പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും, എല്ലാ പഞ്ചായത്തുകളിലും സ്ഥാനാർത്ഥികൾ: പി.വി.അൻവർ

(www.kl14onlinenews.com)
(02-October -2024)

പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും, എല്ലാ പഞ്ചായത്തുകളിലും സ്ഥാനാർത്ഥികൾ: പി.വി.അൻവർ
മലപ്പുറം: പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പി.വി.അൻവർ എംഎൽഎ. യുവാക്കൾ അടക്കമുള്ള പുതിയ ടീം വരും. എല്ലാ പഞ്ചായത്തുകളിലും പാർട്ടിക്ക് സ്ഥാനാർത്ഥികളുണ്ടാകും. മതേതരത്തിൽ ഊന്നി ദലിത്, പിന്നോക്കക്കാരെയും കൂട്ടി ചേർത്തായിരിക്കും പുതിയ പാർട്ടി രൂപീകരിക്കുകയെന്നും അൻവർ പറഞ്ഞു.

ദി ഹിന്ദു ദിനപത്രത്തിലെ അഭിമുഖ വിവാദത്തിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്‍വര്‍ രൂക്ഷവിമർശനം നടത്തി. ഹിന്ദു പത്രവുമായി മുഖ്യമന്ത്രി അഡ്ജസ്റ്റ്മെന്റ് നടത്തി. അഭിമുഖത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. അഭിമുഖം തെറ്റെങ്കിൽ എന്തുകൊണ്ട് ആദ്യം പറഞ്ഞില്ല. പത്രം ഇറങ്ങി 32 മണിക്കൂർ കഴിഞ്ഞാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. ഇന്നലെ കണ്ടത് മുഖ്യമന്ത്രിയുടെ നാടകമാണെന്നും അൻവർ പറഞ്ഞു. സ്വർണക്കടത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനും അൻവർ വെല്ലുവിളിച്ചു. തന്നെയും ഉൾപ്പെടുത്തി അന്വേഷിക്കട്ടെയെന്നും ആവശ്യപ്പെട്ടു.

അതേസമയം, മുഖ്യമന്ത്രിക്ക് അഭിമുഖത്തിന് പിആർ ഏജൻസിയുടെ ആവശ്യമില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്. മാധ്യമങ്ങളാണ് മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് താൽപര്യപ്പെടുന്നത്. മുഖ്യമന്ത്രിക്ക് ജനങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഇടനിലക്കാരന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post