പാലക്കാട് സി. കൃഷ്ണകുമാർ, വയനാട് നവ്യ ഹരിദാസ്, ചേലക്കരയിൽ കെ. ബാലകൃഷ്ണൻ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

(www.kl14onlinenews.com)
(19-October -2024)

പാലക്കാട് സി. കൃഷ്ണകുമാർ, വയനാട് നവ്യ ഹരിദാസ്, ചേലക്കരയിൽ കെ. ബാലകൃഷ്ണൻ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. ഉപതിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. പാലക്കാട് സി. കൃഷ്ണകുമാർ, വയനാട് നവ്യ ഹരിദാസ്, ചേലക്കരയിൽ കെ. ബാലകൃഷ്ണൻ എന്നിവർ മത്സരിക്കും. പാർലമെന്ററി ബോർഡ് യോ​ഗത്തിനു ശേഷമാണ് ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

ബിജെപിക്ക് കൂടുതൽ വിജയ പ്രതീക്ഷയുള്ള മണ്ഡലമാണ് പാലക്കാട്. ശോഭാ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കുമെന്ന് ശക്തമായ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും സി. കൃഷ്ണകുമാറിനെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. സുരേഷ് ഗോപി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ശോഭാ സുരേന്ദ്രനെ പിന്തുണച്ച് രംഗത്തെത്തിയുരുന്നു.

ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന പാലക്കാട് മണ്ഡലത്തിൽ സീറ്റ് തർക്കത്തെ തുടർന്ന് കോൺഗ്രസുവിട്ട ഡോ. പി. സരിൻ, ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി.

മഹിള മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയായ നവ്യ ഹരിദാസിനെയാണ് വയനാട് ലോക്സഭാ മണ്ഡലത്തിലേക്ക് ബിജെപി പരിഗണിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വരവോടെ ദേശീയ ശ്രദ്ധനേടിയ വയനാട്ടിൽ, പ്രിയങ്കാ ഗാന്ധി യുഡിഎഫ് സ്ഥാനാർഥിയാകുമെന്നത് കോൺഗ്രസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സത്യൻ മൊകേരിയാണ് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി.

തിരുവില്വാമല പഞ്ചായത്തംഗം കെ. ബാലകൃഷ്ണനെയാണ് ചേലക്കരയിൽ ബിജെപി കളത്തിലിറക്കുന്നത്. രമ്യാ ഹരിദാസാണ് കോൺഗ്രസിന്റെ ചേലക്കരയിലെ സ്ഥാനാർത്ഥി. മുൻ എംഎൽഎകൂടിയായ യു.ആർ. പ്രദീപാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി.

Post a Comment

Previous Post Next Post