ഇനി 10 ദിവസം വയനാട്ടിൽ; രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി ഇന്നെത്തും:പത്രികാ സമർപ്പണം നാളെ

(www.kl14onlinenews.com)
(22-October -2024)

ഇനി 10 ദിവസം വയനാട്ടിൽ; രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി ഇന്നെത്തും:പത്രികാ സമർപ്പണം നാളെ

കൽപറ്റ: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. രാഹുൽ ഗാന്ധിക്ക് ഒപ്പമാണ് പ്രിയങ്ക എത്തുക. മൈസൂരിൽനിന്നും റോഡ് മാർഗമാണ് ഇരുവരും സുൽത്താൻ ബത്തേരിയിൽ എത്തുക. നാളെയാണ് പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിക്കുക. നാളെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപഴ്സൺ സോണിയ ഗാന്ധി എന്നിവരും വയനാട്ടിൽ എത്തും. വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ, സംസ്ഥാന നേതാക്കളും നാളെ എത്തുന്നുണ്ട്.

റോഡ് ഷോയ്ക്ക് ശേഷമാണ് പ്രിയങ്ക പത്രിക സമർപ്പിക്കുക. രാവിലെ 11 ന് കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ നേതാക്കൾ എല്ലാം അണിനിരക്കും. വരണാധികാരിയായ ജില്ലാ കലക്ടർക്കു മുൻപാകെ 12 മണിയോടെ നാമനിർദേശ പത്രിക സമർപ്പിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 10 ദിവസം പ്രിയങ്ക വയനാട്ടിൽ ഉണ്ടാകും.

കന്നി മത്സരത്തിനിറങ്ങുന്ന പ്രിയങ്കയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാനായാണ് കോൺഗ്രസിന്റെ പ്രവർത്തനം. എഐസിസി ഭാരവാഹികളുടെ നേരിട്ടുളള നിരീക്ഷണത്തിലാണ് വയനാട് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുക. കെപിസിസി ഭാരവാഹികള്‍ക്കും സമീപ ജില്ലകളിലെ ഡിസിസി പ്രസിഡന്‍റുമാര്‍ക്കും പഞ്ചായത്ത് തലത്തിൽ ചുമതലകൾ വീതിച്ചു നൽകിയിട്ടുണ്ട്. പാർട്ടിയുടെ അഞ്ച് എംഎൽഎമാർക്കും വയനാടിന്റെ ചുമതല കോൺഗ്രസ് വീതിച്ചു നൽകിയിട്ടുണ്ട്.

അതേസമയം, ചേലക്കരയിലും പാലക്കാടിലും തിരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കള്‍ അനാവശ്യമായി വയനാടിന് പോകരുതെന്ന നിർദേശവും കെപിസിസി നൽകിയിട്ടുണ്ട്. ചേലക്കരയിലെ തിരഞ്ഞെടുപ്പ് നിരീക്ഷകരായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കൊടിക്കുന്നില്‍ സുരേഷിനെയുമാണ് നിയോഗിച്ചിരിക്കുന്നത്. ബെന്നി ബഹനാനും കെ.സി.ജോസഫുമാണ് പാലക്കാട്ടെ നിരീക്ഷകര്‍

Post a Comment

Previous Post Next Post