ചവിട്ടി മെതിക്കപ്പെട്ടു; സന്ദീപ് വാര്യര്‍ ഇനി കോൺഗ്രസിൽ
പാലക്കാട്: ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോൺഗ്രസിൽ ചേർന്നു. പാലക്കാട് കോൺഗ്രസ് ഓഫിസിൽ എത്തിയ സന്ദീപിനെ നേതാക്കളായ കെ.സുധാകരനും വി.ഡി.സതീശനും ഷാൾ അണിയിച്ച് സ്വീകരിച്ചു. സന്ദീപ് വാര്യർ വന്നത് സ്നേഹത്തിന്റെ രാഷ്ട്രീയത്തിലേക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സന്ദീപ് വെറുപ്പിന്റെ രാഷ്ട്രീയത്തോട് വിട പറഞ്ഞ് കടന്നു വന്നുവെന്നും സതീശൻ അഭിപ്രായപ്പെട്ടു.
കോൺഗ്രസിലേക്ക് വരാനുള്ള താൽപര്യം സന്ദീപ് അറിയിച്ചിരുന്നുവെന്നും സന്ദീപിന്റെ വരവിലൂടെ കോൺഗ്രസിന്റെ പ്രാധാന്യം കൂടിയെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു.

കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ ബിജെപി പാർട്ടിക്കെതിരെ അതിരൂക്ഷ വിമർശനമാണ് നടത്തിയത്. വെറുപ്പ് ഫാക്ടറിയിൽനിന്ന് സ്നേഹവും കരുതലും പ്രതീക്ഷിച്ചത് തെറ്റെന്ന് സന്ദീപ് വാര്യർ അഭിപ്രായപ്പെട്ടു. ബിജെപിയിൽ ചവിട്ടി മെതിക്കപ്പെട്ടു. സിപിഎമ്മുമായി ചേർന്ന് ബിജെപി അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിക്കുന്നു. അതിനെ ചോദ്യം ചെയ്തതാണ് താൻ ചെയ്ത തെറ്റ്. വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് സ്നേഹത്തിന്റെ കടയിൽ മെമ്പർഷിപ് എടുക്കുന്നുവെന്നാണ് സന്ദീപ് വ്യക്തമാക്കിയത്.

ബിജെപി പാർട്ടിയിൽ അഭിപ്രായം പറയാനോ വ്യക്തിത്വം കാത്തുസൂക്ഷിക്കാനോ കഴിഞ്ഞിരുന്നില്ല. അഭിപ്രായം പറഞ്ഞതിന് ഒരു വർഷം തന്നെ സംഘടനയുടെ കയ്യാലപ്പുറത്ത് ഇരുത്തി. ജീവനുവരെ ഭീഷണി ഉണ്ടായിരുന്നു. സംഘടനയിൽനിന്ന് നേരിട്ടത് അങ്ങേയറ്റം ഒറ്റപ്പെടുത്തലും വേട്ടയാടലും മാത്രം. ഇന്ന് കോൺഗ്രസ് വേദിയിൽ ഇരിക്കുന്നതിനു കാരണം കെ.സുരേന്ദ്രനും സംഘവുമാണ്. ഇനിയുള്ള കാലം കോൺഗ്രസിന് ഒപ്പമുണ്ടാവുമെന്നും സന്ദീപ് പറഞ്ഞു.

Post a Comment

Previous Post Next Post