(www.kl14onlinenews.com)
(10-October -2024)
മുംബൈ:ഇന്ത്യയുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ വ്യവസായിയും ടാറ്റ സൺസിന്റെ മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.
മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്ന രത്തൻ ടാറ്റയെ ഇന്നു വൈകിട്ടോടെയാണ് ഐസിയുവിലേക്ക് മാറ്റിയത്. രാത്രി പതിനൊന്നരയോടെയാണ് മരണം.
1990 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായും 2016 ഒക്ടോബർ മുതൽ 2017 ഫെബ്രുവരി വരെ ഇടക്കാല ചെയർമാനായും പ്രവർത്തിച്ചു. 2008-ൽ അദ്ദേഹത്തിന് ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു
മാനുഷിക മൂല്യങ്ങൾ എന്നും ഉയർത്തിപ്പിടിച്ച അദ്ദേഹം, സന്നദ്ധ പ്രവൃത്തനങ്ങളിലും സജീവമായിരുന്നു. 1937 ഡിസംബർ 28-ന് ബോംബെയിൽ ഒരു പാഴ്‌സി സൊരാഷ്ട്രിയൻ കുടുംബത്തിലാണ് രത്തൻ ടാറ്റ ജനിച്ചത്. സൂററ്റിൽ ജനിച്ച് പിന്നീട് ടാറ്റ കുടുംബത്തിലേക്ക് ദത്തെടുക്കപ്പെട്ട നേവൽ ടാറ്റയുടെ മകനാണ് അദ്ദേഹം. എട്ടാം ക്ലാസ് വരെ മുംബൈ കാമ്പ്യൻ സ്‌കൂളിലാണ് രത്തൻ ടാറ്റ പഠിച്ചത്. പിന്നീട് മുംബൈയിലെ കത്തീഡ്രൽ ആൻഡ് ജോൺ കോണൺ സ്‌കൂൾ , ഷിംലയിലെ ബിഷപ്പ് കോട്ടൺ സ്‌കൂൾ , ന്യൂയോർക്ക് സിറ്റിയിലെ റിവർഡേൽ കൺട്രി സ്‌കൂൾ എന്നിവിടങ്ങളിൽ പഠനം നടത്തി. 1959-ൽ കോർണൽ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ആർക്കിടെക്ചറിൽ നിന്ന് ആർക്കിടെക്ചറിൽ ബിരുദം നേടി
1961-ലാണ് രത്തൻ ടാറ്റ, ടാറ്റയിൽ ചേരുന്നത്. തുടക്കത്തിൽ ടാറ്റ സ്റ്റീലിന്റെ ചുമതലയാണ് അദ്ദേഹം വഹിച്ചിരുന്നത്. 1991-ൽ ജെആർഡി ടാറ്റയുടെ വിരമിക്കലിന് പിന്നാലെ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ടാറ്റ ഗ്രൂപ്പ് ടെറ്റ്‌ലി , ജാഗ്വാർ ലാൻഡ് റോവർ , കോറസ് എന്നിവയെ ടാറ്റ ഏറ്റെടുക്കുന്നത്
ടാറ്റയുടെ നവീകരണത്തിനാണ് രത്തൻടാറ്റ എന്നും മുൻഗണന നൽകിയത്. പല പുതിയ സംരഭങ്ങളിലേക്കും ടാറ്റകടക്കുന്നത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്. സാധാരണക്കാരന്റെ കാർ എന്നാശയവുമായി നാനോ കാർ ടാറ്റ പുറത്തിറക്കുന്നത് അദ്ദേഹത്തിന്റെ കാലത്താണ്. 75 വയസ്സ് തികഞ്ഞപ്പോൾ, 2012 ഡിസംബർ 28-ന് രത്തൻ ടാറ്റ, ടാറ്റ ഗ്രൂപ്പിലെ തന്റെ എക്‌സിക്യൂട്ടീവ് അധികാരങ്ങൾ രാജിവച്ചു. സൈറസ് മിസ്്ത്രയാണ് അദ്ദേഹത്തിന്റെ പിൻഗാമിയായി ടാറ്റ ഗ്രൂപ്പ് ഉയർത്തികാട്ടിയത്. എന്നാൽ 2016 ഒക്ടോബറിൽ സൈറസ് മിസ്ത്രയെ ആ സ്ഥാനത്ത് നിന്ന് ടാറ്റഗ്രൂപ്പ് നീക്കം ചെയ്തതിനെ തുടർന്ന് രത്തൻ ടാറ്റ തന്നെ ഇടക്കാല ചെയർമാനായി വീണ്ടും അവരോധിക്കപ്പെട്ടു.
