(www.kl14onlinenews.com)
(19-October -2024)
സര്‍ഫറാസ് വീണതിന് പിന്നാലെ അവസാന 5 വിക്കറ്റ് 29 റൺസിനിടെ കളഞ്ഞു , ഇന്ത്യ 462 റൺസിന് ഓൾഔട്ട്; കിവീസിന് 107 റൺസ് വിജയലക്ഷ്യം
ബെംഗളൂരു : ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 462 റൺസിനു പുറത്ത്. ആദ്യ ഇന്നിങ്സിൽ 356 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ, 106 റൺസ് ലീഡുമായാണ് രണ്ടാം ഇന്നിങ്സ് അവസാനിപ്പിച്ചത്. നാലാം ദിനം ന്യൂസീലൻഡ് ബാറ്റിങ് തുടങ്ങിയെങ്കിലും മഴ മൂലം മത്സരം നേരത്തെ നിർത്തിയതിനാൽ നാല് പന്തുകൾ മാത്രമാണ് എറിയാൻ സാധിച്ചത്. ഒരു ദിവസം മുഴുവൻ ബാക്കി നിൽക്കെ ന്യൂസീലൻഡിന് 107 റൺസാണ് വിജയത്തിലേക്ക് വേണ്ടത്. ഇന്ത്യയ്ക്ക് 10 വിക്കറ്റും. ടോം ലാതം (0*), ഡെവോൺ കോൺവേ (0*) എന്നിവരാണ് ക്രീസിൽ
ഖാൻ–ഋഷഭ് പന്ത് കൂട്ടുകെട്ടായിരുന്നു നാലാം ദിനത്തിൽ ഇന്ത്യൻ ഇന്നിങ്സിന്റെ ഹൈലൈറ്റ്. ടെസ്റ്റിൽ കന്നിസെഞ്ചറിയുമായി സർഫറാസ് തിളങ്ങിയപ്പോൾ ഒരു റൺ അകലെ ഋഷഭ് പന്തിന് സെഞ്ചറി നഷ്ടമായി. നാലാം വിക്കറ്റിൽ സർഫറാസ് ഖാനും പന്തും ചേർന്ന് 177 റൺസാണ് കൂട്ടിച്ചേർത്തത്. മൂന്നു സിക്സും 18 ഫോറും അടങ്ങുന്നതാണ് സർഫറാസിന്റെ ഇന്നിങ്സ്. പന്തിന്റെ ബാറ്റിൽനിന്ന് അഞ്ച് സിക്സും ഒൻപത് ഫോറും പിറന്നു.
85–ാം ഓവറിൽ സർഫറാസിനെ പുറത്താക്കി ടിം സൗത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ 89–ാം ഓവറിൽ പന്തും പുറത്തായതോടെ ഇന്ത്യൻ ഇന്നിങ്സിന്റെ ആയുസ്സ് നിശ്ചയിക്കപ്പെട്ടിരുന്നു. 29 റൺസെടുക്കുന്നതിനിടെ ഇന്ത്യയുടെ ബാക്കി അഞ്ച് വിക്കറ്റുകളും നഷ്ടമായി. കെ.എൽ.രാഹുൽ (16 പന്തിൽ 12), രവീന്ദ്ര ജഡേജ (15 പന്തിൽ 5), ആർ.അശ്വിൻ (24 പന്തിൽ 14), ജസ്പ്രീത് ബുമ്ര (0), മുഹമ്മദ് സിറാജ് (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കുൽദീപ് യാദവ് (20 പന്തിൽ 6*) പുറത്താകാതെ നിന്നു. മഴ മൂലം രണ്ടു മണിക്കൂറോളം മത്സരം വൈകിയതിനാൽ 24 ഓവറുകൾ ഇന്നു നഷ്ടമായിരുന്നു. .
ആദ്യ ഇന്നിങ്സിൽ ഡക്കും രണ്ടാം ഇന്നിങ്സിൽ സെഞ്ചറിയും നേടുന്ന 22–ാം ഇന്ത്യൻ താരമാണ് സർഫറാസ് ഖാൻ. കഴിഞ്ഞ മാസം ബംഗ്ലദേശിനെതിരെ ശുഭ്മാൻ ഗില്ലാണ് ഒടുവിൽ ഇത്തരത്തിൽ സെഞ്ചറി നേടിയത്. 2001ൽ കൊൽക്കത്തയിൽ ഓസ്ട്രേലിയയ്ക്കെതിരെ 274 റൺസ് ലീഡ് വഴങ്ങിയശേഷം വിജയിച്ചതാണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച തിരിച്ചുവരവ്. യശസ്വി ജയ്സ്വാൾ (35), അർധ സെഞ്ചറി നേടിയ രോഹിത് ശർമ (52), വിരാട് കോലി (70) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ഇന്നലെ നഷ്ടമായത്.
