(www.kl14onlinenews.com)
(10-October -2024)
കാസർകോട്: ഗതാഗത തടസ്സമുണ്ടാക്കിയെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ വിട്ടുനൽകാത്തതിൽ മനംനൊന്ത് ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസന്വേഷണത്തിന് ജില്ലാ ക്രൈംബ്രാഞ്ചിന് ഉത്തരവ് ലഭിച്ചു. അനുബന്ധ രേഖകൾ കിട്ടുന്നമുറയ്ക്ക് അന്വേഷണം തുടങ്ങും
എസ്ഐയെ സസ്പെൻഡ് ചെയ്യണമെന്ന് കുടുംബം
കാസർകോട് പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ വിട്ടു നൽകാത്തതിൽ മനം നൊന്ത് ഹൃദ്രോഗിയായ ഓട്ടോ ഡ്രൈവർ അബ്ദുല്‍ സത്താർ ആത്മഹത്യ ചെയ്തതില്‍ ആരോപണ വിധേയനായ എസ്ഐയെ സസ്പെൻഡ് ചെയ്യണമെന്ന് കുടുംബം. പൊലീസിൽ നിന്ന് നേരിട്ട് ദുരനുഭവങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിനുശേഷമാണ് തിങ്കളാഴ്ച അബ്ദുല്‍ സത്താർ ആത്മഹത്യ ചെയ്തത്.
തിങ്കളാഴ്ചയാണ് താൻ നേരിട്ട ദുരനുഭവങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ച് അബ്ദുൾ സത്താർ താമസസ്ഥലത്ത് തൂങ്ങിമരിച്ചത്. ഗതാഗത നിയമലംഘനത്തിന് ഒക്ടോബർ മൂന്നിന് അബ്ദുൾ സത്താറിന്റെ ഓട്ടോറിക്ഷ കാസർകോട് എസ്ഐ അനൂബിനെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. പലതവണ പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങിയിട്ടും മേലുദ്യോഗസ്ഥരോട് പരാതി പറഞ്ഞിട്ടും വണ്ടി വിട്ടുകൊടുത്തില്ല. ഹൃദ്രോഗിയായ അബ്ദുൾ സത്താറിന്റെ ജോലിയായിരുന്നു കുടുംബത്തിന്റെ ഏക വരുമാനം. വാഹനം തിരികെ ലഭിക്കാത്തതിന്റെ സങ്കടം കുടുംബാംഗങ്ങളോടും പങ്കുവെച്ചിരുന്നു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉത്തംദാസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ആത്മഹത്യയിൽ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ കാസർകോട് ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്ഐ അനൂബിനെയും ഓട്ടോറിക്ഷ തടഞ്ഞ ഹോംഗാർഡിനെയും അന്നുതന്നെ സ്ഥലംമാറ്റിയിരുന്നു.
ഓട്ടോഡ്രൈവറുടെ ആത്മഹത്യ; നടപടി വേണം -സി.ഐ.ടി.യു
വിദ്യാനഗർ:കടുത്ത സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ ഓട്ടോ തൊഴിലാളി അബ്ദുൽ സത്താറിന്റെ ആത്മഹത്യക്കിടയാക്കിയ സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ പോലീസുകാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഓട്ടോ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) കാസർകോട് ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു
കേരളസർക്കാരിന്റെ ജനകീയ പോലീസ് നയത്തിന് വിരുദ്ധമായി ഇത്തരം പ്രവണതകൾ മോട്ടോർവാഹനവകുപ്പിന്റെയും പോലീസ് വിഭാഗത്തിന്റെയും ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. സി.ഐ.ടി.യു. പലപ്പോഴായി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തതാണ്. പോലീസ് സേനയ്ക്കുതന്നെ കളങ്കമുണ്ടാക്കുകയും ഡ്രൈവറെ മരണത്തിലേക്കെത്തിച്ച ഉദ്യോഗസ്ഥനെതിരേ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്ത് മാതൃകാപരമായ ശിക്ഷ ലഭ്യമാക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രത്യക്ഷസമരത്തിന് യൂണിയൻ നേതൃത്വം നൽകുമെന്ന് ഏരിയാ പ്രസിഡന്റ് എ.ആർ.ധന്യവാദ്, സെക്രട്ടറി പി.കുഞ്ഞിരാമൻ എന്നിവർ അറിയിച്ചു
കൊലക്കുറ്റത്തിന് കേസെടുക്കണം-വെൽഫെയർ പാർട്ടി
കാസർകോട്:റെയിൽവേ സ്റ്റേഷൻ പരിസരത്ത് വാടകവീട്ടിൽ താമസിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവർ സത്താറിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസുകാർക്കെതിരേയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇവർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര അധ്യക്ഷത വഹിച്ചു
ജില്ലാ ജനറൽ സെക്രട്ടറി ടി.കെ.അഷ്‌റഫ്, മഹമൂദ് പള്ളിപ്പുഴ, സി.എച്ച്.മുത്തലിബ്, സി.എച്ച്.ബാലകൃഷ്ണൻ, അബ്ദുൾ ലത്തീഫ് കുമ്പള, ഹമീദ് കക്കണ്ടം, സി.എ.യൂസഫ്, നഹാർ കടവത്ത് തുടങ്ങിയവർ സംസാരിച്ചു.
Post a Comment