മുഖ്യമന്ത്രി അറിയാതെയെങ്കിൽ പിആർ കമ്പനിക്കെതിരെ കേസെടുക്കാൻ തയ്യാറാണോ?; വെല്ലുവിളിച്ച് സതീശൻ

(www.kl14onlinenews.com)
(02-October -2024)

മുഖ്യമന്ത്രി അറിയാതെയെങ്കിൽ പിആർ കമ്പനിക്കെതിരെ കേസെടുക്കാൻ തയ്യാറാണോ?; വെല്ലുവിളിച്ച് സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെയാണ് പി ആർ ഏജൻസി അഭിമുഖത്തിൽ വിവാദ ഭാഗം ചേർത്തതെങ്കിൽ കേസെടുക്കാൻ തയ്യാറാണോ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പി ആർ ഏജൻസി ഓഫർ ചെയ്താണ് ഹിന്ദു പത്രം അഭിമുഖത്തിന് തയ്യാറാവുന്നത്. അഭിമുഖ ഭാഗം മുഖ്യമന്ത്രിയുടെ അനുവാദത്തോടെ എഴുതിക്കൊടുത്തതാണ്. അല്ലായെങ്കിൽ ഗുരുതരകുറ്റമാണെന്നും കേസെടുക്കാത്തതെന്തെന്നും പ്രതിപക്ഷം ആഞ്ഞടിച്ചു. മലപ്പുറത്തെ കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശം പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കിയിരിക്കുകയാണ്.

ഏജൻസി മുഖ്യമന്ത്രിക്ക് വേണ്ടിയാണ് അഭിമുഖത്തിന് എത്തിയത്. സ്വർണക്കടത്തിനെ കുറിച്ച് ആദ്യം ആരോപണം ഉന്നയിച്ചത് പ്രതിപക്ഷമാണ്. മുഖ്യമന്ത്രി മനപ്പൂർവമായി ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചു. അഭിമുഖ സമയത്ത് ആരാണ് കൂടെ നിന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അവിടെ വന്ന രണ്ടുപേർക്കു മുഖ്യമന്ത്രിയുമായി എന്ത് ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമാണെന്നും വി ഡി സതീശൻ പറഞ്ഞു

ഡൽഹിയിൽ പോയി ഇന്റർവ്യൂ കൊടുക്കുന്ന ആളല്ല മുഖ്യമന്ത്രി. ദ ഹിന്ദു പോലൊരു പത്രത്തിൽ അഭിമുഖം കൊടുത്തത് ഡൽഹിയിലെ ഏമാന്മാരെ സന്തോഷിപ്പിക്കാനാണെന്നും സതീശൻ പറഞ്ഞു. ഒപ്പം ഇടത് മുന്നണിയുടെ ശിഥിലീകരണത്തിന്റെ തുടക്കമാണ് അൻവറിന്റെ പാർട്ടി പ്രഖ്യാപനമെന്നും അൻവർ കൂട്ടിച്ചേർത്തു. സിപിഐഎമ്മിന്റെ രാഷ്ട്രീയ ജീർണത ഇടത് മുന്നണിയുടെ ശിഥിലീകരണത്തിന്റെ കാരണമാവുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ അഭിമുഖം ഹിന്ദുവിൽ പ്രസിദ്ധീകരിച്ചത്. പിന്നാലെ അഭിമുഖത്തിലെ മലപ്പുറം പരാമർശം വിവാദമാകുകയായിരുന്നു. പി വി അൻവർ എംഎൽഎ ഇത് ഏറ്റെടുക്കുകയും ചെയ്തതോടെ മുഖ്യമന്ത്രിയും വിശദീകരണം നൽകി രംഗത്തെത്തുകയും ചെയ്തു

മലപ്പുറത്തുനിന്ന് പിടിച്ചെടുത്ത പണത്തിന്റെ കണക്ക് വെളിപ്പെടുത്തിയ മുഖ്യമന്ത്രി ഈ തുക രാജ്യവിരുദ്ധ പ്രവ‍ർത്തനങ്ങൾക്കായാണ് കേരളത്തിലെത്തുന്നതെന്നാണ് ദ ​ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. 123 കോടി രൂപ വില വരുന്ന ഹവാല പണവും 150 കിലോ സ്വർണ്ണവും കേരള പൊലീസ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മലപ്പുറത്തുനിന്ന് പിടിച്ചിട്ടുണ്ട്. സംസ്ഥാന വിരുദ്ധ, രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഈ പണം കേരളത്തിലേക്കെത്തുന്നത്', എന്നും മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞതായി അച്ചടിച്ചുവന്നു.

എന്നാൽ ഇത് മുഖ്യമന്ത്രി പറഞ്ഞതല്ലെന്നും പിആർ കമ്പനിയായ കെയ്സൻ പ്രത്യേകമായി എഴുതി നൽകിയതാണുമെന്നാണ് ഖേദപ്രകടനത്തിൽ ഹിന്ദു വിശദീകരിച്ചത്. താൻ പറയാത്ത കാര്യങ്ങളാണ് ഹിന്ദുവിൽ അച്ചടിച്ച് വന്നതെന്ന് മുഖ്യമന്ത്രിയും വിശദീകരിച്ചിരുന്നു

ഹിന്ദുവിന്റെ വിശദീകരണം ഇങ്ങനെ; 'മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖം എടുക്കാനുള്ള അവസരമൊരുക്കി തരാമെന്ന് പറഞ്ഞ് പി ആര്‍ ഏജന്‍സിയായ കൈസന്‍ ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 29ന് കേരള ഹൗസില്‍ ഞങ്ങളുടെ മാധ്യമപ്രവര്‍ത്തകയാണ് മുഖ്യമന്ത്രിയെ അഭിമുഖം നടത്തിയത്. പി ആര്‍ ഏജന്‍സിയുടെ രണ്ട് പ്രതിനിധികളും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. അരമണിക്കൂറോളം നീണ്ട അഭിമുഖമാണ് നടത്തിയത്. മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്വര്‍ണക്കടത്തിനെ കുറിച്ചും ഹവാല ഇടപാടുകളെ കുറിച്ചും പറഞ്ഞത് അഭിമുഖത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പിആര്‍ ഏജന്‍സിയുടെ ഒരു പ്രതിനിധി അഭ്യര്‍ത്ഥിച്ചു. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി തള്ളിയ, മുഖ്യമന്ത്രിയുടെ പ്രതികരണം ഏജന്‍സിയുടെ പ്രതിനിധി എഴുതി നല്‍കിയതാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവനയായി ആ വരികള്‍ ഉള്‍പ്പെടുത്തിയത് മാധ്യമ ധര്‍മ്മത്തില്‍ വന്ന വീഴ്ചയാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒന്ന്. ആ തെറ്റില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു.

Post a Comment

Previous Post Next Post