∙ ഇന്ത്യയ്ക്ക് കിട്ടിയ സ്റ്റഡി ക്ലാസ്
ന്യൂസീലൻഡ് താരങ്ങളായ രചിൻ രവീന്ദ്രയും (134 റൺസ്) ടിം സൗത്തിയുമായിരുന്നു (65 റൺസ്) ഇന്നലെ ഇന്ത്യൻ ബാറ്റർമാരുടെ ഹീറോസ്. അപകടക്കെണികളുള്ള പിച്ചിനെ ആക്രമണ ബാറ്റിങ്ങിലൂടെ മെരുക്കിയ ഇവരുടെ കൂട്ടുകെട്ട് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യൻ ബാറ്റർമാർക്കുള്ള ‘സ്റ്റഡി ക്ലാസായി മാറി. 402 റൺസിന്റെ കൂറ്റൻ ടോട്ടലും 356 റൺസിന്റെ ലീഡുമുയർത്തി അപായമണി മുഴക്കിയ ന്യൂസീലൻഡിനെതിരെ തിരിച്ചടിക്കാൻ ഇന്ത്യയ്ക്കു പ്രചോദനമായതും ഈ ബാറ്റിങ് ശൈലിയാണ്. ടെസ്റ്റിലെ 31–ാം അർധ സെഞ്ചറി പിന്നിട്ട് ക്രീസിൽ നിലയുറപ്പിച്ചിരുന്ന വിരാട് കോലി (70) ഇന്നലത്തെ അവസാന പന്തിൽ പുറത്തായത് ഇന്ത്യയ്ക്കു നിരാശയായി.
ആധിപൂണ്ട മനസ്സുമായാണ് മറുപടി ബാറ്റിങ്ങിനിറങ്ങിയതെങ്കിലും ഇന്ത്യയുടെ നയവും ആക്രമണം തന്നെയായിരുന്നു. അതിനു തുടക്കമിട്ടത് ക്യാപ്റ്റൻ രോഹിത് ശർമയും. വ്യാഴാഴ്ച പേസർമാരെ കൈയയച്ചു സഹായിച്ച പിച്ചിന്റെ സ്വഭാവമാറ്റവും ഇന്ത്യൻ ഓപ്പണർമാർക്ക് അനുകൂലമായി. പതിവ് ഫോമിലേക്ക് ഉയരാനായില്ലെങ്കിലും 72 റൺസിന്റെ ഒന്നാം ഇന്നിങ്സ് കൂട്ടുകെട്ടുയർത്തിയശേഷമാണ് ജയ്സ്വാൾ (35) മടങ്ങിയത്. കരിയറിലെ 18–ാം ടെസ്റ്റ് അർധ സെഞ്ചറി പിന്നിട്ട രോഹിത്തിന്റെ (63 പന്തിൽ 52) പുറത്താകലിന് ദൗർഭാഗ്യവും കാരണമായി. അജാസ് പട്ടേലിനെതിരെ രോഹിത് ഫ്രണ്ട് ഫൂട്ടിൽ ഡിഫൻഡ് ചെയ്ത പന്ത് പിന്നിലേക്ക് ബൗൺസ് ചെയ്ത് സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു.
തുടർന്നായിരുന്നു കോലി–സർഫറാസ് ഖാൻ കൂട്ടുകെട്ട് ഇന്ത്യയുടെ രക്ഷയ്ക്കെത്തിയത്. 7 ഫോറും 3 സിക്സുകളും നേടിയ സർഫറാസ് സ്പിൻ, പേസ് വ്യത്യാസമില്ലാതെ ആഞ്ഞടിച്ചപ്പോൾ മോശം പന്തുകളെ തിരഞ്ഞുപിടിച്ച് ആക്രമിച്ചാണ് കോലി സ്കോർ ഉയർത്തിയത്. ഈ വർഷത്തെ ആദ്യ ടെസ്റ്റ് അർധ സെഞ്ചറി കുറിച്ച കോലി മുപ്പതാം ടെസ്റ്റ് സെഞ്ചറിയിലേക്കുള്ള യാത്രയിലായിരുന്നു. എന്നാൽ മൂന്നാംദിനത്തിന്റെ അവസാന നിമിഷം കിവീസിന്റെ പാർടൈം സ്പിന്നർ ഗ്ലെൻ ഫിലിപ്സിന്റെ പന്തിൽ ലക്ഷ്യം പിഴച്ചു. ബാറ്റിന്റെ അരികിലുരസിയ പന്ത് വിക്കറ്റ് കീപ്പർ ടോം ബ്ലെണ്ടലിന്റെ കൈകളിലെത്തി. 163 പന്തിൽ 136 റൺസ് നേടിയ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചതിന്റെ ആശ്വാസത്തിലായിരുന്നു ഡ്രസിങ് റൂമിലേക്കുള്ള ന്യൂസീലൻഡ് താരങ്ങളുടെ മടക്കം.
Post a Comment