(www.kl14onlinenews.com)
(03-October -2024)
'ഹഹഹ അല്ല' മറുപടി വേണം, നുണകളെല്ലാം ഒപ്പമുള്ളവരോട് പറഞ്ഞാൽ മതി '; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് വിഡി സതീശൻ
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനത്തിലെ പ്രതികരണങ്ങളില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തൃശൂര്‍ പൂരം കലക്കിയതാണെന്ന് ആദ്യം പറഞ്ഞത് പ്രതിപക്ഷമാണെന്നും അത് മുഖ്യമന്ത്രി ഇപ്പോള്‍ സമ്മതിച്ചുവെന്നും സതീശന്‍ പറഞ്ഞു. എഡിജിപി എം ആര്‍ അജിത്കുമാറിനെ കൊണ്ടാണിത് ചെയ്യിപ്പിച്ചതെന്ന് സതീശന്‍ പറഞ്ഞു. ജുഡീഷണല്‍ അന്വേഷണം നടത്തണമെന്നും പൊലീസ് അന്വേഷണം സ്വീകാര്യമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പൂരം കലക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
രാവിലെ മഠത്തില്‍ വരവ് മുതല്‍ പൂരം കലക്കി. എന്തൊരു കരുതലാണ് എഡിജിപിയോട് മുഖ്യമന്ത്രിക്ക്. എഡിജിപിയെ മാറ്റാതെ അന്വേഷണം നടത്തുന്നത് എന്തൊരു പ്രഹസനമാണ്. എഡിജിപിയുടെ പ്രധാന ജോലി ആര്‍എസ്എസുമായുള്ള കോഡിനേഷനാണ്. അതുകൊണ്ടാണ് സംരക്ഷിക്കുന്നത്. തൃശൂര്‍പൂരവുമായി ബന്ധപ്പെട്ട വിവരാവകാശരേഖ നല്‍കിയതിന് അത് ചെയ്തിരുന്ന ഒരു ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണത്തെ ബാധിക്കും എന്ന് പറഞ്ഞായിരുന്നു നടപടി. എഡിജിപി വിഷയത്തില്‍ അതൊന്നും ബാധകമല്ല. തിരഞ്ഞെടുപ്പിനു ശേഷം സംഘപരിവാര്‍ അജണ്ട മുഖ്യമന്ത്രി വീണ്ടും നടപ്പാക്കുകയാണ്. എല്ലാ അന്വേഷണവും പ്രഹസനമാണ്', വി ഡി സതീശന്‍ പറഞ്ഞു
മുഖ്യമന്ത്രിയുടെ അഭിമുഖം നടക്കുന്ന സമയത്ത് അനുവാദമില്ലാതെ ആരെങ്കിലും കയറിവരുമോയെന്നും പൊലീസിന് പോലും പരിചയമില്ലാത്തയാള്‍ കയറി വന്നെന്ന് പറയുമ്പോള്‍ ആര് വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആരും വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പറയാത്ത കാര്യം എഴുതി കൊടുത്ത കെയ്സണെതിരെയും റിപ്പോര്‍ട്ട് ചെയ്ത ഹിന്ദു പത്രത്തിനെതിരെയും കേസെടുക്കാന്‍ ധൈര്യമുണ്ടോയെന്നും വി ഡി സതീശന്‍ ചോദിച്ചു.
മുഖ്യമന്ത്രി ബീബല്‍സിനെ പോലെ നുണ പറയുന്നു. പത്രസമ്മേളനത്തിനിടയില്‍ വെറുതെ ചിരിച്ചിട്ട് കാര്യമില്ല. ചോദ്യങ്ങള്‍ക്ക് മറുപടി വേണം. സെപ്റ്റംബര്‍ 13ന് മറ്റൊരു പി ആര്‍ ഏജന്‍സി സ്വര്‍ണ്ണ കള്ള കടത്തുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ മുഴുവന്‍ മാധ്യമങ്ങള്‍ക്കും ഒരു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അഞ്ച് വര്‍ഷമായി മലപ്പുറം ജില്ലയില്‍ സ്വര്‍ണക്കടത്തും ഹവാല പണമിടപാടും നടക്കുന്നുവെന്നാണ് അതിലുള്ളത്. ഇത് ദേശവിരുദ്ധത്തിന് ഉപയോഗിക്കുന്നുവെന്നും പറയുന്നു. 21ന് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മലപ്പുറമെന്ന് പറയാതെ മൂന്ന് കൊല്ലമെന്ന് പറയുന്നു. ഹിന്ദുവിലും അതേ കണക്ക് വരുന്നു. ഈ മൂന്ന് നരേറ്റീവും ഒരു സ്ഥലത്ത് തയ്യാറാക്കിയതാണ്. സംഘപരിവാര്‍ അജണ്ട കേരളത്തില്‍ നടപ്പാക്കാന്‍ വേണ്ടി നടത്തിയ തിരക്കഥയാണിത്,' അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണ കള്ളക്കടത്തിന് മുഖ്യ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും സ്വര്‍ണം പൊട്ടിക്കല്‍ നടത്തുന്നവരില്‍ പ്രധാനികള്‍ സിപിഐഎം പ്രവര്‍ത്തകരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളികളെ വിഡ്ഢികള്‍ ആക്കാന്‍ ശ്രമിക്കരുതെന്നും ഹിന്ദുവിന്റെ വിശദീകരണം ദേശാഭിമാനി മാത്രം നല്‍കുന്നുവെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് എന്തെങ്കിലും പറ്റിയാല്‍ മറുപടി പറയാന്‍ ഒരു പൊതുമരാമത്ത് മന്ത്രിയെ ഉള്ളുവെന്നും സതീശന്‍ പരിഹസിച്ചു. മൂന്ന് പതിറ്റാണ്ട് കാലം ജമാഅത്തെ ഇസ്ലാമിയും സിപിഐഎമ്മും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന് ബാധിച്ച ജീര്‍ണ്ണത ഈ മുന്നണിയിയുടെ നാശത്തിലേക്കുള്ള വഴിയാണെന്നും അന്‍വറിന്റെ പാര്‍ട്ടി, ഇടതുമുന്നണി ശിഥിലീകരണത്തിന്റെ തുടക്കം കുറിച്ചെന്നും സതീശന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ലാവലിന്‍ കേസോ കരുവന്നൂര്‍ കേസോ കേള്‍ക്കുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
Post a Comment