(www.kl14onlinenews.com)
(03-October -2024)
തിരുവനന്തപുരം: തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ഇത്തവണ തുടക്കം മുതൽ പ്രശ്‌നങ്ങളുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്‌സിബിഷൻ, ആനകൾ എന്നിവയുമായെല്ലാം ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
"തൃശൂർ പൂരം കേരളത്തിന്റെ സാംസ്‌കാരിക ഉത്സവമാണ്. ഇത്തവണ പൂരവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ഉണ്ടായി. പ്രശ്‌നങ്ങൾ രൂക്ഷമായത് അവസാനഘട്ടത്തിലാണ്. കുറ്റമറ്റ രീതിയിൽ പൂരം നടത്താനാണ് സർക്കാർ ശ്രമിച്ചത്. പൂരത്തിനിടയിലുണ്ടായ അനിഷ്ട സംഭവങ്ങൾ കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കുന്ന തരത്തിലായിരുന്നു"- മുഖ്യമന്ത്രി പറഞ്ഞു.
പിആർ വിവാദങ്ങൾ വന്നതിനെ ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. പിആർ വിവാദം ഏറെ വിവാദമായ സാഹചര്യത്തിൽ ഇത് സംബന്ധിച്ചുള്ള വിശദീകരണം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.നേരത്തെ ഹിന്ദു പത്രത്തിൽ പിആർ ഏജൻസികളുടെ സഹായത്തോടെ അഭിമുഖം നൽകിയെന്നാരോപണം തള്ളി മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. എന്നാൽ, അഭിമുഖത്തിന് തങ്ങളെ സമീപിച്ചത് പിആർ ഏജൻസിയാണെന്ന് ഹിന്ദു ദിനപത്രം വ്യക്തമാക്കിയതോടെ മുഖ്യമന്ത്രിയും സിപിഎമ്മും സമ്മർദ്ദത്തിലാവുകയായിരുന്നു.
എഡിജിപി എംആർ അജിത് കുമാറിനെതിരെ ഡിജിപി നടത്തിയ അന്വേഷണ റിപ്പോർട്ട് ഇന്നാണ് സമർപ്പിക്കുന്നത്. ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വെളിപ്പെടുത്തുമോയെന്നും ആകാംക്ഷ നിലനിൽക്കുന്നുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടാൽ അജിത് കുമാറിനെ പദവിയിൽനിന്ന് മാറ്റാം എന്നാണ് മുഖ്യമന്ത്രിയെടുത്ത നിലപാട്. അതേ നിലാപാട് തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മാധ്യമങ്ങളോട് പറഞ്ഞത്.
പിവി അൻവർ ഉയർത്തുന്ന ചോദ്യങ്ങളിൽ മുഖ്യമന്ത്രി പ്രതികരിക്കുമോയെന്നതും നിർണായകമാണ്. നേരത്തെ നിലമ്പൂരിലും പിന്നീട് കോഴിക്കോടും പിവി അൻവർ എംഎൽഎ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെയും രൂക്ഷ വിമർശനമാണ് അഴിച്ചുവിട്ടത്.
Post a Comment