തന്റെ വരുമാനത്തിന്റെ 65 ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്ത രത്തൻ ടാറ്റ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസ്നേഹികളിൽ ഒരാളാണ്. 2000ൽ പത്മഭൂഷണും 2008-ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ച അദ്ദേഹം അവിവാഹിതനാണ്
സംസ്കാരം ഇന്ന്
രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന് നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന് വിട നൽകുക. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയാണ് ഇക്കാര്യം അറിയിച്ചത്. രത്തൻ ടാറ്റയുടെ ഭൗതികദേഹം ദക്ഷിണ മുംബൈയിലെ നരിമാൻ പോയിൻ്റിലുള്ള നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്‌സിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പൊതുദർശനത്തിന് വെയ്ക്കും. ഉച്ചതിരിഞ്ഞ് 3.30ന് മൃതദേഹം സംസ്‌കാരത്തിനായി വോർളി ശ്മശാനത്തിലേക്ക് കൊണ്ടുപോകും.
രത്തൻ ടാറ്റയുടെ നിര്യാണത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ ഇന്ന് സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിലാപ സൂചകമായി മഹാരാഷ്ട്രയിലെ സർക്കാർ ഓഫീസുകളിൽ ദേശീയ പതാക പകുതി താഴ്ത്തി കെട്ടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് വിനോദ പരിപാടികളും ഉണ്ടാകില്ല. ഇന്ന് നടക്കാനിരുന്ന സംസ്ഥാന സർക്കാരിൻ്റെ എല്ലാ പരിപാടികളും റദ്ദാക്കിയതായി മഹാരാഷ്ട്ര മന്ത്രി ദീപക് കേസർകർ അറിയിച്ചു.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു
രത്തൻ ടാറ്റയുടെ വിയോഗത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയ, സാമൂഹിക, വ്യവസായ രംഗങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖരാണ് തങ്ങളുടെ വേദന സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും പങ്കുവെയ്ക്കുന്നത്. കോപററേറ്റ് രംഗത്തെ വളർച്ച രാഷ്ട്ര നിർമാണവുമായി കൂട്ടിച്ചേർക്കുകയും നൈതികത കൊണ്ട് അതിനെ മികച്ചതാക്കുകയും ചെയ്ത മാതൃകയായാണ് ഇന്ത്യയ്ക്ക് നഷ്ടമായതെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു അഭിപ്രായപ്പെട്ടു.
പത്മവിഭൂഷനും പത്മഭൂഷനും കരസ്ഥമാക്കിയ അദ്ദേഹം ടാറ്റ ഗ്രൂപ്പിന്റെ പാരമ്പര്യം ഏറെ ആകർഷണീയമാക്കി മാറ്റി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. പരിചയസമ്പന്നരായ പ്രൊഫഷണലുകളെയും വിദ്യാർത്ഥികളെയും ഒരുപോലെ പ്രചോദിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിലെ അദ്ദേഹത്തിന്റെ സംഭാവനകളും വിലമതിക്കാനാവാത്തതാണ്' - രാഷ്ട്രപതി ദ്രൗപതി മുർമു അനുസ്മരിച്ചു.
ദീർഘവീക്ഷണനും അനുകമ്പയുമുള്ള വ്യക്തിത്വമായിരുന്നു രത്തൻ ടാറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയവയിലൊന്നും ഏറ്റവും അഭിമാനകരവുമായ വ്യവസായ സംരംഭങ്ങൾക്ക് സുസ്ഥിരമായ നേതൃത്വമൊരുക്കി. അപ്പോൾ തന്നെ അദ്ദേഹത്തിന്റെ സംഭാവനകൾ ആ സ്ഥാപനത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഒരുപാട് അകലങ്ങളിലേക്ക് എത്തിയിരുന്നുവെന്നും നരേന്ദ്രമോദി അനുസ്മരിച്ചു.
ആധുനിക ഇന്ത്യയുടെ വഴി പുനർനിർവചിച്ച വ്യക്തിത്വമായിരുന്നു രത്തൻ ടാറ്റയെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു. രത്തൻ ടാറ്റയുടെ വിയോഗം ഹൃദയഭേദകമെന്നായിരുന്നു കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി അനുസ്മരിച്ചത്. ദശലക്ഷക്കണക്കിന് മനുഷ്യർക്ക് പ്രചോദനമേകിയ വ്യക്തിത്വമായിരുന്നു രത്തൻ ടാറ്റയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അനുസ്മരിച്ചു. ടാറ്റയുടെ പാരമ്പര്യം തലമുറകൾക്ക് പ്രചോദനമാകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അനുസ്മരിച്ചു
Post a Comment